ആവേശം 74 കോടി, വർഷങ്ങൾക്ക് ശേഷം... ഒമ്പത് ദിവസം കൊണ്ട് നേടിയത്
text_fieldsപ്രേക്ഷക സ്വീകാര്യത നേടി ഫഹദ് ഫാസിലിന്റെ ആവേശവും വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്ക് ശേഷവും തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഏപ്രിൽ 11 ന് റിലീസ് ചെയ്ത രണ്ട് ചിത്രങ്ങൾക്കും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇവ രണ്ടും ആഗോളതലത്തിൽ 50 കോടി നേടിയിട്ടുണ്ട്.
ഇപ്പോഴിതാ 100 കോടിയിലേക്ക് അടുക്കുകയാണ് ഫഹദിന്റെ ആവേശം. 74 കോടിയാണ് ചിത്രത്തിന്റെ ഒമ്പത് ദിവസത്തെ കളക്ഷൻ. ഉടൻ തന്നെ 100 കോടി ക്ലബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. അഞ്ച് ദിവസം കൊണ്ടാണ് ചിത്രം അമ്പത് കോടി നേടിത്.
ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. പ്രണവ് മോഹൻലാൽ, ധ്യാൻ , നിവിൻ പോളി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയത്. 57 കോടിയാണ് സിനിമയുടെ ഒമ്പത് ദിവസത്തെ കളക്ഷൻ. ഏഴ് ദിവസം കൊണ്ടാണ് വർഷങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടംനേടിയത്.
വേണു, മുരളി എന്ന രണ്ട് ആത്മാർഥ സുഹൃത്തുക്കളുടെ സൗഹൃദവും സിനിമ സ്വപ്നങ്ങളുമാണ് വർഷങ്ങൾക്ക് ശേഷം പറയുന്നത്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
രോമഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഫഹദ് നായകനായെത്തിയ ചിത്രത്തിൽ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേർന്നാണ് ആവേശം നിർമിച്ചിരിക്കുന്നത്.

