'മാപ്പ് പറയേണ്ട കാര്യമില്ല' തഗ് ലൈഫ് കർണാടകയിൽ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തോട് പ്രതികരിച്ച് കമൽ ഹാസൻ
text_fieldsചെന്നൈ: കന്നഡ ഭാഷ സംബന്ധിച്ച തന്റെ പ്രസ്താവന കർണാടകയിൽ വലിയ വിവാദം സൃഷ്ടിക്കുമ്പോഴും കുലുക്കമില്ലാതെ നടൻ കമൽ ഹാസൻ. 'താൻ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ മാപ്പ് പറയേണ്ടതുള്ളൂ.' ഡി.എം.കെ പിന്തുണയോടെ അടുത്ത മാസം രാജ്യസഭ എം.പിയായി സ്ഥാനമേൽക്കാനിരിക്കുന്ന കമൽ ഹാസൻ പറഞ്ഞു.
കന്നഡ ഭാഷയുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ കമൽഹാസൻ വെള്ളിയാഴ്ചക്കകം മാപ്പ് പറയാത്തപക്ഷം അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘തഗ് ലൈഫ്’ കർണാടകയിൽ പ്രദർശിപ്പിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കോമേഴ്സ് (എഫ്.കെ.സി.സി) പ്രസിഡന്റ് എം. നരസിംഹലു പ്രഖ്യാപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'നേരത്തേയും ഇത്തരത്തിൽ ഭീഷണിക്ക് വിധേയനായിട്ടുണ്ട്. പക്ഷെ സ്നേഹം മാത്രമാണ് എല്ലായ്പ്പോഴും വിജയിക്കുക. കർണാടകയോടും ആന്ധ്രപ്രദേശിനോടും കേരളത്തിനോടുമുള്ള എന്റെ സ്നേഹം സത്യസന്ധമാണ്. പ്രത്യേക അജണ്ട ഉള്ളവർക്ക് മാത്രമാണ് അതിൽ സംശയം തോന്നുകയുള്ളൂ' അദ്ദേഹം പറഞ്ഞു.
'ഇത് ജനാധിപത്യ രാജ്യമാണ്. ഇവിടത്തെ നിയമവ്യവസ്ഥയിലും നീതിയിലും ഞാൻ വിശ്വസിക്കുന്നു.' മക്കൾ നീതി മെയ്യം നേതാവായ കമൽ ഹാസൻ പറഞ്ഞു.
വ്യാഴാഴ്ച ബംഗളൂരുവിൽ ചേർന്ന ഫിലിം ചേംബർ ഓഫ് കോമേഴ്സ് യോഗത്തിന് ശേഷം യോഗ തീരുമാനം വിശദീകരിക്കവെയാണ് മാപ്പ് പറഞ്ഞില്ലെങ്കിൽ സിനിമ നിരോധിക്കുമെന്ന് നരസിംഹലു പ്രഖ്യാപിച്ചത്.
‘‘പല കന്നഡ ഗ്രൂപ്പുകളും കമലിന്റെ സിനിമക്ക് നിരോധനം ആവശ്യപ്പെടുന്നുണ്ട്. നിലവിലെ വിവാദത്തിൽ അദ്ദേഹം മാപ്പു പറയണമെന്നാണ് ഞങ്ങളുടെയും ആവശ്യം. അദ്ദേഹം പറഞ്ഞത് തെറ്റായ കാര്യമാണ്. അദ്ദേഹവുമായി കാണാനും സംസാരിക്കാനും ഞങ്ങൾ ശ്രമം നടത്തുന്നുണ്ട്. അദ്ദേഹം വെള്ളിയാഴ്ചക്കകം മാപ്പുപറഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ സിനിമ പ്രദർശിപ്പിക്കേണ്ടെന്നാണ് തീരുമാനം’’ -നരസിംഹലു പറഞ്ഞു.
ഭാഷയുമായി ബന്ധപ്പെട്ട് എപ്പോൾ വിവാദമുണ്ടായാലും കന്നഡിഗർ ഒന്നിച്ചുനിൽക്കണമെന്ന് നടി ജയമാല പറഞ്ഞു. കമൽഹാസൻ പറഞ്ഞത് അറിഞ്ഞോ അറിയാതെയോ ആണെങ്കിലും ആ പ്രസ്താവന തെറ്റാണ്. കന്നഡ തമിഴിൽനിന്ന് ജനിച്ചതല്ല - അവർ പറഞ്ഞു.
കന്നഡ ഭാഷക്കുപോലും ജന്മം നൽകിയത് തമിഴ് ഭാഷയാണെന്ന കമൽഹാസന്റെ പ്രസ്താവനയാണ് വിവാദമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

