വമ്പൻമാരെ വെട്ടിച്ച 26കാരൻ! ലോ ബഡ്ജറ്റിൽ ഒരു ഹൈക്ലാസ് ഹൊറർ ചിത്രം; ‘ഒബ്സെഷൻ’ നേടിയത് കോടികൾ
text_fieldsഒബ്സെഷൻ
ലോസ് ആഞ്ചലസ്: ബോക്സ് ഓഫീസ് വിദഗ്ദ്ധരുടെ എല്ലാ പ്രവചനങ്ങളെയും കാറ്റിൽപ്പറത്തി 'ഒബ്സെഷൻ' (Obsession) എന്ന ഹൊറർ ചിത്രം ആഗോളതലത്തിൽ വൻ വിജയമായി മാറുന്നു. മൈക്കിൾ ജാക്സന്റെ ബയോപിക് ചിത്രമായ മൈക്കിൾ, മെറിൽ സ്ട്രീപ് അഭിനയിച്ച ദി ഡെവിൾ വെയേഴ്സ് പ്രാഡ 2 തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ സാന്നിധ്യത്തിലും ബോക്സ് ഓഫീസിൽ മൂന്നാം സ്ഥാനത്തോടെയാണ് ഒബ്സെഷൻ മുന്നേറുന്നത്.
അമേരിക്കയിൽ റിലീസ് ചെയ്ത് രണ്ടാഴ്ചക്ക് ശേഷമാണ് ചിത്രം യൂണിവേഴ്സൽ പിക്ചേഴ്സ് ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ട് കോടിക്ക് മുകളിലാണ് ഇതുവരെ ചിത്രം കേരളത്തിൽ നിന്ന് മാത്രം നേടിയിരിക്കുന്നത്. ആദ്യ വാരം പതിഞ്ഞ താളത്തിൽ തുടങ്ങിയ സിനിമ രണ്ടാം വാരമായപ്പോഴേക്കും കൂടുതൽ സ്‌ക്രീനുകളിലേക്ക് കടന്നു.
ഓരോ ദിവസവും കേരളത്തിൽ സിനിമക്കായുള്ള തിരക്ക് കൂടുകയാണ്. ഒമ്പത് കോടിക്കടുത്താണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് പുറത്തുവരുന്ന വിവരം. മെയ് 15ന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം 100 കോടിക്ക് മുകളിൽ നേടിക്കഴിഞ്ഞു. ഹോളിവുഡിൽ ഇത്രയും കുറഞ്ഞ ബജറ്റിൽ സിനിമകൾ നിർമിക്കപ്പെടുന്നത് അത്യപൂർവ്വമാണ്. ഇപ്പോൾ പത്തിരട്ടിയോളമാണ് ഒബ്‌സെഷൻ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്.
ദി ഹോളിവുഡ് റിപ്പോർട്ടറുടെ കണക്കുകൾ പ്രകാരം 1982ന് ശേഷം വടക്കേ അമേരിക്കൻ ബോക്സ് ഓഫീസിൽ റിലീസ് ചെയ്ത രണ്ടാം വാരത്തിൽ ഏറ്റവും കൂടുതൽ കലക്ഷൻ വർധനവ് നേടുന്ന ചിത്രമെന്ന റെക്കോർഡ് ഒബ്സെഷൻ സ്വന്തമാക്കി. ആദ്യ വാരത്തേക്കാൾ (17.2 ദശലക്ഷം ഡോളർ) 39 ശതമാനം വർധനവോടെ രണ്ടാം വാരത്തിൽ 24 ദശലക്ഷം ഡോളറാണ് ചിത്രം നേടിയത്.
നിലവിൽ വടക്കേ അമേരിക്കയിൽ നിന്ന് മാത്രം 106.80 ദശലക്ഷം ഡോളർ നേടിയതോടെ 'ഫോക്കസ് ഫീച്ചേഴ്സ്' എന്ന പ്രമുഖ പ്രൊഡക്ഷൻ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന ചിത്രമായി ഒബ്സെഷൻ മാറി. കൂടാതെ, 2007ൽ പുറത്തിറങ്ങിയ 'പാരാനോർമൽ ആക്റ്റിവിറ്റി'ക്ക് ശേഷം ചിത്രത്തിന്റെ ബഡ്ജറ്റിന്റെ 10 മടങ്ങിലധികം തുക ആഗോള ബോക്സ് ഓഫീസിൽ നിന്ന് നേടുന്ന ആദ്യ ഹൊറർ ചിത്രമെന്ന അപൂർവ്വ നേട്ടവും ഒബ്സെഷൻ സ്വന്തമാക്കി.
ഇൻഡെ നവറെറ്റ്, മൈക്കൽ ജോൺസ്റ്റൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ കറി ബാർക്കർ എന്ന 26 വയസ്സുകാരനായ യൂട്യൂബറാണ്. That’s a bad idea എന്ന തന്റെ സ്കെച്ച് കോമഡി യൂട്യൂബ് ചാനലിലൂടെയാണ് ബാർക്കർ ശ്രദ്ധേയനാകുന്നത്. 2024ൽ വെറും 800 ഡോളർ (ഏകദേശം 66,000 ഇന്ത്യൻ രൂപ) ബഡ്ജറ്റിൽ അദ്ദേഹം സംവിധാനം ചെയ്ത് യൂട്യൂബിൽ സൗജന്യമായി റിലീസ് ചെയ്ത 'മിൽക്ക് ആൻഡ് സീരിയൽ' എന്ന ഫൗണ്ട്-ഫൂട്ടേജ് ഹൊറർ ചിത്രം സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. തുടർന്ന് അദ്ദേഹം ഒരുക്കിയ രണ്ടാമത്തെ ചിത്രമായ ഒബ്സെഷൻ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) പുരസ്കാരം നേടിയതോടെയാണ് ഫോക്കസ് ഫീച്ചേഴ്സ് ചിത്രം ഏറ്റെടുക്കുന്നത്.
പ്രശസ്ത ഹൊറർ നിർമാതാവ് ജേസൺ ബ്ലം ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി എത്തിയതും ചിത്രത്തിന് വഴിത്തിരിവായി. ആരോൺ പോൾ പ്രധാന വേഷത്തിലെത്തുന്ന കറി ബാർക്കറുടെ അടുത്ത ഹൊറർ ചിത്രമായ 'എനിതിങ് ബട്ട് ഗോസ്റ്റ്സ്' അണിയറയിൽ ഒരുങ്ങുകയാണ്. ഇതിന് പുറമെ പ്രശസ്തമായ ഹൊറർ ഫ്രാഞ്ചൈസി 'ദി ടെക്സാസ് ചെയിൻസോ മസാക്കർ' ന്റെ പത്താം ഭാഗം സംവിധാനം ചെയ്യാനുള്ള വലിയ അവസരവും പ്രമുഖ കമ്പനിയായ A24 കറി ബാർക്കർക്ക് നൽകിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

