Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightഗായിക ആശാ ഭോസ്‌ലെ...

ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു

text_fields
bookmark_border
ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു
cancel

മുംബൈ: ബോളിവുഡിന്റെ ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ (92) വിടവാങ്ങി. നെഞ്ചിലെ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന, നഗരത്തിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ശനിയാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവിതത്തിൽ താങ്ങും തണലുമായിരുന്ന സഹോദരി, ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കർ വിടപറഞ്ഞ് നാല് വർഷങ്ങൾക്ക് ശേഷമാണ് ആശയും വിടവാങ്ങുന്നത്. ഗ്രാമി പുരസ്കാരത്തിനു നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായിക, ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോഡ് ചെയ്ത ഇന്ത്യൻ ഗായിക എന്നീ ബഹുമതികൾക്ക് ഉടമയാണ്. സംസ്കാരം തിങ്കളാഴ്ച ശിവജി പാർക്കിൽ.

ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. മലയാളം ഉൾപ്പെടെ 20 ഭാഷകളിലായി 12,000ത്തിലധികം പാട്ടുകൾ പാടിയ ആശ രണ്ടുവട്ടം മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും നേടി. മറാത്തി സംഗീത നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശേവന്തിയുടേയും മകളായി സാംഗ്ളിയിലായിരുന്നു ജനനം. ഹൃദ്യനാഥ്, ഉഷ, മീന എന്നിവരാണ് മറ്റു സഹോദരങ്ങൾ. ലതക്കൊപ്പം അച്ഛന്റെ ശിക്ഷണത്തിലായിരുന്നു സംഗീത പഠനം. ഒമ്പതാം വയസ്സിൽ പിതാവ് മരിച്ചതോടെ ജ്യേഷ്ഠ സഹോദരി ലതക്ക് പിന്നാലെ പിന്നണി ഗാനരംഗത്ത് എത്തുകയായിരുന്നു. പിതാവിെന്റ മരണത്തോടെ കുടുംബം മുംബൈയിലേക്ക് ചേക്കേറി.

1943ൽ മാജാ ബൽ എന്ന മറാത്തി സിനിമയിലെ ഗാനത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1948ൽ ചുനരിയ, അന്ധോം കി ദുനിയ എന്നീ ചിത്രങ്ങളിലൂടെയാണ് ഹിന്ദി സിനിമയിലേക്കുള്ള വരവ്. പിന്നാലെ വന്ന രാത് കി റാണിയിലാണ് തനിച്ച് പാടാനുള്ള ആദ്യവസരം ലഭിച്ചത്. ’50കളുടെ മധ്യത്തിൽ ഒ.പി. നയ്യാറുമായുള്ള കൂട്ടുകെട്ടായിരുന്നു പാട്ട് ജീവിതത്തിലെ വഴിത്തിരിവ്. 1956ലെ ‘സി.ഐ.ഡി’ ആയിരുന്നു തുടക്കം. ആ ബന്ധം 1974 വരെ തുടർന്നു. ഖയ്യാം, ശങ്കർ-ജയ്കിഷൻ, രവി, ആർ.ഡി. ബർമൻ, ബപ്പിലാഹിരി, അനുമാലിക്, എ.ആർ. റഹ്മാൻ, ഇളയരാജ തുടങ്ങിയ സംഗീത സംവിധായകരുടെയും ഇഷ്ട ഗായികയായി മാറി. ഇവരുടെ കൂട്ടുകെട്ടിലും ഹിറ്റുകൾ പിറന്നു. പോപ്, കാബറെ, റോക്ക്, ഡിസ്‌കൊ, ഗസൽ, ക്ലാസിക്കൽ തുടങ്ങി കാലത്തെ അതിജയിച്ച സംഗീത പരീക്ഷണങ്ങളിലൂടെ എല്ലാ തലമുറയുടെയും പ്രിയ ഗായികയായി.

ശംശാദ് ബീഗവും ഗീത റോയിയും ലതാ മങ്കേഷ്‌കറും വാണ പിന്നണി ഗാനരംഗത്ത് തന്റെതായ ശൈലി മുറുകെപ്പിടിച്ചാണ് ആശ ചുവടുവെച്ചത്. ഉസ്താദ് അലി അക്ബർ ഖാന്റെ ‘ലെഗസി’ (1997), ‘യു ഹാവ് സ്റ്റോളൻ മൈ ഹാർട്ട്’ (2006) എന്നീ ആൽബങ്ങളിലെ പാട്ടുകൾക്കാണ് ഗ്രാമി പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടത്. ‘സുജാത’യിലെ ‘സ്വയംവര ശുഭദിന മംഗളങ്ങൾ’ എന്ന ഗാനമാണ് ആശ പാടിയ ഏക മലയാള സിനിമ ഗാനം. സിനിമാ രംഗത്തുനിന്ന് പതിയെ പിൻവാങ്ങിയ ആശയെ 1995ൽ രംഗീല എന്ന ചിത്രത്തിലൂടെ എ.ആർ. റഹ്മാൻ തിരിച്ചുകൊണ്ടുവരുകയായിരുന്നു. പിന്നീട് 2022ൽ സഹോദരി ലത മങ്കേഷ്‍കറുടെ മരണത്തോടെ സംഗീത വേദികളിൽനിന്ന് പിൻവലിഞ്ഞു.

സംഗീത രംഗത്ത് സഹോദരിമാർ തമ്മിൽ കടുത്ത മത്സരമുണ്ടെന്ന് അഭ്യൂഹങ്ങൾ പടർന്നിരുന്നു. ആശ തന്റെ 16ാം വയസ്സിൽ കുടുംബത്തെ അവഗണിച്ച് ഗൺപത്‌റാവു ഭോസ്‌ലെയെ വിവാഹംചെയ്തതോടെ ലതയുമായി അകന്നെങ്കിലും പിന്നീട് തിരിച്ചെത്തി. ആനന്ദ്, പരേതരായ വർഷ, ഹേമന്ത് എന്നിവർ ഈ ബന്ധത്തിലുള്ള മക്കളാണ്. 1966ൽ ഭർത്താവുമായി വേർപിരിഞ്ഞ ആശ 1980ൽ, തന്റെ സംഗീത ജീവിതത്തിന് പൂർണത പകർന്നുനൽകിയ ആർ.ഡി. ബർമന്റെ ഭാര്യയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asha bhosleDeathnewsIndian musicianplayback singer
News Summary - Legendary Playback Singer Asha Bhosle Passes Away at 92; End of a Musical Era
Next Story