മാലിന്യമലകൾ ഹരിത ഉദ്യാനങ്ങളാകുന്നു; ഐ.എഫ്.എഫ്.കെയിൽ വി.ആർ ചെക്ക്
text_fieldsവി ആർ ഷോ കാണുന്ന ഡെലിഗേറ്റ്
തിരുവനന്തപുരം: മലപ്പുറം സ്വദേശിനി നിയ തലസ്ഥാനത്തെ പ്രമുഖ കോളേജിലാണ് പഠിക്കുന്നത്. തിരുവനന്തപുരത്തോടുള്ള ഇഷ്ടം കൊണ്ട് ഇവിടേക്ക് വണ്ടി കയറിയതാണ്. ഇവിടെ എത്തിയ ശേഷമുള്ള ഐ.എഫ്.എഫ്.കെ നിയയും സുഹൃത്തും മിസാക്കാറില്ല. സിനിമ കാണലിനിടെ വീണുകിട്ടിയ സമയത്ത് ചലച്ചിത്ര മേളയിലെ സ്റ്റാളുകൾ സന്ദർശിക്കാൻ ഇരുവരുമെത്തി. ഇതിനിടെ, കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെ.എസ്.ഡബ്ല്യു.എം.പി) സ്റ്റാളിൽ നിയയുടെ കണ്ണുടക്കി.
സ്വന്തം നാടായ മലപ്പുറം പുലിയേറ്റുമ്മല്ലിലെ മാലിന്യക്കൂമ്പാരങ്ങൾ ഹരിത ഉദ്യാനമായും കളിക്കളമായും രൂപാന്തരം പ്രാപിച്ച അവിശ്വസനീയമായ മാറ്റമായിരുന്നു നിയയെ അത്ഭുതപ്പെടുത്തിയത്. ആ മാറ്റം നിയ സ്വയം അനുഭവിച്ചറിഞ്ഞത് സ്റ്റാളിൽ സജ്ജീകരിച്ചിരിക്കുന്ന വെർച്വൽ റിയാലിറ്റി (വി.ആർ) ചെക്കിലൂടെയാണ്. സ്വന്തം നാടായിട്ടും ഇതുപോലൊരു മാലിന്യക്കൂമ്പാരത്തെ കുറിച്ച് തനിക്ക് അത്രയേറെ അറിവൊന്നും ഇല്ലായിരുന്നെന്നും നേരിട്ട് കണ്ടിട്ടില്ലെന്നും പറഞ്ഞ നിയ വിആർ റിയാലിറ്റിയിലൂടെ നാട്ടിലെ മാലിന്യക്കൂമ്പാരം കണ്ടു, പിന്നീട് അതൊരു ഉദ്യാനമായി മാറിയതെങ്ങനെയെന്നും അനുഭവിച്ചറിഞ്ഞു.
ഇത്തരത്തിൽ സംസ്ഥാനത്ത് ഒരിക്കൽ മാലിന്യക്കൂമ്പാരങ്ങളായി കിടന്ന സ്ഥലങ്ങൾ മനോഹരമായ ഹരിത ഉദ്യാനങ്ങളായി മാറിയ അത്ഭുതങ്ങളാണ് വിആർ ഹെഡ് സെറ്റിലൂടെ ചലച്ചിത്രമേളയിലെ കാഴ്ചക്കാർക്ക് അനുഭവവേദ്യമാകുന്നത്. 12 ദിവസം തുടർച്ചയായി കത്തിക്കൊണ്ടിരുന്ന ബ്രഹ്മപുരം മാലിന്യ പ്ലാന്റ് കൊച്ചി നഗരത്തിന് സൃഷ്ടിച്ച പ്രതിസന്ധി ചെറുതൊന്നുമായിരുന്നില്ല. അങ്ങനെയുള്ള ബ്രഹ്മപുരം അന്ന് എങ്ങനെയായിരുന്നെന്നും ഇന്ന് ആ മാലിന്യമലയ്ക്ക് പകരമായി അവിടത്തെ ഭൂമി വീണ്ടെടുത്തത് എങ്ങനെയെന്ന മറ്റൊരു വിആർ ചെക്കും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

