ശിവാജിത്തിനെ നായകനാക്കി അഭിനവ് ശിവൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രം എത്തുന്നു; ചിത്രമൊരുങ്ങുന്നത് 6 ഭാഷകളിൽ
text_fieldsചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ
എ.ആർ.എം, പെരുങ്കളിയാട്ടം എന്നീ ശ്രദ്ധേയമായ ചിത്രങ്ങളുടെ സംവിധാന സഹായിയായിരുന്ന അഭിനവ് ശിവൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ബിഗ് ബജറ്റ് ചിത്രം അണിയറയിൽ. ഒരു പാൻ-ഇന്ത്യൻ ആക്ഷൻ വിരുന്നായിരിക്കും ഈ ചിത്രം എന്നാണ് സൂചന. റോയൽ സിനിമാസിന്‍റെ ബാനറിൽ സി.എച്ച് മുഹമ്മദാണ് സിനിമയുടെ നിർമാണം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിലാണ് ചിത്രമെത്തുന്നത്.
നടൻ ശിവാജിത്താണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും വലിയ വേഷമായിരിക്കും ഈ ചിത്രത്തിലേത് എന്നാണ് റിപ്പോർട്ടുകള്‍. അഭിനവ് ശിവൻ ഒരുക്കുന്ന ഈ ചിത്രം ആക്ഷനും വൈകാരികതയ്ക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒന്നായിരിക്കുമെന്നാണ് സൂചന.
ലോകസിനിമയിലെ തന്നെ ഇതിഹാസങ്ങളായ ദി ലോർഡ് ഓഫ് ദി റിംഗ്സ്, പൈറേറ്റ്സ് ഓഫ് ദി കരീബിയൻ, ദി മാട്രിക്സ് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ ആൻഡ്രൂ സ്റ്റെഹ്‌ലിൻ ആണ് ഈ ചിത്രത്തിന്‍റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. അതിശയിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും കഥാമുഹൂർത്തങ്ങളും നിറഞ്ഞതാണ് ചിത്രമെന്നാണ് സൂചന.
ഹോളിവുഡ് ആക്ഷനൊപ്പം കേരളത്തിന്‍റെ തനത് ആയോധനകലയായ കളരിപ്പയറ്റും ചിത്രത്തിന്‍റെ പ്രധാന ആകർഷണമാണ്. വീരം, എ.ആർ.എം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ പി.വി. ശിവകുമാർ ഗുരുക്കളാണ് ചിത്രത്തിന്‍റെ മാർഷൽ ആർട്സ് കോർഡിനേറ്റർ. ഇന്ത്യയിലെയും വിദേശത്തെയും പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്ന ഈ ചിത്രം, ഒരു സിനിമ എന്നതിലുപരി ഒരു ആഗോള ആക്ഷൻ ഇവന്‍റ് തന്നെയായി മാറാനാണ് ലക്ഷ്യമിടുന്നത്. ചിത്രത്തിന്‍റെ പേരും മറ്റ് വിവരങ്ങളും ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
രചയിതാക്കള്‍ ലുക്മാൻ ഊത്താല, മജീദ് യോർദാൻ, ഡി.ഒ.പി. രൂപേഷ് ഷാജി, എഡിറ്റർ സൈജു ശ്രീധരൻ, സംഗീതം നെസർ അഹമ്മദ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, ആക്ഷൻ കോറിയോഗ്രാഫർ പി.വി. ശിവകുമാർ ഗുരുക്കള്‍, സൗണ്ട് ഡിസൈനേഴ്സ് പി.എം. സതീഷ്, മനോജ് എം. ഗോസ്വാമി, ആക്ഷൻ ഡയറക്ടർ ആൻഡ്രൂ സ്ഥെലിൻ, പ്രൊഡക്ഷൻ ഡിസൈനർ രഞ്ജിത്ത് കോത്താരി, കോസ്റ്റ്യൂം ഡോണ മരിയൻ ജോസഫ്, കാസ്റ്റിങ് ഡയറക്ടർ ഭരത് ഗോപിനാഥൻ, പബ്ലിസിറ്റി ഡിസൈൻസ് ഡ്രിപ് വേവ് കളക്ടീവ്, പി.ആർ.ഒ ആതിര ദിൽജിത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

