മലയാള സിനിമക്ക് അഭിമാന നിമിഷം; ഫാൽക്കേ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ, ഉർവശിക്കും വിജയരാഘവനും ദേശീയ അവാർഡ്
text_fieldsന്യൂഡൽഹി: മലയാള സിനിമയെ രാജ്യത്തിന്റെ നെറുകയിലെത്തിച്ച സായാഹ്നത്തിൽ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരം രാഷ്ട്രപതി ദ്രൗപതി മുർമുവിൽനിന്ന് മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ഇന്ത്യൻ സിനിമയുടെ വളർച്ചക്കും വികാസത്തിനുമേകിയ അതുല്യസംഭാവനകൾ പരിഗണിച്ചാണ് 2023ലെ ഇന്ത്യൻ സിനിമയുടെ പരോമന്നത ദേശീയ ബഹുമതിയായ 10 ലക്ഷം രൂപയും സ്വർണകമൽ മുദ്രയും ഫലകവുമടങ്ങുന്ന ബഹുമതി ലാലിന് സമ്മാനിച്ചത്.
2004ൽ ദാദാ സാഹെബ് ഫാൽക്കെ അവാർഡ് വാങ്ങിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് ശേഷം രണ്ടാമനായി 21 വർഷം കഴിഞ്ഞ് മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ പരമോന്നതിയിലെത്തിക്കുമ്പോൾ സദസ്സ് ഒന്നടങ്കം എഴുന്നേറ്റുനിന്ന് നിലക്കാത്ത കരഘോഷം മുഴക്കി. ‘‘ഈ നിമിഷം എന്റേതു മാത്രമല്ല, മുഴുവൻ മലയാള സിനിമയുടേതുമാണ്’’ എന്ന് പുരസ്കാരമേറ്റുവാങ്ങി മോഹൻലാൽ പറഞ്ഞു. മലയാള സിനിമയുടെ പാരമ്പര്യത്തിനും സർഗാത്മകതക്കും ലഭിച്ച ആദരവായിട്ടാണ് പുരസ്കാരത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിയായ അഭിമാനത്തോടെയും നന്ദിയോടെയുമാണ് ഈ വിശിഷ്ട പുരസ്‌കാരം ഏറ്റുവാങ്ങി നിങ്ങളുടെ മുന്നിൽ നിൽക്കുന്നതെന്നും മലയാള സിനിമയുടെ ഒരു പ്രതിനിധി എന്ന നിലയിൽ അംഗീകാരം നേടുന്ന നമ്മുടെ സംസ്ഥാനത്തുനിന്നുള്ള രണ്ടാമത്തെ വ്യക്തിയാകുന്നതിൽ അങ്ങേയറ്റം വിനയാന്വിതനാണെന്നും മോഹൻലാൽ തുടർന്നു. വേദിയിലുണ്ടായിരുന്ന രാഷ്ട്രപതിക്കും കേന്ദ്രമന്ത്രിക്കും പുറമെ വേദിയിലില്ലാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പേരെടുത്ത് പറഞ്ഞ് മോഹൻലാൽ നന്ദി രേഖപ്പെടുത്തി. മോഹൻലാലിനെ ഇതിഹാസമെന്ന് വിശേഷിപ്പിച്ച കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് താങ്കളൊരു ഉഗ്രൻ നടനാണെന്ന് മലയാളത്തിൽത്തന്നെ പ്രശംസിച്ചു.
ഇന്ത്യൻ സിനിമയിലെ കിങ് ഖാനായ ഷാരൂഖ് ഖാൻ മികച്ച നടനുള്ള ദേശീയ അവാർഡ് ആദ്യമായി സ്വീകരിച്ച ന്യൂഡല്‍ഹി വിജ്ഞാൻ ഭവനിലെ 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ അഞ്ച് സിനിമ പുരസ്‌കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്. ‘പൂക്കാലം’ സിനിമയിലെ അഭിനയത്തിന് വിജയരാഘവനും ‘ഉള്ളൊഴുക്കി’ലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും സ്വീകരിച്ചു. ‘പൂക്കാലം’ സിനിമയുടെ എഡിറ്റിങ്ങിന് മിഥുന്‍ മുരളി മികച്ച എഡിറ്റർക്കുള്ള അവാര്‍ഡും നോണ്‍ ഫീച്ചര്‍ സിനിമ വിഭാഗത്തില്‍ ‘നെകൽ’ സംവിധാനം ചെയ്‌ത എം.കെ. രാംദാസും 2023ലെ ദേശീയ സിനിമ പുരസ്‌കാരമേറ്റുവാങ്ങി. ‘ലവ് ജിഹാദ്’ പ്രമേയമാക്കി കേരളത്തിനെതിരെയുണ്ടാക്കിയ പ്രോപഗണ്ട സിനിമയായ ‘കേരള സ്റ്റോറി’യുടെ സംവിധായകനും ഛായാഗ്രഹകനും അതേ വേദിയിൽ ദേശീയ അവാർഡുകൾ ഏറ്റുവാങ്ങി.
അവാര്‍ഡ് ജേതാക്കൾ
- ദാദാസാഹിബ് ഫാൽക്കെ അവാർഡ് - മോഹൻലാൽ
- മികച്ച നടൻ - ഷാരൂഖ് ഖാൻ (ജവാൻ), വിക്രാന്ത് മാസി (ട്വെൽവ്ത് ഫെയിൽ)
- മികച്ച നടി - റാണി മുഖർജി (മിസിസ് ചാറ്റർജി വേഴ്സസ് നോർവേ)
- മികച്ച സംവിധാനം - ദ് കേരള സ്റ്റോറി (സുദീപ്തോ സെൻ)
- മികച്ച ജനപ്രിയ ചിത്രം - റോക്കി ഔർ റാണി കി പ്രേം കഹാനി
- മികച്ച ഹിന്ദി ചിത്രം - കാതൽ - എ ജാക്ക്ഫ്രൂട്ട് മിസ്റ്ററി
- മികച്ച ഫീച്ചർ ഫിലിം - ട്വെൽവ്ത് ഫെയിൽ
- മികച്ച മലയാളം സിനിമ - ഉള്ളൊഴുക്ക്
- മികച്ച തെലുഗു ചിത്രം - ഭഗവന്ത് കേസരി
- മികച്ച ഗുജറാത്തി ചിത്രം - വാഷ്
- മികച്ച തമിഴ് ചിത്രം - പാർക്കിങ്
- മികച്ച കന്നഡ ചിത്രം - ദി റേ ഓഫ് ഹോപ്പ്
- മികച്ച പിന്നണി ഗായിക - ശിൽപ റാവു (ഛലിയ, ജവാൻ)
- മികച്ച ഗായകൻ - പ്രേമിസ്‌ത്തുന്ന (ബേബി, തെലുഗു)
- മികച്ച ഛായാഗ്രഹണം - ദി കേരള സ്റ്റോറി
- മികച്ച നൃത്തസംവിധാനം - റോക്കി ആന്‍ഡ് റാണിസ് ലവ് സ്റ്റോറി (ധിൻഡോര ബാജെ രേ)
- മികച്ച മേക്കപ്പ് ആൻഡ് കോസ്റ്റ്യൂം ഡിസൈനർ - സാം ബഹാദൂർ
- പ്രത്യേക പരാമർശം - മൃഗം (റീ-റെക്കോർഡിങ് മിക്‌സർ) – എംആർ രാധാകൃഷ്‌ണൻ
- മികച്ച ശബ്‌ദ രൂപകൽപ്പന - ആനിമൽ (ഹിന്ദി)
- മികച്ച ചലച്ചിത്ര നിരൂപകൻ – ഉത്പൽ ദത്ത (അസം)
- മികച്ച ആക്ഷൻ സംവിധാനം – ഹനുമാൻ മൻ (തെലുഗു)
- മികച്ച വരികൾ - ബൽഗാം (ദി ഗ്രൂപ്പ്) - തെലുഗു
- മികച്ച ചലച്ചിത്ര നിരൂപകൻ - ഉത്പൽ ദത്ത
- മികച്ച ഡോക്യുമെന്‍ററി - ഗോഡ്, വള്‍ച്ചര്‍ ആന്‍ഡ് ആനിമല്‍
- മികച്ച തിരക്കഥ - സൺഫ്ലവർ വേർ ദി ഫസ്റ്റ് വൺ ടു നോ (കന്നഡ)
- മികച്ച ചിത്രം - നെക്കൽ: ക്രോണിക്കിൾ ഓഫ് ദ് പാഡി മാൻ (മലയാളം), ദ് സീ ആൻഡ് സെവൻ വില്ലേജസ് (ഒറിയ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

