നടൻ ടൈഗർ ഷ്റോഫിനുനേരെ വെടിവെപ്പ്, ബൈക്കിലെത്തിയ മൂന്നു പേരാണ് വെടിയുതിർത്തത്
text_fieldsമുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിനുനേരെ ബൈക്കിലെത്തിയ സംഘം വെടിയുതിർത്തു. മുംബൈയിലെ ജുഹുവിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ബൈക്കിലെത്തിയ മൂന്നംഗ അജ്ഞാത സംഘം പുഷ്പ പാർക്കിനു സമീപം നടനുനേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം.
നടൻ സുരക്ഷിതനാണെന്നും വെടിയേറ്റിട്ടില്ലെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. ഷ്റോഫിന്റെ ഡ്രൈവർക്കും ഒരു ഓട്ടോറിക്ഷാ ഡ്രൈവർക്കും പരിക്കേറ്റതായാണ് റിപ്പോർട്ട്. നേരത്തെ, ടൈഗർ ഷ്റോഫിനും മറ്റ് രണ്ടുപേർക്കും പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹായി ഹാരി ബോക്സർ നേരത്തെ ടൈഗർ ഷ്രോഫിനുനേരെ ഭീഷണി മുഴക്കിയിരുന്നു. ഇതിനിടെയാണ് നടനുനേരെ വെടിവെപ്പ് ഉണ്ടാകുന്നത്.
ടൈഗർ ഷ്റോഫ് ഗ്രൗണ്ടിൽനിന്ന് പുറത്തേക്ക് പോകുന്നതിനിടെ അദ്ദേഹത്തിന്റെ കാറിനുനേരെ മൂന്നോ നാലോ തവണ വെടിയുതിർത്തെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നടനെ കാണാനായി വലിയ ജനക്കൂട്ടം സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. ആൾക്കൂട്ടത്തിനിടയിൽനിന്നാണ് കാറിന് നേരെ നിരവധി തവണ വെടിയുതിർത്തതെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഷ്റോഫിന് വെടിയേറ്റില്ല.
ചികിത്സക്കായി ഷ്റോഫിനെയും ഡ്രൈവറെയും ജൂഹുവിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷ്റോഫിന്റെ ഡ്രൈവറുടെ ഇടതുകൈയിലാണ് വെടിയേറ്റത്. എന്നാൽ ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വെടിവെപ്പ് സംഭവത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയി സംഘം ഏറ്റെടുത്തതായി റിപ്പോർട്ടുകളുണ്ട്. പ്രതികളെ പിടികൂടാനായി പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
മുംബൈയിലെ ക്രമസമാധാന നില ചോദ്യം ചെയ്ത് കോൺഗ്രസ് രംഗത്തെത്തി. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിൽ മഹാരാഷ്ട്ര സർക്കാർ പരാജയപ്പെട്ടെന്ന് കോൺഗ്രസ് നേതാവ് സചിൻ സാവന്ത് ആരോപിച്ചു. “നടൻ ടൈഗർ ഷ്റോഫിന്റെ കാറിനുനേരെ വെടിവെപ്പുണ്ടായെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. മുംബൈയിൽ യഥാർഥത്തിൽ എന്താണ് സംഭവിക്കുന്നത്? ബാബ സിദ്ദിഖിന്റെ കൊലപാതകം, സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവെപ്പ്, നിരവധി നടന്മാർക്കും നിർമാതാക്കൾക്കും ലഭിച്ച ഭീഷണികൾ... മുംബൈയിലെ ക്രമസമാധാന നില പൂർണമായും തകർന്നിരിക്കുകയാണ്.” -സാവന്ത് എക്സിൽ കുറിച്ചു.
നഗരത്തിൽ ക്രമസമാധാന സംവിധാനം തകരുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് ക്രമസമാധാന തകർച്ച മാത്രമല്ല; പൂർണമായ അരാജകത്വമാണ് ഇവിടെ പിടിമുറുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി സമ്പൂർണ പരാജയമാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രമുഖ നടൻ ജാക്കി ഷ്റോഫിന്റെ മകനാണ് 36കാരനായ ടൈഗർ ഷ്റോഫ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

