‘കാമറാമാൻ വേണുവിനോടൊപ്പം രേണുക’; തിയറ്റർ തൂക്കാൻ വീണ്ടും ഒരു മോഹൻലാൽ ചിത്രം റീ-റിലീസിന്
text_fieldsപഴയ സിനിമകൾ, പ്രത്യേകിച്ചും കൾട്ട് ക്ലാസിക്കുകളോ വൻ വിജയമായിരുന്ന ചിത്രങ്ങളോ, വീണ്ടും തിയറ്ററുകളിൽ എത്തിക്കുന്ന റീ-റിലീസ് അടുത്ത കാലത്തായി ഇന്ത്യയിൽ ഇത് വലിയൊരു തരംഗമായി മാറിയിട്ടുണ്ട്. പല റീ-റിലീസുകളും, പ്രത്യേകിച്ചും മുമ്പ് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്ന ചിത്രങ്ങൾ, ഇപ്പോൾ ബോക്സ് ഓഫീസിൽ വലിയ വിജയം നേടുന്നു. ഉദാഹരണത്തിന്, 'സനം തേരി കസം' പോലുള്ള ചിത്രങ്ങൾ റീ-റിലീസിൽ മികച്ച കലക്ഷനാണ് നേടിയത്. 'ബാഹുബലി: ദി എപിക്' ആണ് ഇന്ത്യൻ റീ-റിലീസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രം.
ഇപ്പോഴിതാ മോഹൻലാലിന്‍റെയും അമല പോളിന്‍റെയും ചിത്രം 'റൺ ബേബി റൺ' വീണ്ടും തിയറ്ററുകളിലേക്ക് എത്തുകയാണ്. 4K റീമാസ്റ്റർ ചെയ്ത പതിപ്പ് 2025 ഡിസംബർ അഞ്ചിന് തിയറ്ററുകളിൽ റിലീസ് ചെയ്യും. ഡോൾബി അറ്റ്‌മോസ് സൗണ്ട് സിസ്റ്റത്തോടെയാണ് ചിത്രം വീണ്ടും എത്തുന്നത്. 2012ൽ റിലീസ് ചെയ്ത ഈ ചിത്രം തിയേറ്ററുകളിൽ 100 ദിവസത്തിലധികം ഓടി ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.
ജോഷി സംവിധാനം ചെയ്ത് ഗാലക്‌സി ഫിലിംസിലൂടെ മിലൻ ജലീൽ നിർമിച്ച ചിത്രമാണ് റൺ ബേബി റൺ. സച്ചി-സേതു ജോഡി വേർപിരിഞ്ഞതിന് ശേഷമുള്ള സച്ചിയുടെ ആദ്യ സ്വതന്ത്ര തിരക്കഥയായിരുന്നു ഇത്. മോഹൻലാൽ, അമല പോൾ, ബിജു മേനോൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിൽ സായി കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ഷമ്മി തിലകൻ എന്നിവരും അഭിനയിക്കുന്നു. രതീഷ് വേഗയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആർ. ഡി രാജശേഖർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. വാർത്താ മാധ്യമങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ ചാനൽ കാമറാമാൻ വേണു എന്ന കഥാപാത്രത്തെയും അമല പോൾ സീനിയർ എഡിറ്റർ രേണുക എന്ന കഥാപാത്രത്തെയുമാണ് അവതരിപ്പിക്കുന്നത്.
'ഛോട്ടാ മുംബൈ', 'രാവണപ്രഭു' എന്നീ മോഹൻലാൽ ചിത്രങ്ങൾക്ക് ശേഷം ഈ വർഷം വീണ്ടും തിയറ്ററുകളിലെത്തുന്ന മറ്റൊരു ലാൽ ചിത്രമാണിത്. മോഹൻലാലിന്റെ അവിസ്മരണീയമായ അതിഥി വേഷമുള്ള 'സമ്മർ ഇൻ ബെത്ലേഹേം' എന്ന ചിത്രവും ഈ വർഷം റീ-റിലീസിന് ഒരുങ്ങുന്നുണ്ട്. ‘റിപ്പീറ്റ് വാല്യൂ’ പഴയകാല മോഹൻലാൽ ചിത്രങ്ങളുടെ വലിയ സവിശേഷതയാണ്. കാണുന്നവരെ ഒട്ടും മടുപ്പിക്കാത്ത, വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു മാജിക് മോഹൻലാൽ ചിത്രങ്ങൾക്കുണ്ട്. സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളുടെ റീറിലീസുകൾ ആവർത്തിച്ച് ഹിറ്റ് അടിക്കുന്നതും ഇതിന് തെളിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

