വൈ ദിസ് കൊലവെറി ഡി തരംഗം വീണ്ടും; ധനുഷിന്റെ കൾട്ട് ക്ലാസിക് '3' റീ-റിലീസിനൊരുങ്ങുന്നു
text_fields'വൈ ദിസ് കൊലവെറി ഡി' എന്ന പാട്ടും ധനുഷ് സൃഷ്ടിച്ച തരംഗവും അത്ര പെട്ടെന്നൊന്നും ആർക്കും മറക്കാൻ കഴിയില്ല. യൂട്യൂബിൽ ഇന്ത്യയിൽ നിന്ന് ആദ്യമായി 100 മില്യൺ കാഴ്ചക്കാരെ നേടിയ ഗാനങ്ങളിലൊന്നായിരുന്നു ഇത്. ഒരു പതിറ്റാണ്ടിനുശേഷം ഐക്കണിക് ചിത്രമായ '3' വാലന്‍റൈൻസ് ഡേക്ക് മുന്നോടിയായി 2026 ഫെബ്രുവരി ആറിന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ വീണ്ടും റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ മ്യൂസിക് ലേബലായ സോണി മ്യൂസിക് സൗത്ത് ഇന്ത്യയാണ് ഈ വാർത്ത ഔദ്യോഗികമായി അറിയിച്ചത്. ചിത്രത്തിന്‍റെ ട്രെയിലറും പുറത്തിറക്കിയിട്ടുണ്ട്.
ഐശ്വര്യ രജനീകാന്ത് ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം ഒരു റൊമാന്റിക് മ്യൂസിക്കൽ സൈക്കോളജിക്കൽ ത്രില്ലറാണ്. സ്കൂൾ കാലം മുതൽ പ്രണയിച്ചിരുന്ന റാം, ജനനി (ധനുഷ്, ശ്രുതി ഹാസൻ) എന്നിവരുടെ കഥയാണിത്. തികച്ചും സന്തോഷകരമായ അവരുടെ പ്രണയജീവിതം റാമിന്റെ അപ്രതീക്ഷിത ആത്മഹത്യയോടെ തകരുന്നു. സാധാരണ പ്രണയകഥകളിൽ നിന്ന് വ്യത്യസ്തമായി, മാനസികാരോഗ്യത്തെക്കുറിച്ച് വളരെ ഗൗരവമായി സംസാരിച്ച സിനിമയായിരുന്നു '3'. തന്റെ ഭർത്താവ് അനുഭവിച്ചിരുന്ന ബൈപോളാർ ഡിസോർഡർ എന്ന മാനസികാവസ്ഥയെക്കുറിച്ചും അദ്ദേഹത്തിന്റെ ആന്തരിക സംഘർഷങ്ങളെക്കുറിച്ചും പിന്നീട് ജനനി നടത്തുന്ന അന്വേഷണങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.
ധനുഷിനും ശ്രുതി ഹാസനും പുറമെ പ്രഭു, ശിവകാർത്തികേയൻ, സുന്ദർ രാമു, ഭാനുപ്രിയ, രോഹിണി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചതും ഈ സിനിമയിലൂടെയാണ്. 2012ൽ റിലീസ് ചെയ്ത സമയത്ത് ഈ സിനിമക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. എന്നാൽ പിന്നീട് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും മറ്റും വന്നതോടെ ഇതൊരു കൾട്ട് ക്ലാസിക് ആയി മാറി. യുവാക്കൾക്കിടയിൽ ഇന്നും ഈ സിനിമക്ക് വലിയ സ്വാധീനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

