Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightസിസ്സാക്കോയോടൊപ്പം ഒരു...

സിസ്സാക്കോയോടൊപ്പം ഒരു സായാഹ്നം

text_fields
bookmark_border
സിസ്സാക്കോയോടൊപ്പം ഒരു സായാഹ്നം
cancel

ശരാശരി ഒരു സിനിമ കാണാനെടുക്കുന്ന അത്രയും സമയം ആഗോള പ്രശസ്തനായ ഒരു ചലച്ചിത്രകാരനൊപ്പം യാതൊരൗപചാരികതയുമില്ലാതെ, സ്നേഹസംഭാഷണത്തിലേർപ്പെടാനും സൗഹൃദം പങ്കുവെക്കാനും ഒന്നിച്ച് കോഫി കഴിക്കാനും പരസ്പരം കെട്ടിപ്പിടിക്കാനും സാധിക്കുക എന്നത് ചെറിയ കാര്യമല്ല. അബ്ദറഹ്‌മാൻ സിസ്സാക്കോ എന്ന മാലിയൻ-മൗറിത്താനിയൻ സിനിമാ സാക്ഷാത്കാരകനൊപ്പം ചെലവഴിച്ച സമയം ജീവിതത്തിൽ വളരെയേറെ വിലപ്പെട്ട ഒന്നായി മാറി. പ്രിയസുഹൃത്ത് മധു ജനാർദ്ദനന്‍റെ പരിശ്രമത്താൽ ഐ.എഫ്.എഫ്.കെ സംഘാടകർ തന്നെ ഏർപ്പാട് ചെയ്തുതന്ന കൂടിക്കാഴ്ചയായിരുന്നു, കുറവങ്കോണത്തെ ഒരു ഫ്രഞ്ച് കഫേയിൽ നടന്നത്. അദ്ദേഹത്തെപ്പറ്റി ഞാനെഴുതിയ പുസ്തകത്തിന് അവതാരിക എഴുതിയ ജി.പി രാമചന്ദ്രൻ, സുഹൃത്ത് അനസ് യാസീൻ എന്നിവരുമുണ്ടായിരുന്നു കൂടെ.

ഇതിന് നിമിത്തമായത് എന്‍റെ പുസ്തകമായതിനാൽ അതിലേക്ക് ഞാൻ വന്നതെങ്ങനെ എന്ന് ആദ്യം പറയാം. ഇന്ന് ജീവിച്ചിരിക്കുന്ന അതികായരിൽ, വെർനർ ഹെർസോഗിനെയും കെൻ ലോച്ചിനെയും പോലുള്ള 'രാവണന്മാ'രെ തത്കാലം മാറ്റിനിർത്തിക്കൊണ്ട് ചിന്തിക്കാം. ഇപ്പോൾ Bucking Fastard (ഫക്കിങ് ബാസ്റ്റാഡ് എന്നല്ല) എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലുള്ള എൺപത്തിമൂന്നുകാരനായ ഹെർസോഗ് 1968 മുതൽ സിനിമയെടുക്കുന്നുണ്ട്. കെൻ ലോച് 1967 മുതലും. തന്‍റെ എൺപതാം വയസ്സിൽ, വിരമിക്കൽ പ്രഖ്യാപനം നടത്തിയ ലോച്, അതേവർഷം തന്നെ (2016) I, Daniel Blake എന്ന ഗംഭീര സിനിമയുമായി രംഗത്തു വന്നു. അതിന് ശേഷം Sorry We Missed You, The Old Oak എന്നീ ഘനഗംഭീരൻ പടങ്ങളും. 2023ലെ ഓൾഡ് ഓക്കിന് ശേഷം വീണ്ടും വിരമിക്കൽ പ്രഖ്യാപനം നടത്തിയെങ്കിലും ഇപ്പോൾ തൊണ്ണൂറിൽ എത്തി നിൽക്കുന്ന അദ്ദേഹം ഇനിയും കാമറ കൈയിലെടുക്കണമെന്ന് ആഗ്രഹിക്കാത്ത ചലച്ചിത്രപ്രേമികൾ ഉണ്ടാവാനിടയില്ല.

ഈ ആചാര്യരെ മാറ്റിനിർത്തിയാൽ ഒരു സിനിമാസ്വാദകൻ എന്ന നിലക്ക് പല കാരണങ്ങളാലും ഞാൻ വല്ലാതെ ഇഷ്ടപ്പെടുന്ന ചിലരുണ്ട്. തുർക്കിയിലെ നൂരി ബിൽഗെ ജീലാന്‍റെ സിനിമകൾ ദാർശനികമായ ആഴം കൊണ്ട് സമ്പന്നമാണ്. പൊതുവെ സംഭാഷണങ്ങൾ കൂടുതലുള്ള സിനിമകൾ ഇഷ്ടമല്ലാത്ത ഞാൻ, പക്ഷേ പ്രഭാഷണസമാനമായ ഡയലോഗുകളുള്ള ജീലാൻ സിനിമകളുടെ ആരാധകനാണ്. തുർക്കിയിലെ തന്നെ സെമി കപ്ലനൗഗ്‌ലു, താർകോവ്സ്കിയെ അനുസ്മരിപ്പിക്കും വിധം സ്പിരിച്വൽ റിയലിസത്തിന്‍റെ ചലച്ചിത്രകാരനാണ്. ഇസ്‌ലാമിക് റിയലിസം എന്ന് വിളിക്കാവുന്ന വിധത്തിൽ അദ്ദേഹത്തിന്‍റെ സിനിമകൾ ആത്മീയതയുടെ സുഫീ പാതകളെ അനുധാവനം ചെയ്യുന്നുണ്ട്.

ഫിലിപ്പീനോ ഫിലിം മെയ്കർ ലാവ് ഡിയാസാണ് മറ്റൊരാൾ. പൊതുവെ ഗാഢതയും നിഗൂഢതയും അനുഭവപ്പെടുത്തുന്ന, മോണോക്രോം ഫ്രെയിമുകൾ അവതരിപ്പിക്കാറുള്ള അദ്ദേഹം ഹ്രസ്വചിത്രങ്ങൾ ഉൾപ്പെടെ മുപ്പതോളം സിനിമകൾ സാക്ഷാത്കരിച്ചതിൽ മൂന്നേ മൂന്നെണ്ണം (Batang West Side, Norte -the End of History, Magellan) മാത്രമാണ് കളർ സിനിമകൾ. സ്‌ലോ സിനിമയുടെ ഉപാസകനായ അദ്ദേഹത്തിന്‍റെ ഓരോ ഷോട്ടിനും മിനിറ്റുകളുടെ ദൈർഘ്യമുണ്ടാകും. സിനിമയുടെ മൊത്തം ദൈർഘ്യവും കൂടുതലാണ്. പതിനൊന്ന് മണിക്കൂറോളം ദൈർഘ്യമുണ്ട് Evolution of a Filipino Family എന്ന സിനിമക്ക്. Death in the Land of Encantos, Heremias (Book One: Legend of the Lizard Princess), A Lullaby to the Sorrowful Mystery എന്നിവ എട്ടിനും ഒമ്പതിനും ഇടയിൽ മണിക്കൂറുകൾ.

അതേസമയം ഫിലിപ്പീൻസിന്‍റെ ചരിത്രകാരനാണ് ലാവ് ഡിയാസ് എന്നും പറയാം. അദ്ദേഹത്തിന്‍റെ പോസ്റ്റ്-ട്രോമാറ്റിക് സിനിമകളിലെ ട്രോമ, ഫെർഡിനാൻഡ് മാർക്കോസിന്‍റെ ഭരണകാലമാണ്. സാംസ്കാരിക പ്രവർത്തകൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന അദ്ദേഹം സംസ്കാരത്തെ ആഴത്തിൽ വിശകലനം ചെയ്തുകൊണ്ട് രാഷ്ട്രീയ പ്രതിരോധം തീർക്കുന്നു. മുഖ്യധാരാ സിനിമയെ അദ്ദേഹം ശത്രു സ്ഥാനത്ത് നിർത്തുന്നു. ആഗോളവത്കരണത്തെ, അതുണ്ടാക്കുന്ന സാംസ്കാരികമായ അട്ടിമറികളെ മുൻനിർത്തി പ്രതിരോധിക്കാൻ ശ്രമിക്കുന്നു.

സ്‌ലോ സിനിമയുടെ വക്താക്കൾ തന്നെയാണ് പോർചുഗലിലെ പെദ്രോ കോസ്തയും തായ്‌ലൻഡിലെ അപിചാറ്റ്പോങ് വീരാസെതാകൂലും. കൊളോണിയൽ പാരമ്പര്യങ്ങളോട് കലഹിക്കുന്ന പെദ്രോ കോസ്ത, ലിസ്ബൻ നഗരത്തിന്‍റെ ഔട്സ്കേട്സിലെ ദരിദ്ര ജീവിതങ്ങളെ ചിത്രീകരിക്കുന്നു. ചൂഷിതരുടെ ജീവിതമാണ് അദ്ദേഹത്തിന് ചരിത്രം, അതാണ് അദ്ദേഹത്തിന്‍റെ സിനിമയും. എത്‌നോഗ്രഫിക് സിനിമയാണ് അപിചാറ്റ്പോങ്ങിന്‍റേത്. നോൺ-റെപ്രസന്‍റേഷനെ റെപ്രസന്‍റ് ചെയ്യുന്ന ചലച്ചിത്രകാരൻ. യാഥാർഥ്യത്തെ നേരിട്ട് ചിത്രീകരിക്കുകയോ പുനഃസൃഷ്ടിക്കുകയോ ചെയ്യുന്നതാണ് പരമ്പരാഗതമായ റെപ്രസന്റേഷൻ രീതി. ഇത് അധികാര ഘടനകളെയും സ്റ്റീരിയോടൈപിങ്ങിനെയും ശക്തിപ്പെടുത്തുകയും കൊളോണിയൽ ഗെയ്സിനെ ഉറപ്പിക്കുകയും ചെയ്യുന്നുവെന്ന് വാദിക്കുന്ന നോൺ-റെപ്രസൻ്റേഷനൽ ആർട്ടിസ്റ്റുകൾ നേരിട്ടുള്ള പ്രതിനിധാനത്തിന് പകരം സ്പെക്യുലേറ്റീവ്, മൾടിപെഴ്സ്പെക്ടീവ് രീതികളാണ് ഉപയോഗിക്കാറ്. വിവരണാത്മകമായോ (ഡിസ്ക്രിപ്റ്റീവ്) ആധികാരികമായോ (അതോറിറ്റേറ്റീവ്) അല്ലാതെ, ഇവന്‍റീവ് രീതികളുപയോഗിച്ച് പുതിയ സാധ്യതകൾ സൃഷ്ടിക്കുന്ന മെതേഡാണ് അപിചാറ്റ്പോങ്ങിന്‍റെ നോൺ-റെപ്രസന്‍റേഷനൽ രീതി.

ജോർജിയയുടെ ചരിത്രവും വർത്തമാനവുമാണ് ഗ്യോർഗി ഒവാഷ്‌വിലി എന്ന ജോർജിയൻ ചലച്ചിത്രകാരന്‍റെ പ്രധാന റോ മെറ്റീരിയൽ. ജോർജിയൻ-അബ്ഖാസിയൻ സംഘർഷങ്ങളെയും അദ്ദേഹം അടയാളപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കൻ സിനിമയിൽ ബുർകിനാബേ ധാരയുടെ സ്ഥാപകൻ തന്നെയായ ഇദ്‌രീസാ ഔദ്രോആഗോ ആണ് മറ്റൊരാൾ. ബുർകിന ഫാസോയുടെ ജീവിതത്തെയും സംസ്കാരത്തെയും അടയാളപ്പെടുത്തിയ അദ്ദേഹം 2018ലാണ് മരണപ്പെട്ടത് എന്നതിനാലാണ് 'ഇന്ന് ജീവിച്ചിരിക്കുന്ന' എന്ന് തുടങ്ങുന്ന ഈ കുറിപ്പിൽ അദ്ദേഹത്തെയും ഉൾപ്പെടുത്തിയത്. അടിസ്ഥാനപരമായി മനുഷ്യന്‍റെ അന്തസ്സിലും കർതൃത്വത്തിലും വിശ്വസിക്കുന്ന ഔദ്രോആഗോ, വ്യക്തിയെയോ സമൂഹത്തെയോ പിൻവലിയാൻ നിർബ്ബന്ധിതരാക്കുന്ന സമ്പ്രദായങ്ങളെയും മാമൂലുകളെയും വെല്ലുവിളിക്കുന്നു. പുരുഷമേധാവിത്തം, വൃദ്ധാധിപത്യം (ജെറന്‍റോഓക്രസി) തുടങ്ങിയ പ്രവണതകളെ നിരാകരിക്കുന്ന, വിസമ്മതത്തിന്‍റെയും നിയമലംഘനത്തിന്‍റെയും ധിക്കാരത്തിന്‍റെയും സിനിമകളാണ് അദ്ദേഹത്തിന്‍റേത്.

ഈ ലിസ്റ്റ് ഇനിയും നീട്ടാം. ക്ലേയ'ർ' ദെനി'സ്', ല്യുക്രേസിയ മാർട്ടൽ തുടങ്ങിയവർ സ്ത്രീ-പുരുഷ ബന്ധത്തിന്‍റെയും ജെൻഡർ റോളുകളുടെയും പവിത്രതാബോധത്തെ അട്ടിമറിക്കുന്നു. സെനഗലിലെ മാതി ദ്യോപ് ആകട്ടെ, ജെൻഡർ പ്രശ്നങ്ങൾക്കൊപ്പം കുടിയേറ്റം, ആഫ്രിക്കൻ ഡയസ്പോറ തുടങ്ങിയവയെയും പ്രമേയമാക്കുന്നു.

ഇപ്പറഞ്ഞവരുടെ സിനിമകളെപ്പറ്റി, പശ്ചാത്തലവും ചരിത്രവും രാഷ്ട്രീയവും ഒക്കെ ചേർത്തുകൊണ്ട് പഠനങ്ങളെഴുതണം എന്നെനിക്കാഗ്രഹമുണ്ട്. അതിന്‍റെ തുടക്കമായാണ് ഞാൻ അബ്ദറഹ്‌മാൻ സിസ്സാക്കോയുടെ സിനിമകളെ അപഗ്രഥിക്കുന്ന, 'സൊകോളോ മുതൽ തിംബുക്തു വരെ -ഒരു സഹാറൻ യാത്ര' എന്ന പുസ്തകമെഴുതിയത്. പുസ്തകത്തിന് അങ്ങനെയൊരു ശീർഷകം നൽകാനുള്ള പ്രധാന കാരണം അദ്ദേഹം ദേശങ്ങളെ സാംസ്കാരിക പ്രതിരോധത്തിന്‍റെ അടയാളങ്ങളാക്കുന്നു എന്നതാണ്. Rostov-Luanda എന്ന, എഴുപത്താറ് മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്‍ററി മുതൽക്ക്, പാശ്ചാത്യ-ആഫ്രിക്കൻ സംസ്കാരങ്ങൾ തമ്മിലുള്ള ദൂരം അദ്ദേഹത്തിന്‍റെ മുഖ്യ പ്രമേയമായിരുന്നു.

ആദ്യ ഫീച്ചറായ Life on Earth മിലെനിയത്തിന്‍റെ അവസാനത്തെ കാലമായെടുത്തുകൊണ്ട് മാലിയൻ ഗ്രാമമായ സൊകോളോയിലെ ജീവിതം അവതരിപ്പിക്കുന്നു. കഴുതക്കൂട്ടങ്ങളും സൈക്കിളും റേഡിയോയും ടെലിഫോണും വരെ സ്വാഭാവികവും ശക്തവുമായ രൂപകങ്ങളായി മാറുന്ന ആ സിനിമയിൽ 'കറുപ്പിന്‍റെ സൗന്ദര്യശാസ്ത്രം' എന്ന ആശയത്തിന്‍റെ ആചാര്യരിലൊരാളായ മാർട്ടിനിക്വൻ കവി എമെ സെസയറുടെ കവിതകളെയും പ്രഭാഷണങ്ങളെയും പശ്ചാത്തലമാക്കുന്നുണ്ട്. Waiting for Happiness എന്ന രണ്ടാമത്തെ സിനിമയിലാകട്ടെ സ്ഥലം ഒരു പുർഗറ്റോറിയം (പുർഗറ്ററി) പോലെയാണ് പ്രവർത്തിക്കുന്നത്. സ്വർഗത്തിനും നരകത്തിനുമിടയിലെ ശുദ്ധീകരണ സ്ഥലം. പിന്നെ, ആഗോളവത്കരണത്തിന്‍റെ ദുരിതങ്ങളെ വിചാരണ ചെയ്യാൻ സിസ്സാക്കോ തെരഞ്ഞെടുത്ത സ്ഥലം മാലിയുടെ തലസ്ഥാനമായ ബമാക്കോ ആണ്. ജനിച്ചത് മൗറിത്താനിയയിലെങ്കിലും സിസ്സാക്കോ വളർന്നത് ബമാക്കോയിലാണ്. അതേത്തുടർന്ന് തനി മനുഷ്യരുടെ തനത് ജീവിതത്തെ തകർക്കുന്ന ഏലിയൻ ശക്തിയായി അവതരിക്കുന്നത് സായുധ റാഡിക്കൽ ജിഹാദിസ്റ്റ് സംഘടനയാണ്. പ്രഥമമായും അവർ തകർക്കുന്നത് മുസ്‌ലിം മാനവിക പാരമ്പര്യത്തെത്തന്നെയാണ് എന്ന ആശയമാണ് ഇസ്‌ലാമിക സംസ്കാരത്തിന്‍റെ കേന്ദ്രങ്ങളിലൊന്നായ തിംബുക്തുവിനെ സ്ഥലമായി തെരഞ്ഞെടുത്തതിലൂടെ അദ്ദേഹം പ്രകാശിപ്പിക്കുന്നത്.

പൊതുവെ മൂന്നാം സിനിമ ഡൈഡാക്ടിക് നെരേറ്റീവുകൾ ഉപയോഗിക്കാറില്ലെങ്കിലും സിസ്സാക്കോ സിനിമകൾ അതിനെ പൂർണമായും ഒഴിവാക്കുന്നു. പൊയറ്റിക് ഹ്യൂമനിസത്തിലാണ് സിസ്സാക്കോയുടെ ഊന്നൽ. ഓട്ടോബയൊഗ്രഫിക്കൽ ഘടകങ്ങളെ ഉപയോഗിച്ചുകൊണ്ടാണ് പലായനം, സ്വത്വബോധം, ആഗോളവത്കരണം തുടങ്ങിയ രാഷ്ട്രീയ പ്രശ്നങ്ങളെ അദ്ദേഹം അവതരിപ്പിക്കുന്നത്. അത് ആശയങ്ങൾക്ക് കൂടുതൽ കൃത്യത വരുത്തുന്നു.

ആഫ്രിക്കയെക്കുറിച്ച കൊളോണിയലിസ്റ്റ് സ്റ്റീരിയോടൈപ്പുകളെ തള്ളിക്കളയുക മാത്രമല്ല, ആഫ്രിക്കനിസ്റ്റ് നെരേറ്റീവിനെ ഒരു വിശാലമാനവിക ബോധത്തിന്‍റെ പ്രതലത്തിൽ അപഗ്രഥിക്കുകയും മാറ്റിപ്പണിയുകയും ചെയ്യുന്നുണ്ട് അദ്ദേഹം. കാവ്യാത്മകവും ഭാവാത്മകവും (poetic and lyrical) എന്നത് പോലെത്തന്നെ സ്വതന്ത്രവും ഫ്രാഗ്മെന്‍റഡും ആണ് അദ്ദേഹത്തിന്‍റെ ശൈലി. തിംബുക്തു, അതിന് ശേഷം വന്ന Black Tea എന്നിവ ഒഴിച്ചാൽ അദ്ദേഹത്തിന്‍റെ സിനിമകളിൽ കൂടുതലും ലോങ് ഷോട്ടുകളാണ്. അതാകട്ടെ സിനിമകൾക്ക് ധ്യാനാത്മകത പ്രദാനം ചെയ്യുന്നു.

"ശമീമിന്‍റെ പുസ്തകം സിനിമകൾക്കപ്പുറം സഞ്ചരിക്കുന്നുണ്ട്" ജി.പി പറഞ്ഞു. അത് ഫ്രാങ്കോഫോൺ, സബ്സഹാറൻ ആഫ്രിക്കയുടെ ചരിത്രത്തെയും സംസ്കാരത്തെയും പ്രതിരോധത്തെയും രേഖപ്പെടുത്തുന്നു." അദ്ദേഹത്തിന്‍റെ വിസ്മയ ഭാവത്തിനും ഒരു കുഞ്ഞിന്‍റെ നിഷ്കളങ്കതയുള്ളത് പോലെ തോന്നി. "എമെ സെമയറുടെ കവിതയെയും സാലിഫ് കെയ്‌തയുടെ സംഗീതത്തെയും വരെ ഞാനിതിൽ അപഗ്രഥിച്ചിട്ടുണ്ട്" ഞാൻ കൂട്ടിച്ചേർത്തു.

പുസ്തകത്തിന്‍റെ കവർ പെയ്ജിൽ (അത് മുഖ്താർ ഉദരംപൊയിൽ ഡിസൈൻ ചെയ്തതാണ്) അദ്ദേഹത്തോടൊപ്പം രണ്ട് കുട്ടികൾ നിൽക്കുന്ന ചിത്രമുണ്ട്. തിംബുക്തുവിൽ അഭിനയിച്ച ലൈലാ വാലത് മുഹമ്മദ്, മഹ്ദി ആഗ് മുഹമ്മദ് എന്നീ സഹോദരങ്ങളാണവർ. "ഇവരിപ്പോൾ വളർന്നു" അദ്ദേഹം പറഞ്ഞു. "യുനിവേഴ്സിറ്റി സ്റ്റുഡന്‍റ്സ് ആണ്." തിംബുക്തുവിന് ശേഷം പത്തു വർഷം കഴിഞ്ഞാണ് അദ്ദേഹം, ഈ വർഷം Black Tea എന്ന സിനിമയെടുക്കുന്നത്.

"എന്താണ് എന്‍റെ സിനിമകളോട് ഇത്രയേറെ പ്രിയം തോന്നാനുള്ള കാരണം?" അദ്ദേഹം എന്നോട് ചോദിച്ചു.

"ഞാൻ ഇതേ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യമായി താങ്കളുടെ സിനിമ കാണുന്നത്. കണ്ടെംപററി മാസ്റ്റേഴ്സ് വിഭാഗത്തിൽ അക്കൊല്ലം താങ്കളുടെ റെട്രോസ്പെക്ടീവ് ആയിരുന്നു. ബമാക്കോ ആണ് അതിൽ ഞാൻ കണ്ടത്. സത്യം പറഞ്ഞാൽ അതോടെ ഐ ഹാവ് ഫാളൻ ഫോർ യു. പിന്നെ മറ്റ് സിനിമകളും തേടിപ്പിടിച്ചു കണ്ടു. ഷോട് ഫിലിമുകളും ഡോക്യുമെന്‍ററികളും വരെ ലഭ്യതയനുസരിച്ച് കണ്ടു. Rostov-Luanda യെക്കുറിച്ചൊക്കെ ഞാൻ ഇതിൽ എഴുതിയിട്ടുണ്ട്."

"Rostov-Luanda കണ്ടിട്ടുണ്ടോ?" അദ്ദേഹത്തിന്‍റെ മുഖത്ത് അദ്ഭുതം.

"അധികമാരും കണ്ടിരിക്കാനിടയില്ല അത്" ആകർഷകമായ നിഷ്കളങ്കത അദ്ദേഹത്തിന്‍റെ സ്വരത്തിൽ എപ്പോഴുമുണ്ട്. "ഞാൻ വിചാരിക്കുന്നത്, യൂ ആർ ദ ഒൺലി പെഴ്സൻ ഇൻ ഇൻഡ്യ ഹു ഹാസ് സീൻ ഇറ്റ്."

സത്യമായിരിക്കും. എന്തെന്നാൽ, ലോകസിനിമയുടെ വിജ്ഞാനകോശമായ ജി.പി പോലും ആ സിനിമ കണ്ടിട്ടില്ല.

"ഉസ്മാൻ സെംബിന്‍റെയും ഇദ്‌രീസ ഔദ്രോആഗോയുടെയും ജിബ്‌രീൽ ദ്യോപ് മംബെറ്റിയുടെയും മറ്റും സിനിമകൾ കണ്ടതോടെ, ആഫ്രിക്കൻ സിനിമയോട് മാത്രമല്ല, മറിച്ച് സബ്സഹാറൻ ഗ്രാമങ്ങളോടും ജീവിതങ്ങളോടും തന്നെ എനിക്ക് ഭ്രമമുണ്ടായി എന്നതാണ് സത്യം." ഈ ഭ്രമം ഞാൻ എന്‍റെ പല സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്.

"അങ്ങനെയെങ്കിൽ മൗറിത്താനിയയിലേക്ക് വരൂ. അവിടെ എന്‍റെ അതിഥിയായി കുറച്ചു ദിവസം താമസിക്കാം." അദ്ദേഹം പെട്ടെന്ന് പ്രതികരിച്ചു. "നിങ്ങളെല്ലാവരും വരൂ." ഞങ്ങളുടെ സംസാരം അവസാനിക്കുന്നതിനിടയിൽ മൂന്ന് വട്ടമെങ്കിലും അദ്ദേഹം ക്ഷണം ആവർത്തിച്ചു.

അദ്ദേഹത്തിന്‍റെ സിനിമ പോലെത്തന്നെയാണ് സംസാരവും എന്ന് തോന്നി എനിക്ക്. എന്തെന്നാൽ, പൊയെറ്റിക് ഇമെയ്ജറിയും ഹ്യൂമറും ചേർത്തുകൊണ്ടാണ് അദ്ദേഹം ഇമെജുകളും സന്ദർഭങ്ങളും സൃഷ്ടിക്കുന്നത്. ഗഹനമായ രാഷ്ട്രീയ വിഷയങ്ങൾ ചിത്രീകരിക്കുമ്പോഴും അതിൽ ഹാസ്യം കലർത്തുന്നു. അങ്ങനെ ഒരു ഇതിഹാസകാരനായി (ഇതി- ഹാസ എന്നതിന്ന് ഇതാണ് ഹാസ്യം എന്നർത്ഥമുണ്ട്) മാറുന്നു, എല്ലാ നിലക്കും. തിംബുക്തുവിൽ ആക്ഷേപഹാസ്യത്തിന്‍റെ ഒട്ടേറെ സന്ദർഭങ്ങളുണ്ട്. സംഗീതം നിരോധിച്ച അൻസാറുദ്ദീനിലെ ഒരു ഭടൻ സംഗീതാലാപനം കേട്ട് അങ്ങോട്ടേക്കോടിവന്നപ്പോൾ അവർ പാടുന്ന പാട്ട് അല്ലാഹുവിന്‍റെ റസൂലിനെക്കുറിച്ചുള്ളതാണ് എന്ന് മനസ്സിലാക്കി കൺഫ്യൂഷനാകുന്നത്, സോക്കർ നിരോധിച്ച സേനയിലെ ഭടന്മാർ ഒഴിവുവേളകളിൽ മെസ്സിയെയും റൊണാൾഡോയെയും പ്രകീർത്തിച്ച് ഫാൻ ഫൈറ്റ് നടത്തുന്നത്, പുകവലി നിരോധിച്ച കമാൻഡർ തന്നെ ആരും കാണാതെ സിഗരറ്റ് വലിക്കുന്നത്... അങ്ങനെ കുറേ രംഗങ്ങൾ സറ്റൈറുകളുടെ മാതൃകയാവുന്നു.

രസകരമായ മറ്റൊരു സീൻ ഫുട്ബോൾ നിരോധത്തിനെതിരായി ചില യുവാക്കൾ നടത്തുന്ന പ്രതിരോധമാണ്. അവർ ബോൾ ഇല്ലാതെ ഫുട്ബോൾ കളിക്കുന്നു. തോക്കേന്തിയ 'ദീനീ' സംരക്ഷകർ നോക്കുമ്പോൾ, കളി നടക്കുന്നുണ്ട്. ഓടുന്നു, കിക് ചെയ്യുന്നു, ഉരുണ്ടു വീഴുന്നു, ഹെഡിങ്, ഡ്രൈവ്, സിസർ കട്ട്, വോളി, ബൈസിക്കിൾ കിക്ക്, പെനാൽറ്റി.... എന്നുവേണ്ട സകലതും. പക്ഷേ ബോൾ മാത്രമില്ല. ബോളില്ലാതെ അതെങ്ങനെ ഫുട്ബോൾ കളിയാകും, എങ്ങനെ നടപടിയെടുക്കും..!

അപ്പോഴാണ് സീനിലേക്ക് ഭാരം ചുമക്കുന്ന കുറേ കഴുതകൾ വരുന്നത്. കഴുതക്കൂട്ടത്തെയും 'ഇസ്‌ലാമിക' ഭടന്മാരെയും ഒറ്റ സീനിൽ നിർത്തുന്നത് ഒരുപക്ഷേ ഖുർആനിലെ ഒരു സൂക്തമാകാം. മൂല്യം ഗ്രഹിക്കാതെ വേദം കൊണ്ടുനടക്കുന്നവരെപ്പറ്റി ഖുർആൻ പറയുന്നത് "ഗ്രന്ഥം ചുമക്കുന്ന കഴുതകളെപ്പോലെ" എന്നാണല്ലോ. (അതെപ്പറ്റി സംസാരിക്കണമെന്ന് ഓർത്തിരുന്നതാണ് ഞാൻ. പക്ഷേ സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന സ്വഭാവം പണ്ടേയുള്ളതുകൊണ്ട് മറന്നു. പിന്നെ ഭാഷാ പ്രശ്നവും. ഇംഗ്ലീഷ് ധാരാളമായി വായിക്കുമെങ്കിലും സംസാരിക്കാൻ ഭയങ്കര പേടിയാണ്. എന്നാലും പലതും 'അദ്ഭുതകരമായി' പറഞ്ഞൊപ്പിച്ചു. കുറേയൊക്കെ ജി.പി സഹായിച്ചു). പൊതുവെ പെഴ്സനൽ അനുഭവങ്ങളെ അന്യാപദേശപരമാക്കി മാറ്റുന്ന മാന്ത്രികവും കാണാം സിസ്സാക്കോ സിനിമകളിൽ. ലൈഫ് ഓൺ എർത്തിലെ മുഖ്യകഥാപാത്രമായ ദ്രമാൻ സിസ്സാക്കോ, അബ്ദറഹ്‌മാൻ സിസ്സാക്കോ തന്നെയാണല്ലോ. ആ വേഷം ചെയ്തതും അദ്ദേഹം തന്നെ.

അതായത്, എല്ലാ അനുഭവങ്ങളെയും അദ്ദേഹം രാഷ്ട്രീയമാക്കി മാറ്റുന്നു. ആ രാഷ്ട്രീയത്തെ പൊയറ്റിക് ആയും ഹ്യൂമറസ് ആയും പുനർനിർമിക്കുകയും ചെയ്യുന്നു. പരസ്പരം പുണർന്നും ഒരുമിച്ച് ഫോട്ടോയെടുത്തും പിരിയുന്നത് വരെ സിനിമയെക്കാൾ വലിയ സിനിമയിലായിരുന്നു ഞാൻ. FrenchMaké Cafféയിലെ ബാരിസ്റ്റയുടെ കലാവിരുതിന്, അതായത് കപ്പൂച്ചിനോയുടെയും കഫേ മോച്ചയുടെയും മുകളിൽ മിൽക് ഫോമും കോഫി ക്രീമും കൊണ്ടുണ്ടാക്കുന്ന ലാറ്റെ ആർട്ടിന് സിസ്സാക്കോ സിനിമയിലെ ഏതോ ഒരു ഫ്രെയിമിൻ്റെ ആഴവും സൗന്ദര്യവുമുള്ളത് പോലെ തോന്നി. Black Tea സിനിമയിലെ ടീ ബ്രൂയിങ് രംഗങ്ങളെയും അതോർമിപ്പിച്ചു. തിരിച്ചുവരുമ്പോൾ ഞാനും ജിപിയും മധുവും അനസും മൗറിത്താനിയയിലേക്കുള്ള യാത്രയെപ്പറ്റി സംസാരിച്ചു കൊണ്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iffkfilm directorMovie News
News Summary - Abderrahmane Sissako
Next Story