'കുച്ച് കുച്ച് ഹോത്താ ഹേ'യുടെ 27 വർഷം, പഴയ ചിത്രങ്ങൾ പങ്കുവെച്ച് കരൺ ജോഹർ
text_fieldsതന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ 'കുച്ച് കുച്ച് ഹോത്താ ഹേ'യുടെ 27-ാം വാർഷികം ആഘോഷിക്കുകയാണ് കരൺ ജോഹർ. ചിത്രത്തിന്റെ സെറ്റുകളിൽ നിന്നുള്ള ചില അപൂർവ നിമിഷങ്ങൾ അദ്ദേഹം സമൂഹമാധ്യമത്തിൽ പങ്കുവെച്ചു. ഷാരൂഖ് ഖാൻ, കാജോൾ, റാണി മുഖർജി, ഫറാ ഖാൻ, അർച്ചന പുരൺ സിങ്, അനുപം ഖേർ, യാഷ് ജോഹർ എന്നിവരുടെ ചിത്രങ്ങളാണ് കരൺ പങ്കുവെച്ചത്.
ചിത്രങ്ങളോടൊപ്പം, പശ്ചാത്തല സംഗീതമായി ഐക്കണിക് ട്രാക്കായ 'തും പാസ് ആയേ' ആണ് കരൺ ചേർത്തത്. '27 വർഷങ്ങൾ!!! കുച്ച് കുച്ച് ഹോത്താ ഹേയുടെ സെറ്റിൽ നിന്നുള്ള ചില മനോഹരമായ ഓർമകൾ... പ്രണയം, കളിയാക്കൽ, സന്തോഷം എന്നിവ നിറഞ്ഞ ഒരു സെറ്റ്. ഈ സിനിമക്ക് ഇപ്പോഴും നൽകുന്ന സ്നേഹത്തിന് എല്ലാവർക്കും നന്ദി...' -അദ്ദേഹം എഴുതി.
1998 ഒക്ടോബർ 16ന് ദീപാവലി വാരാന്ത്യത്തിൽ പുറത്തിറങ്ങിയ 'കുച്ച് കുച്ച് ഹോത്താ ഹേ' ഒരു വലിയ വാണിജ്യ വിജയമായിരുന്നു. യാഷ് ജോഹർ നിർമിച്ച റൊമാന്റിക് കോമഡി-ഡ്രാമ, സുഹൃത്തുക്കളായ രാഹുൽ, അഞ്ജലി, ടീന എന്നിവരുടെ ട്രയാങ്കിൾ ലവ് സ്റ്റോറിയായിരുന്നു. 1998ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഹിന്ദി ചിത്രമായും അക്കാലത്ത് മൊത്തത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായും 'കുച്ച് കുച്ച് ഹോത്താ ഹേ' മാറി.
'കുച്ച് കുച്ച് ഹോതാ ഹേ' എന്ന സിനിമയുടെ പിന്നിലെ വൈകാരിക യാത്ര കരൺ ജോഹർ പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. 'എനിക്ക് ഒരു വലിയ ഹിറ്റ് സൃഷ്ടിക്കണമെന്നുണ്ടായിരുന്നു. 'കുച്ച് കുച്ച് ഹോതാ ഹേ' എഴുതിയപ്പോൾ എനിക്ക് 24 വയസ്സായിരുന്നു. ഒരു നിർമാതാവിന്റെ മകനെന്ന നിലയിൽ, ബോക്സ് ഓഫിസ് ബിസിനസിനെക്കുറിച്ചും നമ്മുടെ രാജ്യത്തിന് വൈവിധ്യമാർന്ന പ്രേക്ഷകരുണ്ടെന്നും മനസ്സിലാക്കുന്നതിലൂടെയാണ് ഞാൻ വളർന്നത്. എന്റെ പിതാവിന്റെ മനോവീര്യം വീണ്ടെടുക്കാനാണ് ഞാൻ ഇത് ചെയ്യാൻ ആഗ്രഹിച്ചത്' - ലില്ലി സിങ്ങുമായുള്ള സംഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.
ഈ ചിത്രത്തിലൂടെ ഒരു സംവിധായകനെന്ന നിലയിൽ കരണിന്‍റെ കരിയർ ആരംഭിക്കുക മാത്രമല്ല, ബോളിവുഡിലെ മുൻനിര കഥാകൃത്തുക്കളിൽ ഒരാളായി അദ്ദേഹം മാറുകയും ചെയ്തു. പിന്നീട്, കഭി ഖുഷി കഭി ഗം, കഭി അൽവിദ നാ കെഹ്ന, മൈ നെയിം ഈസ് ഖാൻ, സ്റ്റുഡന്‍റ് ഓഫ് ദ ഇയർ, ഏ ദിൽ ഹേ മുഷ്കിൽ, റോക്കി ഔർ റാണി കി പ്രേം കഹാനി തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.
സംവിധാനത്തിനു പുറമേ, റാസി, ഷേർഷാ, ഡിയർ സിന്ദഗി, ദോസ്താന, ഹംപ്റ്റി ശർമ കി ദുൽഹാനിയ, ധടക്, കേസരി, കലങ്ക്, സ്റ്റുഡന്റ് ഓഫ് ദി ഇയർ 2, ബ്രഹ്മാസ്ത്ര: പാർട്ട് വൺ - ശിവ, കിൽ, ഹോംബൗണ്ട്, സണ്ണി സംസ്‌കാരി കി തുൾസി കുമാരി തുടങ്ങി നിരവധി ചിത്രങ്ങൾ കരൺ നിർമിച്ചിട്ടുണ്ട്. 2004 മുതൽ കോഫി വിത്ത് കരൺ എന്ന ജനപ്രിയ ടോക്ക് ഷോയും അദ്ദേഹം ആരംഭിച്ചു. കൂടാതെ ചില റിയാലിറ്റി ഷോകളിൽ വിധികർത്താവായും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
നിലവിൽ, കരൺ ജോഹർ ജിയോ ഹോട്ട്സ്റ്റാറിന്റെ വരാനിരിക്കുന്ന റിയാലിറ്റി സീരീസായ പിച്ച് ടു ഗെറ്റ് റിച്ചിന്‍റെ അവതാരകനാകാൻ ഒരുങ്ങുകയാണ്. അദ്ദേഹത്തിന്റെ സമീപകാല പ്രൊഡക്ഷനുകളായ ഹോംബൗണ്ട്, സണ്ണി സൻസ്കാരി കി തുളസി കുമാരി എന്നിവ ഇതിനകം തിയറ്ററുകളിൽ റിലീസ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

