കളരി അഭ്യസിക്കാൻ മറാത്തി നടി ശ്വേത പരദേശി ആലത്തൂരിൽ
text_fieldsമറാത്തി നടി ശ്വേത പരദേശി ആലത്തൂർ ബോധിയിൽ കളരി
അഭ്യസിക്കുന്നു
ആലത്തൂർ: കളരിപ്പയറ്റ് പഠിക്കാൻ മറാത്തി സിനിമ നടി പൂനെ സ്വദേശി ശ്വേത പരദേശി ആലത്തൂരിലെത്തി. ഇപ്പോഴത്തെ സാഹചര്യത്തിൽ സ്ത്രീകൾ ഏതെങ്കിലും ആയോധന കല പഠിച്ചിരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ശ്വേതയുടെ അഭിപ്രായം.
ഓൺലൈൻ വഴിയാണ് ഇവർ കളരിപ്പയറ്റിനെക്കുറിച്ച് അറിയുന്നത്. ബൈജു മോഹൻദാസ് ഗുരുക്കളാണ് അഭ്യസിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ ഓൺലൈൻ ക്ലാസിൽ 14 രാജ്യങ്ങളിൽനിന്നുള്ള എൺപതോളം പേർ ബോധി കളരിപ്പയറ്റ് സെന്റർ വഴി കളരി പഠിക്കുന്നുണ്ട്. ആയോദന കലയുടെ അടിസ്ഥാനമാണ് കളരിപ്പയറ്റെന്നും അത് ഭാരത സംസ്കാരത്തിന്റെ ഭാഗമാണെന്നും അറിഞ്ഞതോടെ അതിന്റ ഈറ്റില്ലത്തിൽനിന്ന് തന്നെ അഭ്യസിക്കണമെന്ന് തീരുമാനിച്ചാണ് കേരളത്തിലെത്തിയത്.
പാലക്കാട്ടെ ഇപ്പോഴത്തെ കൊടും ചൂടിൽ നിർത്താതെ നാല് മണിക്കൂറോളം അഭ്യസിക്കുകയാണ് ഈ യുവതി. ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോ താരമായ ഇവർ മോഡലിങ്ങും ചെയ്യുന്നുണ്ട്. പുനെയിൽ സ്വന്തമായി ഡാൻസ് സ്കൂളുണ്ട്. പിതാവ് മറാട്ടി മൂവീസിലെ നൃത്ത കൊറിയോഗ്രാഫറാണ്.