അദ്ദേഹത്തിന്റെ പരാമർശങ്ങളിൽ ഞങ്ങളെല്ലാവരും ദുഃഖിതരാണ്; ഇതാദ്യമായല്ല ഫൈസൽ സംഭവങ്ങളെ തെറ്റായി ചിത്രീകരിക്കുന്നത് -ആരോപണങ്ങൾക്ക് മറുപടിയുമായി ആമിർ ഖാൻ
text_fieldsതനിക്കും കുടുംബത്തിനുമെതിരെ സഹോദരൻ ഫൈസൽ ഖാൻ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി ആമിർ ഖാൻ. കുടുംബത്തിനൊപ്പം നടത്തിയ പ്രസ്താവനയിലാണ് ആമിർ ഖാൻ ഫൈസൽഖാന്റെ പരാമർശങ്ങൾക്ക് മറുപടി നൽകിയത്. വർഷങ്ങൾക്ക് മുമ്പ് ആമിർ ഖാൻ തന്നെ മുംബൈയിലെ വീട്ടിൽ ഒരു വർഷത്തിലേറെ പൂട്ടിയിട്ടുവെന്നും നിർബന്ധിപ്പിച്ച് മരുന്നുകൾ കഴിപ്പിച്ചെന്നുമാണ് ഫൈസൽ ഖാൻ പറയുന്നത്. ഭ്രാന്തനാണെന്നും സ്കീസോഫ്രീനിയ ഉണ്ടെന്നുമാണ് കുടുംബം ആക്ഷേപിക്കുന്നതെന്നും ഫൈസൽ ഖാൻ പറയുന്നു.
ആമിർഖാൻ, അമ്മ സീനത്ത് താഹിർ ഹുസൈൻ, സഹോദരി നിഖത് ഹെഗ്‌ഡെ എന്നിവരാണ് ഫൈസൽ ഖാന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയത്. അദ്ദേഹത്തിന്റെ പരാമർശങ്ങളിൽ ഞങ്ങളെല്ലാവരും ദുഃഖിതരാണ്. ഇതാദ്യമായല്ല ഫൈസൽ ഈ സംഭവങ്ങളെ തെറ്റായി ചിത്രീകരിക്കുന്നത്. അതിനാൽ തങ്ങളുടെ ഉദ്ദേശ്യങ്ങൾ വ്യക്തമാക്കേണ്ടത് അനിവാര്യമാണ്. ഒരു കുടുംബമെന്ന നിലയിൽ ഐക്യദാർഢ്യം വീണ്ടും ഉറപ്പിക്കേണ്ടതും ആവശ്യമാണെന്ന് കരുതുന്നുവെന്നും ആമിറും കുടുംബവും പ്രസ്താവനയിൽ പറഞ്ഞു. റീന ദത്ത, ജുനൈദ് ഖാൻ, ഇറ ഖാൻ, ഫർഹത് ദത്ത, രാജീവ് ദത്ത, കിരൺ റാവു, സന്തോഷ് ഹെഗ്‌ഡെ, സെഹർ ഹെഗ്‌ഡെ, മൻസൂർ ഖാൻ, നുസ്ഹത് ഖാൻ, ഇമ്രാൻ ഖാൻ, ടിന ഫൊൻസെക, സൈൻ മേരി ഖാൻ, പാബ്ലോ ഖാൻ എന്നിവരുടെ പേരും പ്രസ്താവനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
'ഫൈസലുമായി ബന്ധപ്പെട്ട ഓരോ തീരുമാനവും ഒരു കുടുംബമെന്ന നിലയിൽ ഒന്നിച്ചും, ഒന്നിലധികം മെഡിക്കൽ വിദഗ്ദ്ധരുമായി കൂടിയാലോചിച്ചും, അദ്ദേഹത്തിന്റെ വൈകാരികവും മാനസികവുമായ സൗഖ്യത്തെ പിന്തുണക്കാനുള്ള ആഗ്രഹത്തിന്റെയും അടിസ്ഥാനത്തിലാണ് എടുത്തിട്ടുള്ളത്. ഇക്കാരണത്താൽ, ഞങ്ങളുടെ കുടുംബത്തിന് വന്നുചേർന്ന വേദനാജനകവും പ്രയാസകരവുമായ ഒരു കാലഘട്ടത്തിന്റെ വിശദാംശങ്ങൾ പരസ്യമായി ചർച്ച ചെയ്യുന്നതിൽനിന്ന് ഞങ്ങൾ വിട്ടുനിൽക്കുകയായിരുന്നു. മാധ്യമങ്ങൾ ഈ വിഷയത്തിൽ സഹാനുഭൂതി കാണിക്കണം. ഈ വിഷയത്തെ പ്രകോപനപരവും വേദനാജനകവുമായ ഗോസിപ്പുകളാക്കി മാറ്റുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും അഭ്യർത്ഥിക്കുന്നു' കുടുംബാംഗങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

