2025ൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഗൂഗ്ളിൽ തിരഞ്ഞ സിനിമകൾ ഇവയാണ്...
text_fieldsപുറത്തിറങ്ങിയ എല്ലാ സിനിമകളും വിജയിച്ചില്ലെങ്കിലും മികച്ച ചില ചിത്രങ്ങൾ പുറത്തിറങ്ങിയ വർഷമായിരുന്നു 2025. സിനിമയെക്കുറിച്ചും അഭിനേതാക്കളെക്കുറിച്ചും കൂടുതൽ അറിയാൻ നമ്മൾ ഗൂഗ്ളിനെ ആശ്രയിക്കാറുണ്ട്. ഇപ്പോഴിതാ, ഈ വർഷം ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ സിനിമകൾ ഏതൊക്കെയാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് ഗൂഗ്ൾ. ഒന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രം 'സൈയ്യാര' ആണ്. ഋഷഭ് ഷെട്ടിയുടെ കാന്താര: എ ലെജൻഡ് ചാപ്റ്റർ 1 ആണ് രണ്ടാം സ്ഥാനത്ത്. ലിസ്റ്റിൽ ഇടം പിടിച്ച ഏക മലയാള ചിത്രം ഉണ്ണിമുകുന്ദൻ നായകനായ മാർക്കോയാണ്.
1. സൈയ്യാര
അഹാന്‍ പാണ്ഡെയും അനീത് പദ്ദയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 'സൈയ്യാര'. മോഹിത് സൂരി സംവിധാനം ചെയ്ത ചിത്രം റിലീസായി മൂന്ന് ദിവസത്തിനകം തന്നെ 100 കോടി പിന്നിട്ടിരുന്നു. അഹാന്‍ പാണ്ഡെയുടെയും അനീത് പദ്ദയുടെയും ആദ്യ സിനിമയാണിത്. യഷ് രാജ് ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. 35 കോടി ബജറ്റിലാണ് സൈയ്യാര ഒരുക്കിയത്.
2. കാന്താര: എ ലെജൻഡ് ചാപ്റ്റർ 1
ഋഷഭ് ഷെട്ടി രുക്മിണി വസന്ത്, ഗുൽഷാൻ ദേവയ്യ, ജയറാം എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. കാന്താരയുടെ പ്രീക്വൽ ആണ് കാന്താര: എ ലെജൻഡ് ചാപ്റ്റർ 1. ആദ്യ ഭാഗത്തെക്കാൾ ഏകദേശം മൂന്നിരട്ടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. 2025ലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ഇന്ത്യൻ സിനിമയായി കാന്താര ചാപ്റ്റർ 1 മാറി.
3. കൂലി
രജനീകാന്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് കൂലി. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ആഗസ്റ്റ് 14നാണ് തിയറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും ചിത്രം ബോക്സ് ഓഫിസിൽ വിജയമായി മാറി. രജനീകാന്തിനെ കൂടാതെ, നാഗാർജുന, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, ഉപേന്ദ്ര, സത്യരാജ്, രചിത റാം, കാളി വെങ്കട്ട്, കണ്ണ രവി, ആമിർ ഖാൻ തുടങ്ങി വൻ താരനിര ചിത്രത്തിലുണ്ട്.
4. വാർ 2
ഹൃത്വിക് റോഷനും ജൂനിയർ എൻ.ടി.ആറും പ്രധാന വേഷങ്ങളിൽ എത്തിയ ആക്ഷൻ പാക്ക്ഡ് സ്പൈ ത്രില്ലർ ചിത്രമാണ് വാർ 2. കിയാര അദ്വാനിയും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. അയൻ മുഖർജിയാണ് ചിത്രത്തിന്‍റെ സംവിധാനം. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ആദ്യ ദിവസം തന്നെ 29 കോടി രൂപ നേടിയിരുന്നു. ഇന്ത്യയിൽ നിന്ന് ചിത്രം 230 കോടിയിലധികം നേടിയതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിമർശനാത്മക അവലോകനങ്ങൾ ഉണ്ടായിരുന്നിട്ടും ചിത്രം മികച്ച കലക്ഷൻ നേടി.
5. സനം തേരി കസം
2016ൽ പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമാണ് സനം തേരി കസം. ഫെബ്രുവരിയിൽ വീണ്ടും റിലീസ് ചെയ്തിരുന്നു. ഹർഷ്‌വർദ്ധൻ റാണെയും മാവ്‌റ ഹോക്കെയ്‌നുമാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആദ്യം റിലീസ് ചെയ്തപ്പോൾ ചിത്രം പരാജയമായിരുന്നു. എന്നാല്‍ റീ റിലീസില്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്.
6. മാർക്കോ
ലിസ്റ്റിൽ ഇടം പിടിച്ച ഏക മലയാള ചിത്രമാണ് മാർക്കോ. ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായെത്തിയ 'മാർക്കോ' മികച്ച കലക്ഷൻ നേടിയിരുന്നു. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമിച്ചത്. ജഗദീഷ്, സിദ്ദീഖ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ ബോളിവുഡ് താരങ്ങളും ഒട്ടേറെ പുതുമുഖ താരങ്ങളും മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രമായ മാർക്കോയുടെ ഭാഗമായിട്ടുണ്ട്.
7. 'ഹൗസ്ഫുൾ 5
ബോളിവുഡിലെ ഹിറ്റ് ഫ്രാഞ്ചൈസികളിൽ ഒന്നാണ് 'ഹൗസ്ഫുൾ'. 2010 ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം വൻ വിജയമായതിനെത്തുടർന്ന് ചിത്രത്തിന്റേതായി അഞ്ച് ഭാഗങ്ങൾ ഇതുവരെ പുറത്തുവന്നിട്ടുണ്ട്. അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രങ്ങളൊക്കെയും വലിയ വിജയമായിരുന്നു. അഭിഷേക് ബച്ചനും റിതേഷ് ദേശ്മുഖും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
8. ഗെയിം ചെയ്ഞ്ചർ
തെന്നിന്ത്യൻ താരം രാം ചരണും സംവിധായകൻ ശങ്കറും ആദ്യമായി ഒന്നിച്ച ചിത്രമാണ് ഗെയിം ചെയ്ഞ്ചർ. പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ് ചിത്രം. ബോക്സ്ഓഫിസിൽ വൻ പരാജയമായിരുന്ന ചിത്രം ജനുവരി 10നാണ് തിയറ്ററുകളിലെത്തിയത്. 450 കോടി മുതൽ മുടക്കിലാണ് ചിത്രം ഒരുക്കിയത്. 80 ലക്ഷം മാത്രമാണ് ചിത്രത്തിന് കേരളത്തിൽ നിന്ന് നേടാനായത്. ഒരു ശങ്കർ ചിത്രം കേരളത്തിൽ നിന്ന് നേടുന്ന ഏറ്റവും കുറഞ്ഞ കളക്ഷൻ ആണ് ഗെയിം ചേഞ്ചറിന്‍റേത്.
9. മിസിസ്
സന്യ മൽഹോത്ര പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രമാണ് മിസിസ്. വിവാഹശേഷം സാമൂഹിക വ്യവസ്ഥകളോടും പുരുഷാധിപത്യ കുടുംബത്തോടും പോരാടുന്ന ഒരു സ്ത്രീയുടെ യാത്രയാണ് സിനിമ. 2021ൽ പുറത്തിറങ്ങിയ മലയാള ചിത്രമായ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ റീമേക്കാണ് ഇത്. ആരതി കടവ് സംവിധാനം ചെയ്ത ചിത്രം 2024ലാണ് പുറത്തിറങ്ങിയത്.
10. മഹാവതാർ നരസിംഹ
2024ൽ പുറത്തിറങ്ങിയ ആനിമേറ്റഡ് ചിത്രമാണ് മഹാവതാർ നരസിംഹ. അശ്വിൻ കുമാർ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം ജയപൂർണ ദാസ് രചിച്ച് ക്ലീം പ്രൊഡക്ഷൻസാണ് നിർമിച്ചത്. ഹോംബാലെ ഫിലിംസ് അവതരിപ്പിക്കുന്ന ഈ ചിത്രം, വിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ അടിസ്ഥാനമാക്കി ഏഴ് ഭാഗങ്ങളുള്ള ആനിമേറ്റഡ് മഹാവതർ സിനിമാറ്റിക് യൂനിവേഴ്‌സിലെ ആദ്യ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

