Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_rightപത്തിൽ എത്ര മാർക്ക്

പത്തിൽ എത്ര മാർക്ക്

text_fields
bookmark_border
out of ten
cancel

കറുമ്പിയാടിന് വയറിളക്കം പിടിച്ചാല്‍ എന്താണ് ചെയ്യുക എന്ന് അനക്കറിയോ? പുള്ളിക്കോഴി അടയിരിക്കാതെ ഓടിനടന്നാല്‍ അതിനെപ്പിടിച്ചിരുത്താനുള്ള വഴി അന്റെ ടീച്ചര്‍ക്കറിയോ?

ചോദ്യം ഒരു സമാന്തര സിനിമയിലെ നാലാം ക്ലാസുകാരന്റേതാണ്. അപ്രതീക്ഷിതമായാണ് ഈ സിനിമ കാണാനിടയായത്. ഫാറൂഖ് കോളജ് എ.എല്‍.പി സ്‌കൂളും നാടും ഒന്നിച്ചപ്പോള്‍ പിറന്ന തികച്ചും വേറിട്ടൊരു സിനിമ -‘ഔട്ട് ഓഫ് ടെന്‍’. വിദ്യാലയത്തിലെ അധ്യാപകരാണ് അണിയറ പ്രവര്‍ത്തകര്‍. നാല്‍പതോളം വിദ്യാര്‍ഥികളാണ് അഭിനേതാക്കള്‍. അധ്യാപനം തൊഴിലായി സ്വീകരിച്ച ഓരോരുത്തരും കാണേണ്ട സിനിമ.

ഔട്ട് ഓഫ് ടെൻ?

പരിസ്ഥിതിയുമായി ഇണങ്ങിയ, പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്ന ശിശുകേന്ദ്രീകൃത വിദ്യാഭ്യാസം എന്താണെന്നതിലേക്കുള്ള ചൂണ്ടുപലകയാണ് ഈ ഹ്രസ്വചിത്രം. കുട്ടികളെ അറിയുക, വാതില്‍പുറ പഠനം, കോര്‍ണര്‍ പി.ടി.എ, ഒരു അധ്യാപിക/ അധ്യാപകന്‍ എങ്ങനെയാവണം/എങ്ങനെയാവരുത്, സഹവര്‍ത്തിത്വ പഠനം എന്താണ് തുടങ്ങിയവയെല്ലാം 36 മിനിറ്റില്‍ സിനിമ കാണിക്കുന്നു. മാര്‍ക്ക് നൽകി വിലയിരുത്തേണ്ട ഒന്നല്ല ഇൗ സിനിമ. അക്കങ്ങള്‍കൊണ്ടും അക്ഷരങ്ങള്‍കൊണ്ടും വിലയിരുത്താന്‍ പറ്റാത്ത കുറേ കാര്യങ്ങൾ അതില്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. പഠനത്തില്‍ പിറകിലായ രാഹുല്‍ എന്ന സഹപാഠിയെ പഠിപ്പിക്കാന്‍ സന്നദ്ധയായി വരികയാണ് ഹിബ എന്ന പെണ്‍കുട്ടി. എന്നാല്‍, സ്‌കൂളിലെ ഏതു ​പ്രശ്നങ്ങളിലും രാഹുലിനെ കാണാം. പഠിപ്പിക്കാനായി ഹിബ രാഹുലിനെ സമീപിക്കുമ്പോൾ പിടികൊടുക്കാതെ രാഹുല്‍ ആദ്യം അവളെ ആട്ടിയകറ്റുന്നു. എന്നാല്‍, ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ രാഹുലിനെ പഠിപ്പിക്കാന്‍ അവന്റെ കോളനിയിലേക്ക് അവൾ ചെല്ലുകയാണ്.

രാഹുലിന്റെ നിസ്സഹായ ചുറ്റുപാടുകൾ കണ്ട് അത്ഭുതപ്പെടുന്ന ഹിബയെയാണ് പിന്നീട് കാണുന്നത്. ആകെയുള്ളത് വയ്യാത്ത അമ്മൂമ്മ മാത്രം. കോഴിയും താറാവ് കൃഷിയുമാണ് അവന്റെ ഉപജീവനം. അതു കഴിഞ്ഞേ പഠനത്തിന് അവന്റെ ജീവിതത്തില്‍ പ്രസക്തിയുള്ളൂ. പ്രകൃതിയും ജീവജാലങ്ങളുമാണ് അവന്റെ പഠനമുറിയെന്ന് കൂട്ടുകാർ തിരിച്ചറിയുന്നു. ഒരിടത്ത് കുട്ടികള്‍ പക്ഷിയുടെ മുട്ട വിരിഞ്ഞോ എന്ന് രാഹുലിനോട് അന്വേഷിക്കുന്നുണ്ട്. ഇല്ല. കോഴിയുടെ മുട്ട വിരിയണമെങ്കില്‍ 21 ദിവസം വേണമെന്നും ടര്‍ക്കി കോഴിയുടെയും താറാവിന്റെയും മുട്ട വിരിയാന്‍ 28 ദിവസം നിര്‍ബന്ധമാണെന്നും മണിത്താറാവിന് 37 ദിവസം വേണമെന്നും അവന്‍ പറയുന്നു. കരുണയും ദയയുമടക്കം പാഠപുസ്തകം നൽകാത്ത കുറേ പാഠങ്ങളുടെ വലിയ അധ്യാപകനാവുകയാണ് രാഹുൽ.

ഇവരാണ് സിനിമ

സിനിമയില്‍ കഥാപാത്രങ്ങളായ കുട്ടികളും അധ്യാപികയായി എത്തിയ ശ്രുതിയും മറ്റു അഭിനേതാക്കളും കാമറക്ക് മുമ്പില്‍ യഥാർഥത്തിൽ ജീവിക്കുകതന്നെയാണ്. സിനിമ സംവിധായകന്റെ കലയാണെന്നതിന്റെ തികവും മികവും ചേരുംപടി ചേര്‍ത്തുതന്നെ അവതരിപ്പിക്കുന്നതില്‍ ഫൈസല്‍ അബ്ദുള്ള വിജയിച്ചിട്ടുണ്ട്. സിനിമയുടെ തിരക്കഥ സലാം തറമ്മലും ഫൈസല്‍ അബ്ദുല്ലയും ഹൃദ്യമാക്കിയിരിക്കുന്നു. ഈ കുഞ്ഞു സിനിമ ഒതുക്കത്തോടെ കാന്‍വാസിലേക്ക് പകര്‍ത്തിയിരിക്കുന്നത് ഛായാഗ്രാഹകന്‍ ഹാരിസ് പി.പിയാണ്. രണ്ടരമണിക്കൂറില്‍ പറയേണ്ട കാര്യം 36 മിനിറ്റില്‍ ഒതുക്കിപ്പറഞ്ഞിരിക്കുന്നു സിനിമ. അധ്യാപനം സേവനമായി കരുതുന്ന അധ്യാപകര്‍ക്ക് കണ്ണുനിറയാതെ ഈ സിനിമ കണ്ടുതീര്‍ക്കാന്‍ കഴിയില്ല, കണ്ടുകഴിയുമ്പോള്‍ കൈയടിക്കാതിരിക്കാനും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:filmout of ten
Next Story