വീട്ടിലേക്കുള്ള വഴി ഇനി ‘അച്ചൻകുഞ്ഞ് റോഡ്’; നടൻ അച്ചൻകുഞ്ഞിന്റെ ഓർമക്ക് റോഡിന് പേരിട്ടു
text_fieldsവീടിനുമുന്നിലെ അച്ചൻകുഞ്ഞ് റോഡിൽ മകൻ സാജൻ
കോട്ടയം: പഴയ ബോട്ടുജെട്ടിക്കു സമീപത്തെ വീടിനുമുന്നിലെ കുഞ്ഞുറോഡിൽനിന്ന് 50ാം വയസ്സിൽ മലയാള സിനിമയിലേക്ക് നടന്നുകയറിയ ഒരാളുണ്ട്. ആദ്യസിനിമയിൽ തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡുമായി അദ്ദേഹം മടങ്ങിയെത്തിയതും ഈ വഴിയിലൂടെ തന്നെ. മൂന്നര പതിറ്റാണ്ടിനുശേഷം ആ വഴി അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുകയാണ്; ‘അച്ചൻകുഞ്ഞ് റോഡ്’ എന്ന പേരിൽ.
മകൻ സാജനും അദ്ദേഹം അംഗമായ ഫിൽകോസ് സംഘടനയും നടത്തിയ ഇടപെടലുകളാണ് റോഡ് യാഥാർഥ്യമാക്കിയത്. വീടിനുമുന്നിലെ റോഡിന് പിതാവിന്റെ പേരിടണമെന്നാവശ്യപ്പെട്ട് സാജൻ മുനിസിപ്പാലിറ്റിക്ക് കത്ത് നൽകിയിരുന്നു. ഇക്കഴിഞ്ഞ കാനം രാജേന്ദ്രൻ- അച്ചൻകുഞ്ഞ് അനുസ്മരണത്തിനിടെ ഫിൽകോസ് സെക്രട്ടറി പി.കെ. ആനന്ദക്കുട്ടൻ മന്ത്രി വി.എൻ. വാസവനും തിരുവഞ്ചൂർ രാധാകൃഷ്ണനും മുന്നിൽ വിഷയം അവതരിപ്പിച്ചു.
ബോട്ട് ജെട്ടിയിലെ ചുമട്ടുകാരനായിരുന്നു അച്ചൻകുഞ്ഞ്. പത്മരാജന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ‘ലോറി’ എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം. ആറുവർഷത്തെ ചെറിയ കാലയളവിൽ നാൽപതോളം സിനിമകളിൽ അഭിനയിച്ചു.
നാട്ടുമ്പുറത്തുകാരന്റെ പരുക്കൻ മുഖവും മുഴക്കമുള്ള ശബ്ദവുമാണ് അച്ചൻകുഞ്ഞിലെ വില്ലനെ ശ്രദ്ധേയനാക്കിയത്. 1950 ൽ ‘വിധി’ എന്ന നാടകത്തിലൂടെയാണ് അരങ്ങിലെത്തിയത്. പണിക്കിടെ ചാക്കുവീണ് മുഖത്തും കണ്ണിനും പരിക്കേറ്റിരുന്നു. ഏറെനാളത്തെ ചികിത്സക്കുശേഷവും പരിക്കിന്റെ അടയാളങ്ങൾ മുഖത്ത് ബാക്കിയായി.
‘ലോറി’യിലെ വില്ലൻ വേഷത്തിന് ചേർന്ന മുഖം തേടിയ പത്മരാജനു മുന്നിലേക്ക് അച്ചൻകുഞ്ഞിനെ എത്തിച്ചത് നടനും നിർമാതാവുമായ പ്രോംപ്രകാശ് ആണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

