30 വർഷത്തെ ചരിത്രത്തിൽ 25 വർഷവും മേളയിൽ; കാൽനൂറ്റാണ്ടിന്‍റെ സിനിമ ആസ്വാദനവുമായി 'ഫിൽമി കപ്പിൾ'
text_fieldsചലച്ചിത്രമേളയിലെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിലെ തിരക്കുകളിൽ, ലോകസിനിമയുടെ വസന്തം തേടിയെത്തുന്ന ആയിരക്കണക്കിന് ആളുകൾക്കിടയിൽ ഒരു 'ഫിൽമി കപ്പിൾ' ഉണ്ട്. കാൽ നൂറ്റാണ്ടായി കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നിത്യസാന്നിധ്യമായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും എഴുത്തുകാരനുമായ കെ.വി. മോഹൻകുമാറും ഭാര്യ രാജലക്ഷ്മിയും.
ഐ.എഫ്.എഫ്.കെയുടെ 30 വർഷത്തെ ചരിത്രത്തിൽ 25 വർഷവും മേളയിൽ എത്തി, സിനിമയുടെ ഓരോ ചലനങ്ങളും അടുത്തറിഞ്ഞ ഈ ദമ്പതികൾക്ക്, കേരള ചലച്ചിത്ര മേള കേവലം സിനിമകളുടെ പ്രദർശനമല്ല, ദശകങ്ങൾ നീണ്ട സാംസ്കാരിക യാത്രയാണ്. 1998ൽ കോഴിക്കോട്ടെ ആദ്യ മേളയിൽ ആരംഭിച്ച സിനിമ യാത്ര തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയതോടെ ഇവരുടെ ഹൃദയമിടിപ്പായി മാറി.
സിനിമാപ്രേമി എന്നതിലുപരി, ഐ.എഫ്.എഫ്.കെയുടെ പരിണാമഘട്ടങ്ങളിൽ വിപ്ലവകരമായ തീരുമാനങ്ങൾ കൈക്കൊണ്ട സംഘാടകൻ കൂടിയാണ് മോഹൻകുമാർ. ഏഴാമത് ചലച്ചിത്ര മേളയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും ചലച്ചിത്ര അക്കാദമി സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സിനിമയെ ഗൗരവമായി സമീപിക്കുന്നവർക്ക് 100 രൂപ ഡെലിഗേറ്റ് ഫീ ഏർപ്പെടുത്തിയതും ഫിലിം സൊസൈറ്റികൾക്ക് മേളയിൽ പ്രത്യേക ഇടം നൽകിയതും പുരസ്കാര തുക വർധിപ്പിച്ചതും ഇക്കാലയളവിലായിരുന്നു.
'ഐ.എഫ്.എഫ്.കെ കേവലം സിനിമ പ്രദർശനമല്ല. യുവതലമുറ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുന്ന മഹത്തായ സാംസ്കാരിക പൈതൃകമാണ്' -മോഹൻകുമാർ പറഞ്ഞു. മുപ്പതാം മേളയിൽ ദമ്പതികൾ ഇതിനോടകം 16 ചിത്രങ്ങൾ കണ്ടുകഴിഞ്ഞു. ഇത്തവണ ഏറെ സ്വാധീനിച്ചത് ഇറാഖ് പശ്ചാത്തലമാക്കി സദ്ദാം ഹുസൈന്റെ കാലത്തെ ദുസ്സഹമായ ജീവിതം രണ്ട് കുട്ടികളിലൂടെ പറയുന്ന 'ദ പ്രസിഡന്റ്‌സ് കേക്ക്' എന്ന സിനിമയാണ്. 'രാഷ്ട്രീയവും മാനുഷികവുമായ തലങ്ങൾ ഇത്രത്തോളം ഹൃദയസ്പർശിയായി അവതരിപ്പിച്ച മറ്റൊരു ചിത്രം ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല' -രാജലക്ഷ്മി പറഞ്ഞു.
വയലാർ അവാർഡ് ജേതാവ് കൂടിയായ മോഹൻകുമാറിന് ഐ.എഫ്.എഫ്.കെ വെറുമൊരു ആഘോഷമല്ല, തന്റെ സാഹിത്യജീവിതത്തിന് ഊർജ്ജം പകരുന്ന സാംസ്കാരിക വിരുന്ന് കൂടിയാണ്. പുതിയ തലമുറ സിനിമയെ നെഞ്ചിലേറ്റുന്നതും ഓപ്പൺ ഫോറങ്ങളിൽ സജീവമാകുന്നതും മാറുന്ന മലയാളസിനിമയുടെ പ്രതീകമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. 2002-ൽ സീറ്റില്ലാത്തതിനാൽ അന്നത്തെ കേരള ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന അടൂർ ഗോപാലകൃഷ്ണനൊപ്പം കൈരളി തിയറ്ററിലെ തറയിലിരുന്ന് ഇറാനിയൻ സിനിമ കണ്ട അനുഭവവും അദ്ദേഹം പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

