Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_right'സൗദി വെള്ളയ്ക്ക'യിലെ...

'സൗദി വെള്ളയ്ക്ക'യിലെ സത്താർ ഒരു അനുഭവം തന്നെയായിരുന്നു -സുജിത് ശങ്കർ സംസാരിക്കുന്നു...

text_fields
bookmark_border
സൗദി വെള്ളയ്ക്കയിലെ സത്താർ ഒരു അനുഭവം തന്നെയായിരുന്നു -സുജിത് ശങ്കർ സംസാരിക്കുന്നു...
cancel

'മഹേഷിന്റെ പ്രതികാര'ത്തിലെ ജിംസൺ അഗസ്റ്റിനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാവായി മാറിയ യുവനടനാണ് സുജിത് ശങ്കർ. ഇപ്പോഴിതാ മഹേഷിന്റെ പ്രതികാരം നൽകിയ ബ്രേക്ക് മറികടന്ന് തരുൺമൂർത്തി സംവിധാനം ചെയ്ത 'സൗദി വെള്ളയ്ക്ക'യിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സത്താറായി മാറിയിരിക്കുകയാണ് സുജിത് ശങ്കർ. സുജിത് ശങ്കർ തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു...

സത്താറിനെ മറക്കില്ല പ്രേക്ഷകർ

തരുൺ മൂർത്തി സൗദി വെള്ളയ്ക്കയുടെ കഥ ഓരോ സീനും വളരെ വിശദീകരിച്ചാണ് പറഞ്ഞു തന്നത്. സത്താറിനെ കുറിച്ചും ആ കഥാപാത്രത്തിന്റെ ഇമോഷൻസിനെ കുറിച്ചുമെല്ലാം വ്യക്തമായി പറഞ്ഞു. അതിൽ നിന്നാണ് സത്താർ എന്ന കഥാപാത്രത്തെ ഞാനടുത്തറിയുന്നത്. പിന്നെ പതിയെ അതിന്റെ ഭാഗമായി മാറുകയായിരുന്നു. അതുപോലെതന്നെ ചീഫ് അസോസിയേറ്റായും, സത്താർ എന്ന കഥാപാത്രത്തിന്റെ അടുത്ത സുഹൃത്തായ ബ്രിട്ടോ എന്ന കഥാപാത്രമായും ബിനു പപ്പു ചേട്ടനും കൂടെയുണ്ടായിരുന്നു. അത് വളരെ കംഫർട്ട് ആയിട്ടുള്ള കാര്യമായിരുന്നു. സത്താർ എന്ന കഥാപാത്രത്തെക്കുറിച്ചും ആ കഥാപാത്രം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചും സംവിധായകന് നല്ല ധാരണയുണ്ടായിരുന്നു.


സംവിധായകൻ പറയുന്ന കാര്യങ്ങളിലേക്ക് നമ്മൾ നമ്മുടേതായിട്ടുള്ള ചില കോൺട്രിബ്യൂഷൻസ് കൂടി നടത്തി എന്നുള്ളതാണ് സംഭവിച്ചത്. ആ കഥാപാത്രം മികച്ചതാക്കാൻ കഴിഞ്ഞതും അതുകൊണ്ടൊക്കെ തന്നെയായിരിക്കും. പിന്നെ മറ്റു ലൊക്കേഷനുകളിൽ നിന്നും വളരെ വ്യത്യസ്തമായി എനിക്കിവിടെ ഫീൽ ചെയ്ത കാര്യം ഈ സിനിമയിൽ അഭിനയിക്കുന്ന എല്ലാവർക്കും ഫുൾ സ്ക്രിപ്റ്റ് അറിയാമായിരുന്നു എന്നതാണ്. സത്താർ എന്ന കഥാപാത്രത്തെ കുറിച്ച് കൂടെ അഭിനയിക്കുന്നവർ എനിക്ക് പറഞ്ഞു തരുമായിരുന്നു. മറ്റു സിനിമകളിലൊന്നും ഞാൻ ഇങ്ങനെ ഒരു സംഭവം കണ്ടിട്ടില്ല. ഞാനാണെങ്കിൽ ഏറ്റവും അവസാനമാണ് സിനിമയിൽ ജോയിൻ ചെയ്യുന്നത്. എനിക്ക് പല കാര്യങ്ങളും അറിയില്ലായിരുന്നു. ആ സമയത്ത് കൂടെ അഭിനയിക്കുന്ന ആളുകളാണ് എന്റെ കഥാപാത്രത്തെ കുറിച്ച് ചെറിയ ചെറിയ കാര്യങ്ങൾ പോലും എനിക്ക് പറഞ്ഞുതന്നത്. അത് വേറൊരു അനുഭവം തന്നെയായിരുന്നു.

സത്താറിന്റെ ഉമ്മയായ ദേവി വർമ്മ

സത്താറിന്റെ ഉമ്മയായി അഭിനയിച്ച ദേവി വർമ്മ എന്ന അഭിനേത്രിയുടെ പൗത്രൻ സിദ്ധാർത്ഥ് വർമ്മ ഹൈദരാബാദ് യൂനിവേഴ്സിറ്റിയിൽ എന്റെ കൂടെ ഒരുമിച്ചുണ്ടായിരുന്നു. എനിക്ക് വളരെ അടുത്തറിയാവുന്ന ഒരു സുഹൃത്താണ് സിദ്ധാർത്ഥ്. ആ പരിചയം ദേവി ചേച്ചിയുമായി എനിക്കുണ്ട്. പിന്നെ അഭിനയത്തിന്റെ കാര്യമാണെങ്കിൽ, അവർ വളരെ ഭംഗിയായി അഭിനയിച്ചിട്ടുണ്ട്. അവരെ കാണുമ്പോൾ തന്നെ നമുക്ക് ഒരു വല്ലാത്ത ഫീൽ കിട്ടുന്നുണ്ട്. അവരാദ്യമായിട്ടാണ് അഭിനയിക്കുന്നത് എന്നൊന്നും എനിക്ക് ഒട്ടും തോന്നിയിട്ടില്ല. ആ ഒരു തോന്നൽ ഉണ്ടാകാത്ത വിധത്തിൽ അവർക്ക് അഭിനയിക്കാൻ പറ്റിയെങ്കിൽ ചിലപ്പോൾ അത് അവരുടെ പ്രായത്തിന്റെ അനുഭവംകൊണ്ടുമായിരിക്കാം എന്നാണ് തോന്നുന്നത്.

തുടക്കം രാജീവ് രവിയുടെ കൂടെ


ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. ഡൽഹിയിലുള്ള സമയത്താണ് ഞാൻ അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഒരു തീയേറ്റർ ഫെസ്റ്റിവലിൽ ഞങ്ങളുടെ നാടകം നടക്കുമ്പോൾ അദ്ദേഹം അവിടെയുണ്ടായിരുന്നു. പിന്നീട് ഒരു പതിനഞ്ച് ദിവസത്തോളം ഞങ്ങളവിടെ ഒരുമിച്ചുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞ് പിന്നീട് അദ്ദേഹം സ്റ്റീവ് ലോപ്പസ് ചെയ്യുന്ന സമയത്താണ് അതിലെ കഥാപാത്രം ആർക്ക് കൊടുക്കും എന്ന് ആലോചിക്കുന്നത്. ആ ആലോചന അവസാനം എന്റെ അടുത്തെത്തി. അന്ന് ഞാൻ ഹൈദരാബാദ് യൂനിവേഴ്സിറ്റിയിൽ പി.എച്ച്.ഡി ചെയ്യുകയായിരുന്നു. ആ സമയത്ത് രാജീവ്‌ ചേട്ടൻ എന്നെ വിളിച്ച് അഭിനയിക്കാൻ വരുന്നോ എന്ന് ചോദിച്ചു. അദ്ദേഹം കോൺഫിഡന്റ് ആണെങ്കിൽ ഓക്കേ എന്ന് ഞാനും കരുതി. അങ്ങനെയാണ് ആ കഥാപാത്രത്തിലേക്ക് എത്തുന്നത്.

ബ്രേക്കായത് മഹേഷിന്റെ പ്രതികാരത്തിലെ ജിംസൺ

മഹേഷിന്റെ പ്രതികാരത്തിൽ സംവിധായകന് ഒരു ആഗ്രഹമുണ്ടായിരുന്നു. പൊതുവേ കണ്ടുവരുന്ന വില്ലന്മാരിൽ നിന്നും വ്യത്യസ്തനായ ഒരു വില്ലൻ വേണമെന്ന്. ആ സാഹചര്യത്തിലാണ് ഗോവയിൽ വെച്ച് അവർ 'ഞാൻ സ്റ്റീവ് ലോപ്പസ്' കാണുന്നത്. അതിൽ നിന്നാണ് എന്നെ തിരഞ്ഞെടുക്കുന്നത്. പിന്നീട് ദിലീഷ് പോത്തനും ശ്യാം പുഷ്കരനും എന്റെ കൂടെയിരുന്ന് കഥ മുഴുവൻ പറഞ്ഞു തന്നു. കഥ പറയുമ്പോഴൊക്കെ ഞാൻ ആലോചിക്കുന്നത് എന്റെ റോൾ എന്തായിരിക്കുമെന്നാണ്. കഥ പറയുന്നതിനിടയിൽ വെച്ച് കീരിക്കാടൻ ജോസിനെ പോലെ പേടിപ്പിക്കുന്ന കഥാപാത്രം എന്നെന്തൊക്കെയോ അവർ ആ കഥാപാത്രത്തെ കുറിച്ച് പറഞ്ഞിരുന്നു. അങ്ങനെ കഥയൊക്കെ കഴിഞ്ഞ് ഏറ്റവും അവസാനം ഞാൻ ചോദിച്ചു ഞാൻ ഏത് കഥാപാത്രമാണ് ചെയ്യേണ്ടതെന്ന്.


വില്ലൻ കഥാപാത്രമാണെന്ന് പറഞ്ഞപ്പോൾ ഞാൻ ചോദിച്ചു എനിക്ക് ആരോഗ്യം പോലുമില്ല, ആ ഞാൻ എങ്ങനെ വില്ലനാകുമെന്ന്. അപ്പോൾ അവർ പറഞ്ഞു അങ്ങനെയുള്ള ഒരു രൂപമാണ് അവർക്കും വേണ്ടതെന്ന്. അതുപോലെ കണ്ടാൽ ഒരു മലയാളി ആണെന്നും തോന്നാൻ പാടില്ല എന്നും കൂട്ടിച്ചേർത്തു. അങ്ങനെ മഹേഷിന്റെ പ്രതികാരത്തിലെ ജിംസൺ എന്ന കഥാപാത്രം ചെയ്തു. ശരിക്കും എനിക്ക് ബ്രേക്ക് തന്ന കഥാപാത്രം അതാണ്. എല്ലാർക്കും ജിംസൺ എന്ന കഥാപാത്രം പറഞ്ഞാൽ പെട്ടെന്ന് തിരിച്ചറിയാൻ പറ്റുന്നുണ്ട്. അത് ആ കഥാപാത്രത്തിന്റെ വിജയം തന്നെയാണ്.

കാവാലം നാരായണ പണിക്കരുടെ നാടക കളരിയിൽനിന്നും പരിശീലനം

ഡൽഹി യൂനിവേഴ്സിറ്റിയിൽ ഫിസിക്സ് ചെയ്യുന്ന കാലമാണ്. ആ കാലത്താണ് നാഷണൽ ഓഫ് സ്കൂൾ ഡ്രാമയുടെ ക്യാമ്പ് അറ്റൻഡ് ചെയ്യുന്നത്. അവിടുത്തെ മൊത്തത്തിലുള്ള സ്ട്രെക്ചറും, കോഴ്സിനെ പറ്റിയുള്ള ധാരണയും, കുറച്ചു മലയാളി സീനിയേഴ്സിനോടുള്ള പരിചയമൊക്കെയായപ്പോൾ നാടകം ഭയങ്കര ഇൻട്രസ്റ്റിങ് ആണെന്ന് എനിക്ക് തോന്നി. അതിൽ നിന്നാണ് തിയേറ്റർ ഡ്രാമ ചെയ്താൽ കൊള്ളാമെന്ന തോന്നൽ വരുന്നത്. പിന്നെ എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഒക്കെ ആർട്ടുമായി ബന്ധപ്പെട്ട് നിൽക്കുന്ന പല ആളുകളുമാണ്. അവർ പറഞ്ഞു തിയേറ്റർ ചെയ്യാൻ ഉദ്ദേശമുണ്ടെങ്കിൽ ആദ്യം ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ കൂടെ സോളിഡായി നിന്ന് അവരുടെ ഫുൾ ട്രെയിനിങ് ഒക്കെ മനസിലാക്കാൻ. മ്യൂസിക്, ഫിസിക്കാലിറ്റി ഒക്കെ ട്രെയിൻ ചെയ്യുന്ന സ്പെയ്സിൽ പോകാനും പറഞ്ഞു. അങ്ങനെയാണ് ഞാൻ കാവാലം സാറിന്റെ അടുത്തെത്തുന്നത്. അവിടെ ചെന്ന് ആദ്യത്തെ മൂന്നുമാസം ഞാൻ അവിടെ വെറുതെ ഇരിക്കുകയായിരുന്നു. സാർ വിചാരിച്ചു ഡൽഹിയിൽനിന്നും വന്ന ഞാൻ വെറുതെ എന്തെങ്കിലുമൊക്കെ നോക്കി പോകുമെന്ന്. പക്ഷേ മൂന്നുമാസമായിട്ടും ഞാൻ അവിടെ തന്നെ നിൽക്കുന്നത് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു, എന്നാൽ പിന്നെ മര്യാദയ്ക്ക് പ്രാക്ടീസ് ചെയ്യൂ എന്ന്. എന്താ ചെയ്യേണ്ടത് എന്ന് ഞാൻ ചോദിച്ചപ്പോൾ എന്നോട് പറഞ്ഞു ഇവിടെ നാടകം ചെയ്യണമെങ്കിൽ കളരിപ്പയറ്റ് പഠിക്കണമെന്ന്. അങ്ങനെ കളരിയും അവിടുത്തെ മ്യൂസിക് ട്രെയിനിങ്ങും ഒക്കെ ആയി അവരുടെ കൂടെ കൂടി. പിന്നെ നമുക്ക് പ്രതീക്ഷിക്കാവുന്നതിലും അപ്പുറം കഴിവുള്ളവർ ഉണ്ടവിടെ. അവരുടെയൊക്കെ പെർഫോമൻസ് കാണുമ്പോൾ നമുക്ക് ശരിക്കും അത്ഭുതം തോന്നും. ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുമോ എന്നൊക്കെ അവരെ കണ്ടു ആശ്ചര്യപ്പെട്ടേക്കും. കഥകളി കൂടിയാട്ടം ഇവയുടെ എല്ലാം സാന്നിധ്യമുണ്ടാകും അവിടുത്തെ പെർഫോമൻസുകൾക്ക്. പഠനത്തിന്റെ ഭാഗമായി അവിടെ നിന്നും എല്ലാം പഠിക്കാൻ തന്നെയാണ് ഞാൻ ഇറങ്ങിത്തിരിച്ചത്. പഠനം എന്ന നിലയ്ക്ക് നല്ല രീതിയിൽ ഉപകരിക്കുന്ന ഒരു സ്ഥലം തന്നെയാണ് അത്.


മുൻ മുഖ്യമന്ത്രി ഇ.എം.എസിന്റെ പൗത്രനായ സുജിത് ശങ്കർ

ഞാനും എന്റെ അനിയനും കൂടുതലായും വളർന്നിട്ടുള്ളത് ഞങ്ങളുടെ അമ്മയുടെ കൂടെയാണ്. അമ്മ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായിരുന്നു. അമ്മയുടെ കൂടെയായിരുന്നു വളർച്ചയൊക്കെ. പിന്നെ അച്ഛൻ ഇടക്ക് തിരുവനന്തപുരത്തുനിന്ന് വന്നുപോകുകയായിരുന്നു. മുത്തച്ഛനും ഇടക്കൊക്കെ വന്നു പോകും. അങ്ങനെ ആയിരുന്നു കുട്ടിക്കാലം ഒക്കെ. പിന്നെ ചെറുപ്പം മുതലേ മുത്തച്ഛൻ ഒരു പബ്ലിക് ഫിഗർ ആണെന്ന് അറിയാം. നമ്മളെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായ ഒരു കാഴ്ചയായിരുന്നു അന്നതൊക്കെ. മുത്തച്ഛൻ എന്നതിലുപരി ഒരു പബ്ലിക് ഫിഗർ എന്ന രീതിയിലാണ് ഞാൻ അദ്ദേഹത്തെ കണ്ടുവളർന്നിട്ടുള്ളത്.

ചലച്ചിത്ര പ്രവർത്തകയായ ഭാര്യ അഞ്ജു മോഹൻദാസ്

അഞ്ജു രാജി രവിയുടെ കൂടെ കമ്മട്ടിപ്പാടത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തിട്ടുണ്ട്. അതുപോലെ കാസ്റ്റിങ് ചെയ്യുന്നുണ്ട്. ഇപ്പോൾ ആൾ സംവിധാനം ചെയ്യാനുള്ള ശ്രമത്തിലാണ്. കമ്മട്ടിപ്പാടത്തിൽ ഞാനും അസിസ്റ്റന്റ് ആയി വർക്ക് ചെയ്തിട്ടുണ്ട്. ഒരു സിനിമ മൊത്തത്തിൽ കണ്ടുപഠിക്കുക എന്നുള്ള ഒരു ആഗ്രഹം ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് അസിസ്റ്റന്റായി വർക്ക് ചെയ്യുന്നത്. പക്ഷേ, അഭിനയം തന്നെയാണ് ഞാൻ ഫോക്കസ് ചെയുന്നത്. സിനിമകളുടെ തിരക്കുകളിൽ പെട്ട് തീയറ്റർ ഡ്രാമകളിൽ നിന്നൊന്ന് മാറി നിൽക്കേണ്ടി വന്നിട്ടുണ്ട് കുറച്ചുകാലമായി. ഉടനെ അതിലേക്ക് തിരിച്ചുവരണമെന്ന് തന്നെയാണ് കരുതുന്നത്.

വരും പ്രോജെക്ട്ടുകൾ

കാക്കിപ്പട എന്ന ഒരു വർക്ക് കംമ്പ്ലീറ്റ് ചെയ്തു. അതുപോലെ തുർക്കിഷ് തർക്ക് എന്നൊരു പടത്തിന്റെ ഷൂട്ട് നടക്കുന്നു. ഒരു തമിഴ് പ്രോജക്ട് വരാൻ നിൽക്കുന്നുണ്ട്. അങ്ങനെയൊക്കെയാണ് ഇപ്പോഴത്തെ പ്രൊജക്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sujith shankar
News Summary - sujith shankar interview
Next Story