മലയാള സിനിമയിലെ ആദ്യ ദേശീയ മെഡൽ ജേതാവ് ടി.കെ പരീക്കുട്ടി ഓർമയായിട്ട് 53 വർഷം
text_fieldsരാഷ്ട്രപതി ഡോ: രാജേന്ദ്രപ്രസാദിൽനിന്നും ടി.കെ. പരീക്കുട്ടി മലയാള സിനിമക്കുള്ള
ആദ്യ ദേശീയ പുരസ്കാരം ഏറ്റുവാങ്ങുന്നു
മട്ടാഞ്ചേരി: ഹിന്ദി, തമിഴ് സിനിമകളുടെ തനി ആവർത്തനങ്ങളായി നീങ്ങിയിരുന്ന മലയാള സിനിമയിൽ മാറ്റത്തിന് തുടക്കമിട്ട സിനിമ നിർമാതാവ് ടി.കെ. പരീക്കുട്ടി ഓർമയായിട്ട് ഇന്ന് 53 വർഷം തികയുന്നു. മലയാള സിനിമക്ക് സ്വന്തമായ മേൽവിലാസം ചാർത്തി ടി.കെ. പരീക്കുട്ടിയുടെ ചന്ദ്രതാര ഫിലിംസ് 1954 ൽ നിർമിച്ച നീലക്കുയിൽ എന്ന ചിത്രം നേടിയത് ഇന്ത്യൻ പ്രസിഡന്റിന്റെ വെള്ളിമെഡൽ. തെന്നിന്ത്യയിലേക്ക് ആദ്യമായി കൊണ്ടുവന്ന ചലച്ചിത്ര പുരസ്കാരമായിരുന്നു ആ മെഡൽ.
സിനിമ പൊട്ടുമോ എന്ന ഭീതിയിൽ പുത്തൻ ആശയവും, മലയാള തനിമയോടു കൂടിയ സിനിമകൾക്കും നിർമാതാക്കൾ തയാറാകാതിരുന്ന സന്ദർഭത്തിലാണ് പരീക്കുട്ടി, രാമു കാര്യാട്ട്-പി.ഭാസ്ക്കരൻ എന്നീ സംവിധായകരെ കൊണ്ട് നീലക്കുയിൽ എന്ന സിനിമ എടുത്തത്. ഹിന്ദി,തമിഴ് ഹിറ്റ് ട്യൂണുകളുടെ അനുകരണത്തിന് പകരം മലയാളത്തിന്റെ സ്വന്തം സംഗീതം കെ.രാഘവന്റെ സംവിധാനത്തിൽ അഭ്രപാളിയിലെത്തിയതോടെ സിനിമയും ഗാനങ്ങളും മലയാളക്കരയുടെ ഹൃദയം കവർന്നു.
ഒമ്പത് സിനിമകൾ നിർമിച്ചതിൽ നാലെണ്ണം ദേശീയ അവാർഡുകൾ നേടിയപ്പോൾ നാല് പ്രസിഡന്റുമാരിൽനിന്നും നാല് ദേശീയ പുരസ്കാരം നേടിയ റെക്കോഡും ടി.കെ. പരീക്കുട്ടിക്ക് മാത്രം സ്വന്തമായി. നീലക്കുയിൽ കൂടാതെ, രാരിച്ചൻ എന്ന പൗരൻ, നാടോടി, മുടിയനായ പുത്രൻ, മൂടുപടം, തച്ചോളി ഒതേനൻ, ഭാർഗവി നിലയം, കുഞ്ഞാലി മരക്കാർ, ആൽമരം എന്നിവയായിരുന്നു അദ്ദേഹം നിർമിച്ച ചിത്രങ്ങൾ.
നടൻമാരായ മധു, അടൂർ ഭാസി, കെ.പി. ഉമ്മർ, കുതിരവട്ടം പപ്പു, പി.ജെ. ആൻറണി, നടി വിജയനിർമല, സംവിധായകരായ പി.ഭാസ്ക്കരൻ, രാമു കാര്യാട്ട്, എ.വിൻസെന്റ്, സംഗീത സംവിധായകരായ കെ.രാഘവൻ, എ.ടി. ഉമ്മർ, ബാബുരാജ്, ഗാനരചയിതാവ് യൂസഫലി കേച്ചേരി, ഗായകരായ ജയചന്ദ്രൻ, പി .വസന്ത, എസ്. ജാനകി, കെ.എസ്. ജോർജ് എന്നിവർ ആദ്യമായി സിനിമയിലെത്തിയത് പരീക്കുട്ടിയുടെ ചിത്രങ്ങളിലൂടെയായിരുന്നു. വൈക്കം മുഹമ്മദ് ബഷീർ, ഉറൂബ്, തോപ്പിൽ ഭാസി എന്നിവരുടെ രചനകൾ ആദ്യമായി സിനിമയാക്കിയതും പരീക്കുട്ടിയായിരുന്നു.
വാതിൽ പുറം ചിത്രീകരണത്തിന് മലയാളത്തിൽ തുടക്കമിട്ടതും പരീക്കുട്ടി തന്നെ. കേരളത്തിലെ ആദ്യ 70 എം.എം തിയറ്ററായ സൈന നിർമിച്ചതും പരീക്കുട്ടിയാണ്. സ്വന്തമായി സിനിമ സ്റ്റുഡിയോ സ്ഥാപിക്കുന്നതിന് തൃശൂരിൽ 30 ഏക്കർ സ്ഥലം വാങ്ങിച്ചെങ്കിലും ആഗ്രഹം പൂർത്തീകരിക്കാനാവാതെ 1969 ജൂലായ് 21ന് ലോകത്തോട് വിട പറഞ്ഞു.
മലയാള സിനിമക്ക് മാറ്റത്തിന്റെ മാറ്റൊലി ചാർത്തിയ ടി.കെ. പരീക്കുട്ടിയെ സിനിമ ലോകം മറന്ന മട്ടാണ്. പരീക്കുട്ടി നിർമിച്ച ഇപ്പോൾ നഗരസഭയുടെ കീഴിലുള്ള തിയറ്റർ അദ്ദേഹത്തിന്‍റെ സ്മാരകമാക്കാനുള്ള നടപടി പോലും ഉണ്ടാകാത്തത് കലാ സ്നേഹികൾക്കിടയിൽ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

