ജന്മനാട് മമ്മൂട്ടിയുടെ കഥ പറയുേമ്പാൾ....
text_fieldsഅരൂർ: മലയാളികളാകെ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ആഘോഷിക്കുമ്പോൾ പിറന്ന നാടായ ചന്തിരൂരിലെ ബാല്യകാല സുഹൃത്തുക്കളും, കൂടെ പഠിച്ചവരും പഴയ കാര്യങ്ങൾ ഓർത്തെടുക്കുകയാണ്. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ മമ്മൂട്ടി പഠിച്ചത് ചന്തിരൂർ ഗവർമെന്‍റ് ഹൈസ്കൂളിലായിരുന്നു. സ്കൂളിന്‍റെ നൂറാം വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ വർഷങ്ങൾക്കുശേഷം മമ്മൂട്ടി എത്തിയത് നാടിന് ആഘോഷമായിരുന്നു.
മമ്മൂട്ടി അഭിനയിച്ച ഒരു സിനിമയിലെ ദൃശ്യങ്ങൾ പോലെ ചിലകാര്യങ്ങൾ ഓർമ്മയിൽ നിന്നെടുത്ത് അന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായി താൻ മുണ്ടുടുത്തത് ചന്തിരൂരിൽ വച്ചാണ്. അടിയിൽ നിക്കർ ഇടാതെ സ്കൂളിൽ വന്നപ്പോൾ ടീച്ചർ കളിയാക്കിയത്, ആയിരങ്ങളുടെ ആർത്തലച്ചുള്ള ചിരികൾക്കിടയിലാണ് മമ്മൂട്ടി പറഞ്ഞത്.പെൺവേഷം കെട്ടി ആദ്യമായി നാടകാഭിനയം നടത്തിയ കാര്യവും മമ്മൂട്ടി ഓർമയിൽനിന്ന് ചികഞ്ഞെടുത്തു.
ചന്തിരൂർ പണ്ടാരപറമ്പിൽ ഇസ്മയിലിന്‍റെയും ഫാത്തിമയുടെയും മകനാണ് മമ്മൂട്ടി. 1951 സെപ്റ്റംബർ ഏഴാം തീയതി മമ്മൂട്ടി ജനിച്ചത് അമ്മയുടെ നാടായ ചന്തിരൂരിൽ ആണ്. നിലത്തെഴുത്ത് ആശാൻ കളരിയിലും ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ അന്ന് മുഹമ്മദ് കുട്ടിയായിരുന്ന മമ്മൂട്ടി പഠിച്ചത് ഇവിടെയാണ്. പിന്നീട് പിതാവിന്‍റെ നാടായ വൈക്കം, ചെമ്പിലേക്ക് താമസം മാറ്റുകയും തുടർന്നുള്ള സ്ക്കൂൾ വിദ്യാഭ്യാസം കുലശേഖരമംഗലം ഗവ.ഹൈസ്കൂളിൽ പൂർത്തീകരിക്കുകയുമാണ് ഉണ്ടായത്.
സിനിമയിൽ തിരക്കാകുന്നതിനു മുമ്പും കോളേജ് വിദ്യാഭ്യാസ കാലത്തും ചന്തിരൂരിൽ ഇടക്കിടെ വരാറുണ്ടായിരുന്നു. ഹൈവേയിൽ ചന്തിരൂർ ഗവ.ഹൈസ്ക്കൂളിന്‍റെ വടക്കുവശത്തായിരുന്നു മമ്മൂട്ടിയുടെ അമ്മവീട്. സ്കൂളിലെ ശതാബ്ദി ആഘോഷചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ കൂടെ പഠിച്ചവരിൽ പലരും ഓർമ്മ പുതുക്കാൻ എത്തിയിരുന്നു. ഓരോരുത്തരെയും ഓർത്തെടുത്തും പഴയ കാര്യങ്ങൾ പറഞ്ഞും സൗഹൃദം പങ്കു വച്ചുമാണ് മമ്മൂട്ടി അന്ന് യാത്ര പറഞ്ഞത്. നാടിന്‍റെ ആദരവായി ഫലകം പി.ടി എ പ്രസിഡന്‍റും പൂർവ്വ വിദ്യാർത്ഥിയുമായ കെ.എ ഷറഫുദ്ദീൻ അന്ന് മമ്മൂട്ടിക്ക് നൽകി. ചടങ്ങിൽ എം.എൽ.എ ആയിരുന്ന എ.എം ആരീഫ് എം.പിയും പങ്കെടുത്തിരുന്നു. പഠിച്ച സ്കൂളിൽ മമ്മൂട്ടി എത്തിയത് അന്ന് സവിശേഷമായ വാർത്തയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

