ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ അനുമോദിക്കാൻ കൊച്ചിയിൽ വൻപരിപാടി; രജനികാന്തും മമ്മൂട്ടിയും പങ്കെടുക്കും
text_fieldsകൊച്ചി: ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാലിന് ഗംഭീര സ്വീകരണം നൽകാനൊരുങ്ങി താരസംഘടനകൾ. സിനിമാ മേഖലക്ക് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്ത് കേന്ദ്ര സർക്കാർ നൽകിവരുന്ന പുരസ്ക്കാരത്തിന് മലയാളത്തിൽ നിന്നും 2004ൽ അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരം നേടിയിരുന്നു. എങ്കിലും, ഫാൽക്കെ പുരസ്കാരം നേടുന്ന ആദ്യത്തെ മലയാള നടൻ മോഹൻലാലാണ്.
ചലച്ചിത്ര നിർമാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ, ഫെഫ്ക, കേരള ഫിലിം ചേംബർ എന്നിവർ ചേർന്ന് ഗംഭീര സ്റ്റേജ് ഷോ ഒരുക്കിയാണ് മോഹൻലാലിനെ ആദരിക്കുക. രജനികാന്ത് മുഖ്യാതിഥിയാവുന്ന ചടങ്ങിൽ നടൻ മമ്മൂട്ടിയും പങ്കെടുക്കുമെന്നാണ് വിവരം.
ഡിസംബർ മാസത്തിൽ കൊച്ചിയിൽ വെച്ച് നടക്കുന്ന വൻപരിപാടിയിലേക്ക് ക്ഷണിക്കാനായി സംഘാടക സമിതി അംഗങ്ങൾ നേരിട്ട് ചെന്നൈയിലെത്തും. 'തിരനോട്ടം' മുതൽ 'തുടരും' വരെയുള്ള സിനിമകളിലൂടെയുള്ള മോഹൻലാലിന്റെ ചലച്ചിത്ര പ്രയാണം കോർത്തിണക്കിയുള്ളതാവും പരിപാടിയുടെ അവതരണം.
ദക്ഷിണേന്ത്യൻ ചലച്ചിത്രമേഖലയിൽ രജനികാന്ത്, അക്കിനേനി നാഗേശ്വര റാവു, രാജ്കുമാർ, ശിവാജി ഗണേശൻ തുടങ്ങിയ നടന്മാർക്ക് മാത്രമേ ഇതുവരെ അവാർഡ് ലഭിച്ചിട്ടുള്ളൂ. വിജ്ഞാൻ ഭവനിൽ 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ വെച്ചാണ് പ്രസിഡന്റ് ദ്രൗപതി മുർമു മോഹൻലാലിന് ഫാൽക്കെ പുരസ്കാരം സമ്മാനിച്ചത്.
അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഒമ്പത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ മോഹൻലാലിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

