ഐ.ഡി.എസ്.എഫ്.എഫ്.കെ: ഭാഷ അന്യവത്ക്കരണം ചർച്ച ചെയ്ത് മീറ്റ് ദ ഡയറക്ടർ
text_fieldsതിരുവനന്തപുരം: ഭാഷയുടെ പേരിലുള്ള അന്യവത്കരണവും ആവിഷ്കാര പ്രതിസന്ധികളും ചർച്ച ചെയ്ത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിലെ(ഐ.ഡി.എസ്.എഫ്.എഫ്.കെ) മീറ്റ് ദ ഡയറക്ടർ സംവാദം. കൈരളിയിൽ നടന്ന പരിപാടിയിൽ വിവിധ വിഭാഗങ്ങളിലായി പ്രദർശിപ്പിച്ച 13 ചിത്രങ്ങളുടെ പ്രവർത്തകർ പങ്കെടുത്തു. ഭാഷയുടെ പേരിൽ രാജ്യത്തുടനീളം നടക്കുന്ന അന്യവത്കരണം യാഥാർഥ്യമാണെന്ന് മദർ ടങ് ചിത്രത്തിന്റെ സംവിധായകൻ ആയുഷ് സിങ് പറഞ്ഞു. മുംബൈയിൽ മറാഠി സംസാരിക്കാത്ത വിഭാഗങ്ങളോട് നിലനിൽക്കുന്ന ഭാഷ വിവേചനമാണ് ഇതിന്റെ പ്രമേയം. ഭാഷ ഇന്ത്യക്കാരെ കൂടുതൽ ഭിന്നിപ്പിക്കാനല്ല, മറിച്ച് ഒന്നിച്ചുചേർക്കാനാണ് സഹായിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മേളയിലെ ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം സംവിധായകൻ കമൽ കെ.എം ചൂണ്ടിക്കാട്ടി.
അസമിലെ ഉൽഫ പ്രസ്ഥാനത്തിന്റെയും പ്രാദേശിക കലാപങ്ങളുടെയും ഉദയം അവിടത്തെ സിനിമ മേഖലയെ മാറ്റിമറിച്ചതിനെപ്പറ്റി ഡ്രീംസ് ഓഫ് എ ഫോർഗോട്ടൻ പാസ്റ്റ് സംവിധായകൻ കല്പജ്യോതി ഭൂയാൻ വിശദീകരിച്ചു. ജാതിവിവേചനത്തിന്റെയും പാർശ്വവത്കരണത്തിന്റെയും ഒടിഞ്ഞ ചിറകുകളോട് കൂടിയുള്ള പക്ഷിയാണ് സമൂഹമെന്ന് മരം, മരംകൊത്തിയുടെ സംവിധായകൻ ഡാർവിൻ അണ്ണാകുമാർ പറഞ്ഞു.
വേണുഗോപാൽ ആർ. (മുടിയേറ്റ്), കമൽ കെ.എം. (ദി മേക്കിങ് ഓഫ് പൊളിറ്റിക്കൽ ഉബു), ഡാർവിൻ അണ്ണാകുമാർ (മരം മരംകൊത്തി), സിറിൽ സിറിയക് (ലൈക്ക് ദി ബേർഡ്സ്), അരവിന്ദ് റോയ് (ഹാർട്ട് അറ്റാക്ക്), കൽപജ്യോതി ഭൂയാൻ (ഡ്രീംസ് ഓഫ് എ ഫോർഗോട്ടൻ പാസ്റ്റ്), തഷ്മിൻ മജുംദാർ (ബേർഡ്സ് നെസ്റ്റ് ഇൻ സ്റ്റോം), മാൻസിങ് ബാസ്കെ (സേക്രഡ് സാൽ ട്രീ), ഷായാർ ഗാന്ധി (കറസ് മി), പ്രാചി ചൗഗുലെ (ആൻ ഓയിസ്റ്റർ ലൈഫ്), കല്യാണി ബി. (മിറാഷ്), ആയുഷ് സിങ് (മദർ ടങ്), ഋത്വിക് ദീപ (ദി ഷാഡോ ഓഫ് ടൈം) എന്നിവർ സംസാരിച്ചു. ഡോ. രാജേഷ് ജെയിംസ് മോഡറേറ്ററായി.
നിലനിൽപ്പിന്റെ രാഷ്ട്രീയം പറയുന്ന ഗ്ലോബ്
അന്താരാഷ്ട്ര ഡോക്യുമെൻററി ഹ്രസ്വ ചിത്രമേളയിൽ ശ്രദ്ധേയമായി ഷിജിൻ ഗോവിന്ദ് സംവിധാനം ചെയ്ത ദി ഗ്ലോബ്. പുതുതായി പ്രദർശനാനുമതി ലഭിച്ചതിനെ തുടർന്ന് നിറഞ്ഞ സദസിലാണ് ചിത്രം പ്രദർശിപ്പിക്കപ്പെട്ടത്.
കുഞ്ഞാമൻ, മകൻ നാലാം ക്ലാസുകാരനായ കരിയൻ എന്നിവരിലൂടെയാണ് ചിത്രം കഥ പറയുന്നത്. ആദിവാസി സമൂഹത്തിന്റെ മണ്ണുമായുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന എൻ. പ്രഭാകരന്റെ ഗ്ലോബ് എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. മറ്റെന്തുവേണമെങ്കിലും സമ്മാനമായി നൽകാമായിരുന്നിട്ടും എന്തുകൊണ്ടാണ് ഒരു നാലാം ക്ലാസുകാരന് ഗ്ലോബ് സമ്മാനിക്കുന്നതെന്ന് ചോദിച്ചാൽ ഉത്തരം ഒന്നേയുള്ളു. ഞാനും നീയുമുൾപ്പെടുന്ന മണ്ണിന്റെ ചെറിയ പതിപ്പാണ് ഗ്ലോബ്.
ഇടത്തിന്റെ, സ്വത്വത്തിന്റെ, നിലനിൽപ്പിന്റെ പ്രതീകമായി ഗ്ലോബിനെ ചിത്രീകരിക്കുമ്പോൾ അത് വിരൽ ചൂണ്ടുന്നത് കേരളത്തിലെ മാത്രമല്ല ആഗോള തലത്തിൽ ആദിവാസി സമൂഹങ്ങൾ നേരിടുന്ന പ്രതിസന്ധികളിലേക്ക് കൂടിയാണ്. പൂർണമായി അട്ടപ്പാടിയിലെ ഊരുകളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗ്ലോബ്, സ്വന്തം മണ്ണിനോട് ചേർന്നുനിൽക്കുന്ന ജനതയുടെ വൈകാരിക ആവിഷ്കാരമാണ്.
ഇന്ന് 65 ചിത്രങ്ങൾ പ്രദർശനത്തിന്
പുതുതായി പ്രദർശനാനുമതി ലഭിച്ച ചിത്രങ്ങൾ ഉൾപ്പെടെ 65 ചിത്രങ്ങൾ 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ നാലാം ദിനമായ തിങ്കളാഴ്ച വിവിധ വിഭാഗങ്ങളിലായി പ്രദർശിപ്പിക്കും. മത്സരവിഭാഗത്തിന് പുറമെ ഫോക്കസ്, മലയാളം, ഇന്റർനാഷനൽ ഫിക്ഷൻ, ഇന്റർനാഷനൽ നോൺ ഫിക്ഷൻ, കാമ്പസ് ഫിലിംസ്, വാൻഗാർഡ് മോഷൻ, ആഫ്രിക്കൻ ഷോർട്സ്, ഹോമേജ് തുടങ്ങിയ വിഭാഗങ്ങളിലെ ചിത്രങ്ങളുണ്ടാകും.
ആശിഷ് രാജാധ്യക്ഷയുടെ പ്രഭാഷണം ഇന്ന്
സമകാലിക ഇന്ത്യൻ ഡോക്യുമെന്ററിയെ സംബന്ധിച്ച് പ്രമുഖ ചലച്ചിത്ര പണ്ഡിതനും ആർട്ട് ക്യൂറേറ്ററും സാംസ്കാരിക സൈദ്ധാന്തികനുമായ ആശിഷ് രാജാധ്യക്ഷ പ്രഭാഷണം നടത്തും. തിങ്കളാഴ്ച രാവിലെ 11ന് ഹോട്ടൽ ഹൊറൈസണിലെ ഗാലക്സി ഹാളിലാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

