'ലാലുടുപ്പ്' അണിഞ്ഞ് അതിഥിക്കുട്ടി; നന്ദി അറിയിച്ച് മോഹൻലാൽ
text_fieldsകാൽപാദം വരെ ഇറക്കമുള്ള ഒരു ഉടുപ്പ്. ആ ഉടുപ്പ് നിറയെ മോഹൻലാൽ. മലയാളത്തിന്‍റെ മഹാനടന് വ്യത്യസ്തമായൊരു പിറന്നാൾ സമ്മാനമൊരുക്കിയിരിക്കുകയാണ് ഷാർജയിലെ കുട്ടിത്താരം. ലാൽ വെള്ളിത്തിരയിൽ അനശ്വരമാക്കിയ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ചേർത്ത് നിർമ്മിച്ച കുട്ടിയുടുപ്പും ഇട്ടാണ് അതിഥി എന്ന കൊച്ചുമിടുക്കി പ്രിയതാരത്തിന് പിറന്നാൾ ആശംസ നൽകിയത്.
ലാലിന്‍റെ ആദ്യ സിനിമയായ 'മഞ്ഞിൽ വിരിഞ്ഞ പൂക്കളി'ലെ നരേന്ദ്രൻ മുതൽ 'മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം' എന്ന സിനിമയിലെ കുഞ്ഞാലി മരയ്ക്കാർ വരെയുള്ള കഥാപാത്രങ്ങൾ ഈ 'ലാലുടുപ്പി'ൽ ഇടംപിടിച്ചു. 'ലാലുടുപ്പ്' ധരിച്ച് നിൽക്കുന്ന അതിഥിയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. വ്യത്യസ്തമായൊരു പിറന്നാൾ സമ്മാനം നൽകിയതിന് അതിഥിയോട് ലാൽ നന്ദിയും പറഞ്ഞു.
ഷാർജയിലെ മോഹൻലാൽ ഫാൻസ് ചേർന്നാണ് താരത്തിന്‍റെ പിറന്നാളിനോടനുബന്ധിച്ച് ഇൗ ഉടുപ്പ് ഡിസൈൻ ചെയ്തത്. ലാലിന്‍റെ പ്രധാന കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വെച്ച് കൊളാഷ് തയ്യാറാക്കിയാണ് ഡിസൈൻ ചെയ്തത്. അതിനു ശേഷം തുണിയിൽ പ്രിന്‍റ് ചെയ്ത് എടുക്കുകയായിരുന്നു.
ടിക്ടോക്കിലൂടെയും ഡബ്സ്മാഷിലൂടെയും ശ്രദ്ധേയയായ അതിഥി, നവ്യ നായരെ കേന്ദ്ര കഥാപാത്രമാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്ത 'ഒരുത്തി' എന്ന ചിത്രത്തിൽ ബാലതാരമായി വേഷമിട്ടിട്ടുണ്ട്. തൃശൂരുകാരായ ഷിബിൻ-റോഷ്നി ദമ്പതികളുടെ ഏക മകളാണ്. മികച്ച നർത്തകി കൂടിയായ അതിഥി ഡൽഹി ഷാർജ പ്രൈവറ്റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ്.