നൂറുകോടിയുടെ സത്യകഥ
text_fieldsസുരേഷ് കുമാർ
സിനിമ മേഖലയുമായി ബന്ധപ്പെട്ട് അടുത്ത കാലത്തുണ്ടായ പ്രയോഗമാണ് ‘നൂറുകോടി ക്ലബ്’. സിനിമയുടെ വിജയ-പരാജയങ്ങളുടെ മാനദണ്ഡമായും ഈ പ്രയോഗം ഉപയോഗിക്കാറുണ്ട്. തിയറ്ററിൽ അത്രയും തുക നേടിയെന്നാണ് ഈ പ്രയോഗത്തിന്റെ സാമാന്യ അർഥം. 10 കോടി ചെലവാക്കി നിർമിച്ച ഒരു സിനിമ നൂറുകോടി ക്ലബിൽ കയറിയാൽ അതിനർഥം നിർമാതാവിന് 90 കോടി ലാഭം കിട്ടിയെന്നാണെന്ന് കരുതുന്നവരുണ്ടാകും. എന്നാൽ, അതു തെറ്റാണെന്ന് ഇതിനകം തന്നെ തെളിഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് നിർമാതാവ് സുരേഷ് കുമാർ.
100കോടി ക്ലബും പാൻ ഇന്ത്യൻ ടാഗുമെല്ലാം വെറും ‘വീരവാദം’ ആണെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല, ഈ ടാഗുകൾ അവകാശപ്പെടുന്ന സിനിമയൊന്നും ഇത്രയും തുക നേടിയിട്ടില്ലെന്നും മലയാള ചലച്ചിത്ര വ്യവസായം പൊതുവിൽ ഗുരുതര പ്രതിസന്ധിയിലാണെന്നും അദ്ദേഹം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ‘‘നൂറുകോടിയുടെ സത്യാവസ്ഥ തേടിപ്പോയാൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുക. യഥാർഥ കലക്ഷന് റിപ്പോർട്ട് ഒരു നിർമാതാവും നമുക്കു തരുന്നില്ല. കാരണം യഥാർഥ കലക്ഷൻ പുറത്തു പറഞ്ഞാൽ ആർട്ടിസ്റ്റ് നിർമാതാവിനെ അസഭ്യം വിളിക്കും. അതുകൊണ്ട് അവർക്കുപേടിയാണ്. ഗ്രോസ് കലക്ഷൻ 100കോടി വന്നാൽ നിർമാതാവിനു കിട്ടുന്നത് 30 കോടി ആയിരിക്കും. 30 കോടി ടാക്സ് പോകും. 55 ശതമാനം തിയറ്ററിന് പോകും. പ്രിന്റ്, പബ്ലിസിറ്റി ഒക്കെ ചെയ്തിട്ട് നിർമാതാവിന് എത്രയാണു കിട്ടുന്നത്. നൂറുകോടി ക്ലബ് എന്നുപറഞ്ഞ് പോസ്റ്റർ ഒട്ടിച്ച് ഇറക്കുന്നതൊന്നും വാസ്തവമല്ല’’ -അദ്ദേഹം പറഞ്ഞു.
താരങ്ങൾ പ്രതിഫലം കുറക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിർമാതാക്കളുടെ സംഘടന ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നെന്നും ബാക്കി കാര്യങ്ങൾ അതിലൂടെ വെളിപ്പെടുത്തുമെന്നും സുരേഷ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

