റൊമാന്‍റിക് ലുക്കിൽ വീണ്ടും ആമിർ ഖാൻ; ബോളിവുഡ് ഗാനത്തിന്‍റെ പോസ്റ്റർ വൈറൽ
text_fieldsബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്‍റെ പുത്തൻ ലുക്ക് ആഘോഷമാക്കുകയാണ് ആരാധകർ. 'കോയി ജാനേ നാ' എന്ന ചിത്രത്തിലെ ഡാൻസ് നമ്പരായ 'ഹർ ഫൺ മോല'യുടെ പോസ്റ്ററിലാണ് ആമിർ ഖാൻ റൊമാന്‍റിക് ലുക്കിലെത്തിയത്.
ആമിർ ഖാൻ നടി എല്ലി അവ്രാമിന്‍റെ കൂടെ പ്രണയാതുരനായി നിൽക്കുന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. എല്ലിയാണ് പോസ്റ്റർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. മാർച്ച് 10നാണ് ഗാനം പുറത്തിറങ്ങുക. ഒരു മാസം മുമ്പ് ഗാനരംഗത്തിന്‍റെ വിഡിയോ ചോരുകയും ഇന്‍റർനെറ്റിൽ വൈറലാവുകയും ചെയ്തിരുന്നു.
നീല വസ്ത്രത്തിൽ എല്ലിയുടെ പിറകിൽ പ്രണയഭാവത്തോടെ നിൽക്കുന്ന ആമിറിനെ പുതിയ ലുക്കിലാണ് കാണാൻ സാധിക്കുന്നത്. അമിത് ഭട്ടാചാര്യ രചിച്ച ഗാനത്തിന് തനിഷ്ക് ഭഗ്ചിയാണ് ഈണമിട്ടിരിക്കുന്നത്. വിശാൽ ദദ്ലാനിയും സെറ ഖാനുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മോഹിത് സൂരിയുടെ 'മലംഗ്' എന്ന ചിത്രത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് എല്ലി അവ്രാം. ചിത്രത്തിലെ നടിയുടെ അഭിനയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
നേരത്തെ ആമിർ ഖാനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് എല്ലി ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചിരുന്നു. ആമിർ ഖാൻ കാണിക്കുന്ന വിനയം, തുറന്ന മനസ്സ്, സഹപ്രവർത്തകരോടുള്ള പിന്തുണ എന്നിവ അവർ പ്രകീർത്തിക്കുന്നുണ്ട്.
സൈക്കളോജിക്കൽ ത്രില്ലർ ചിത്രമായ കോയി ജാനേ നാ ആമിർ ഖാന്‍റെ സുഹൃത്ത് കൂടിയായ അമിൻ ഹജീയാണ് സംവിധാനം ചെയ്യുന്നത്. അമിന്‍റെ കന്നി സംവിധാന സംരംഭമാണിത്. ഹർ ഫൺ മോല ഗാനത്തിലാണ് ആമിർ അതിഥി താരമായെത്തുന്നത്. കുനാൽ കപൂറും അമീറ ദസ്തറുമാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. ഭൂഷൻ കുമാറാണ് നിർമാണം.