71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ; റാണി മുഖർജിയും വിക്രാന്ത് മാസിയും സാധ്യത പട്ടികയിൽ
text_fieldsഇന്ത്യൻ ചലച്ചിത്ര മേഖലയിലെ കലാ-സാങ്കേതിക മികവിന് നൽകുന്ന അവാർഡുകളാണ് ദേശീയ ചലച്ചിത്ര അവാർഡുകൾ. എല്ലാ വർഷവും സർക്കാർ നിയമിക്കുന്ന ഒരു ദേശീയ പാനലാണ് വിജയിയെ തീരുമാനിക്കുന്നത്. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മികച്ച നടിക്കും മികച്ച നടനുമുള്ള അവാർഡുകൾക്ക് റാണി മുഖർജിയും വിക്രാന്ത് മാസിയും ശക്തമായ സാധ്യതയുള്ളവരാണ്. രണ്ട് അഭിനേതാക്കൾക്കും ഇതിനോടകം തന്നെ മറ്റ് പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ദേശീയ അവാർഡ് കൂടി ലഭിക്കുകയാണെങ്കിൽ അത് അവരുടെ അഭിനയ ജീവിതത്തിലെ വലിയ അംഗീകാരമായി മാറുമെന്ന് ആരാധകരും പറയുന്നു.
'മിസിസ് ചാറ്റർജി വേഴ്സസ് നോർവേ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റാണി മുഖർജിയെ മികച്ച നടിക്കുള്ള അവാർഡിന് പരിഗണിക്കുന്നത്. ഈ ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഇതിനോടകം ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ റാണിയെ തേടിയെത്തിയിരുന്നു. '12th ഫെയിൽ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിക്രാന്ത് മാസിയെ മികച്ച നടനുള്ള അവാർഡിന് പരിഗണിക്കുന്നത്. ഈ ചിത്രവും വലിയ പ്രേക്ഷക, നിരൂപക പ്രശംസ നേടിയിരുന്നു. വിക്രാന്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ പല പുരസ്കാരങ്ങളും മാസിക്ക് ലഭിച്ചിട്ടുണ്ട്.
2023ലെ ചിത്രങ്ങൾക്കാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ നൽകുന്നത്. ഇതിനായുള്ള എൻട്രികൾ 2024 സെപ്റ്റംബർ 18 വരെ സ്വീകരിച്ചിരുന്നു. 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപന തിയതിയും വിതരണ തിയതിയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും മുൻ വർഷങ്ങളിലെ പതിവ് അനുസരിച്ച് 2025 ആഗസ്റ്റിലോ ഒക്ടോബറിലോ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 70-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ 2024 ഓഗസ്റ്റ് 16നാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ എട്ടിന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വെച്ച് രാഷ്ട്രപതി ദ്രൗപദി മുർമു അവാർഡുകൾ വിതരണം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

