ഐ.എഫ്.എഫ്.കെ; അഞ്ചാം ദിനം 72 ചിത്രങ്ങൾ, പാതിരാപടമായി ഇന്തോനേഷ്യൻ ത്രില്ലർ
text_fieldsമുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാം ദിനമായ നാളെ (ചൊവ്വാഴ്ച്ച) 72 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ലോക ക്ലാസിക്കുകളും പുതിയ സിനിമകളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന കാഴ്ചകളാണ് ഈ ദിവസത്തെ പ്രധാന ആകർഷണം. ഇന്തോനേഷ്യൻ റിവഞ്ച് ത്രില്ലറായ 'ദി ബുക്ക് ഓഫ് സിജിൻ & ഇല്ലിയിൻ' പാതിരാപ്പടമായി നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.
ഇന്ത്യൻ സിനിമയിലെ ഇതിഹാസ പ്രതിഭയായ ഋത്വിക് ഘട്ടക്കിന്റെ വിഖ്യാത ചിത്രം 'തിതാഷ് ഏക് തി നദീർ നാം' അജന്ത തിയറ്ററിൽ രാത്രി 8.30-ന് പ്രദർശിപ്പിക്കും. അദ്വൈത മല്ലബർമ്മന്റെ നോവൽ ആധാരമാക്കി നിർമിച്ച ചിത്രം, വിഭജനത്തിനു മുമ്പുള്ള കിഴക്കൻ ബംഗാളിലെ തിതാഷ് നദിയോരത്തെ മത്സ്യത്തൊഴിലാളികളുടെ നഷ്ടപ്പെട്ട സാമൂഹിക സൗഹൃദത്തിന്റെ കഥയാണ് അവതരിപ്പിക്കുന്നത്.
കൺട്രി ഫോക്കസ് വിഭാഗത്തിൽ വിയറ്റ്നാമീസ് കമിങ് ഓഫ് ഏജ് ഡ്രാമയായ 'വൺസ് അപ്പോൺ എ ലവ് സ്റ്റോറി' ന്യൂ-3 തിയറ്ററിൽ രാത്രി എട്ടിന് പ്രദർശിപ്പിക്കും. സമകാലിക ലോക സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ വിഖ്യാത സംവിധായകൻ ഗരിൻ നുഗ്രോഹോയുടെ 'ലെറ്റർ ടു ആൻ എയ്ഞ്ചൽ' ഏരിസ്പ്ലെക്സ്-4-ൽ രാവിലെ 9.45-ന് പ്രദർശിപ്പിക്കും.
ലൈഫ് ടൈം അച്ചീവ്മെന്റ് ജേതാവ് അബ്‌ദ്റഹ്മാനെ സിസാക്കൊയുടെ 'ബമാകോ', 'ലൈഫ് ഓൺ എർത്ത്' എന്നീ ചിത്രങ്ങളും ചൊവ്വാഴ്ച്ച പ്രദർശനത്തിനെത്തും. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ 'ഖിഡ്കി ഗാവ്', 'ദി സെറ്റിൽമെന്റ്', 'കിസ്സിങ് ബഗ്', 'തന്തപ്പേര്' തുടങ്ങിയ ചിത്രങ്ങൾ പ്രദർശനത്തിനുണ്ടാകും.
മലയാളം സിനിമ ടുഡേ വിഭാഗത്തിൽ ഷെറി ഗോവിന്ദന്റെ 'സമസ്താ ലോക', ശ്രീജിത്ത് എസ് കുമാറിന്റെ 'ശേഷിപ്പ്', നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത 'പെണ്ണും പൊറാട്ടും' തുടങ്ങിയ പ്രമേയത്തിന്റെ പുതുമകൊണ്ടും ആഖ്യാന മികവുകൊണ്ടും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളും പ്രദർശനത്തിനെത്തും. ലോക സിനിമ വിഭാഗത്തിൽ പ്രശസ്ത സംവിധായകൻ റാഡു ജൂഡ് സംവിധാനം ചെയ്ത 'കോണ്ടിനെന്റൽ 25' ഉൾപ്പെടെ 24 ചിത്രങ്ങളാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

