Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_right'അന്ന്​ എന്നെ പലരും...

'അന്ന്​ എന്നെ പലരും എഴുതിത്തളളി, ഞാനിന്നും സിനിമയിലുണ്ട്​' -നിർമൽ പാലാഴി

text_fields
bookmark_border
അന്ന്​ എന്നെ പലരും എഴുതിത്തളളി, ഞാനിന്നും സിനിമയിലുണ്ട്​ -നിർമൽ പാലാഴി
cancel

ചിലരെ കണ്ടാൽ തന്നെ നമുക്ക്​ ചിരിപൊട്ടും. അവർ സംസാരിച്ച്​ തുടങ്ങിയാലത്​ പൊട്ടിച്ചിരിയായി മാറും. അത്തരമൊരാളാണ്​ 'ദെന്താണ്​ ബാബ്വേട്ടാ' എന്ന ചോദ്യത്തിലൂടെ മലയാളികൾ നെഞ്ചേറ്റിയ നിർമൽ പാലാഴി. മിമിക്രി വേദികളിൽ നിന്ന്​ ടി.വി ഷോകളിലൂടെ സിനിമയിൽ എത്തിപ്പെട്ട നിർമലിന്​ ആറ്​ വർഷം മു​െമ്പാരു അപകടമുണ്ടായപ്പോൾ അൽപം വിട്ടുനിൽക്കേണ്ടി വന്നിരുന്നു. അതിനെ തരണം ചെയ്​തതിനെ കുറിച്ചും കലാജീവിതത്തെ കുറിച്ചുമെല്ലാം നിർമൽ 'മാധ്യമം ഓൺലൈനു'മായി പങ്കുവെക്കുന്നു

ഗാനമേളക്കിടെ പത്ത്​ മിനിറ്റ്​ മിമിക്രി കളിച്ച്​ നടന്ന കാലം

സിനിമ സ്വപ്നം കണ്ടാണ് മിമിക്രിയിലേക്ക് എത്തിയത് എന്ന് പറയുന്നതാകും സത്യം. മിമിക്രിയിലൂടെ സിനിമയിൽ കയറിക്കൂടാം എന്നതായിരുന്നു പ്രതീക്ഷ. അക്കാലം മുതൽക്കേ കോട്ടയം നസീറിക്കയുടെ വലിയ ആരാധകനായിരുന്നു ഞാൻ. അദ്ദേഹത്തോടുള്ള ആരാധന കൊണ്ട് ഇത്തരം ഷോകൾ ഒരുപാട് കാണുമായിരുന്നു. പിന്നെ അനുകരിക്കാൻ ശ്രമിച്ചു. സ്കൂൾ കാലഘട്ടം മുതൽക്കേ മിമിക്രിയിലും മോണോ ആക്ടിലുമൊക്കെ പങ്കെടുക്കും. പക്ഷേ സമ്മാനമൊന്നും കിട്ടില്ല. എന്നാലും പങ്കെടുക്കും. അങ്ങനെ പിൽക്കാലത്ത് ഗാനമേളയൊക്കെ ഉണ്ടാകുമ്പോൾ അതിന്‍റെ ഇടവേളയിൽ കിട്ടുന്ന 10 മിനിറ്റിൽ മിമിക്രി ഒക്കെ ചെയ്യും. അതിനുശേഷം ഞാൻ വിനോദ് കോവൂരിന്‍റെ കൂടെ കൂടി. വിനോദേട്ടന്‍റെ കൂടെ എത്തിയ ശേഷമാണ്​ ഞാൻ ഹ്യൂമർ ഒക്കെ ചെയ്ത് തുടങ്ങുന്നത്. അങ്ങനെ വിനോദ് ഏട്ടൻ സപ്പോർട്ട് ചെയ്താണ് ചാനൽ ഷോകളിൽ എത്തുന്നത്​.


അങ്ങിനെ കൊയിലാണ്ടി ഭാഷ ക്ലിക്ക്​ ആയി

വിനോദ് ഏട്ടനുമായി ടോം ആൻഡ് ജെറി എന്ന ഷോ കഴിഞ്ഞു നിൽക്കുമ്പോഴാണ് വേറെ ഒരു ചാനലിൽ .കോമഡി ഫെസ്റ്റിവൽ എന്ന പരിപാടിയിലേക്ക്​ ക്ഷണം വരുന്നത്​. കാലിക്കറ്റ് വി 4 യു എന്ന ട്രൂപ്പ് കൊയിലാണ്ടിയിലുള്ള നമ്മുടെ പഴയ ഒരു മിമിക്സ് ട്രൂപ്പ് ആണ്. രാജീവ് V4U ആണ് അതിന്‍റെ സ്ഥാപകൻ. അങ്ങനെ ആ ബാനറിൽ തന്നെ ഞങ്ങൾ കോമഡി ഫെസ്റ്റിവലിൽ പ്രോഗ്രാം ചെയ്തു. അതിലൂടെ ഞങ്ങൾ ചെയ്ത കോമഡികൾ ഏറെ ശ്രദ്ധിക്ക​പ്പെട്ടു. ഇപ്പോഴും മു​േമ്പാട്ടുപോകുന്നത് കാലിക്കറ്റ്​ വി 4 യു ആയിട്ടാണ്. അക്കാലത്ത് ഒക്കെ ഞങ്ങൾ കോഴിക്കോട് ഭാഗത്ത്‌ 500/600 രൂപയ്ക്ക് പ്രോഗ്രാം ചെയ്യുന്നവരാണ്. മാത്രമല്ല പാലക്കാട്, തൃശൂരിന്​ അപ്പുറത്തേക്കുള്ള ഭാഗത്തോട്ടൊന്നും ഞങ്ങൾ പോവാറില്ല. കാരണം ഞങ്ങളുടെ കൊയിലാണ്ടി ഭാഷ അവിടെ ക്ലിക്ക് ആവില്ല എന്നറിയാം. അങ്ങനെ നിൽകുന്ന സാഹചര്യത്തിൽ ടി.വി ഷോകൾ ക്ലിക്ക്​ ആയപ്പോഴാണ്​ കുറച്ചു ജനകീയർ ആകാൻ ഞങ്ങൾക്ക് പറ്റിയത്.


കുട്ടിയും കോലും മുതൽ യുവം വരെ

ഗിന്നസ് പക്രു സംവിധാനം ചെയ്ത 'കുട്ടിയും കോലും' സിനിമയിലാണ് ആദ്യമായി വേഷമിടുന്നത്​. ഇപ്പോൾ അത്​ കഴിഞ്ഞ ദിവസം റിലീസ്​ ആയ 'യുവ'ത്തിൽ എത്തി നിൽക്കുന്നു. ഇക്കാലളവിനിടയിൽ കുറച്ച് നല്ല സുഹൃത്തുക്കളും നല്ല ബന്ധങ്ങളും ഉണ്ടായി എന്നു പറയാം. എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ എല്ലാം അഭിനയത്തിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചു. ഇപ്പോഴും ശ്രമിക്കുന്നു. എന്നിരുന്നാലും സിനിമയിൽ ഇക്കാലയളവിനിടയിൽ ഒരു അവിഭാജ്യ ഘടകമായി മാറി എന്നൊന്നും അവകാശപ്പെടാനില്ല.

മൂന്ന് വക്കീലന്മാരുടെ കഥ പറയുന്ന 'യുവം' ആണ്​ അവസാനമായി പുറത്തിറങ്ങിയത്​. അതിനുമുമ്പ്​ ഇറങ്ങിയ 'വെള്ള'വും ശ്രദ്ധിക്കപ്പെട്ടു. 'യുവ'ത്തിൽ ഞാനും അമിത് ചക്കാലക്കൽ, അഭിഷേക് രവീന്ദ്രൻ എന്നിവരും വക്കീലന്മാരാണ്​. ഇന്ദ്രൻസ് ചേട്ടൻ ചെയ്യുന്ന അഡ്വക്കേറ്റ് കഥാപാത്രത്തിന്‍റെ കീഴിൽ ജോലി ചെയുന്ന മൂന്ന് വക്കീലന്മാർ ആണ് ഞങ്ങൾ. പ്രത്യേകിച്ച് വലിയ ജോലിയൊന്നും ഇല്ലാത്ത മൂന്നുപേർ എന്നു പറയാം. അതിനിടെ അവരുടെ ലൈഫിൽ വരുന്ന ഒരു ടാസ്‌കും അതിന്‍റെ പിന്നാലെ ഉള്ള ഓട്ടവും ഒക്കെയാണ് ഈ സിനിമ. ഇനി സിദ്ധാർഥ്​ ശിവ സംവിധാനം ചെയ്​ത 'വർത്തമാനം' ഇറങ്ങാനുണ്ട്​. 'ഭീമന്‍റെ വഴി'യിലാണ്​ ഇപ്പോൾ അഭിനയിക്കുന്നത്​.

പലരും പറഞ്ഞു-'അവനു​ണ്ടെങ്കിൽ ക്യാമറമാൻ ക്യാമറ എറിഞ്ഞി​ട്ടോടും'

2014 മാർച്ചിൽ ആണ്​ എനിക്ക്​ അപകടമുണ്ടായത്​. സ്റ്റുഡിയോയിൽ നിന്ന്​ വീട്ട​ിലേക്ക്​ ടൂവീലറിൽ മടങ്ങു​േമ്പാൾ ഒരു വാഹനം ഇടിച്ചിട്ട്​ നിർത്താതെ പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റെങ്കിലും ഡോക്​ടർമാരും നഴ്​സുമാരും പ്രാർഥനകളും എന്നെ ജീവിതത്തിലേക്ക്​ തിരികെ കൊണ്ടുവന്നു. രണ്ടു ദിവസമേ ആയുസ്സുള്ളൂ എന്നാണ്​ ഡോക്ടർമാർ പറഞ്ഞിരുന്നത്​. അവിടെ നിന്നും 19 ദിവസത്തോളം കോമയിൽ ആവുകയും അതിനുശേഷം കണ്ണു തുറക്കുകയും ചെയ്തു. പിന്നീട് ഒന്നര വർഷത്തോളം വീൽചെയറിൽ ഒക്കെയായിരുന്നു. അന്ന് കിടന്ന കിടപ്പിലിരുന്ന് നമ്മൾ മുമ്പ്​ ചെയ്ത സ്കിറ്റുകൾ ഒക്കെ കാണുമ്പോൾ തിരിച്ചു വീണ്ടും വർക്കുകളിൽ സജീവമാകണമെന്ന് ഒക്കെ വല്ലാണ്ട് ആഗ്രഹിച്ചു.

പിന്നീട്​ തിരിച്ചുവരവിനുള്ള ശ്രമമായിരുന്നു. ആരോഗ്യം ഏതാണ്ട് ശരിയായ സമയത്ത്​ ഒരു സിനിമയിലേക്ക് എന്നെ വിളിച്ചു. അപകടം സംഭവിച്ച് മരണത്തിനും ജീവിതത്തിനും ഇടയില്‍ അങ്ങോട്ടോ ഇങ്ങോട്ടോ എന്നറിയാതെ അവസാനം ജീവിതം തിരിച്ച് പിടിച്ചതിന് ശേഷം കിട്ടിയ ആദ്യത്തെ സിനിമ. പക്ഷേ അപ്പോൾ അപകടം മൂലം മെമ്മറി കട്ട് ആകുന്ന ഒരു പ്രശ്നം എനിക്കുണ്ടായിരുന്നു. ഡയലോഗ് ഓർമ്മയിൽ കിട്ടാത്തത് കാരണം ടേക്ക്​ ഒരുപാട് പോയി. അണിയറപ്രവർത്തർക്ക് അതിൽ ദേഷ്യം ഉണ്ടായി. ഒരുപാട്​ റീടേക്കുകൾ വന്നത്​ ക്യാമറാമന്‍റെ മൂഡ്​ നശിപ്പിച്ചു. 30 ദിവസത്തെ ഡേറ്റ്​ മൂന്ന്​ ദിവസമാക്കി കുറച്ച്​ എന്‍റെ കഥാപാത്രത്തെ വെട്ടിച്ചുരുക്കി.

രണ്ടാമത്​ ലഭിച്ച സിനിമയിലും അതേ ക്യാമറാമാൻ തന്നെയായിരുന്നു. 'അവനെ ഈ ഏരിയയിലേക്ക്​ അടുപ്പിച്ചാൽ ക്യാമറാമാൻ ക്യാമറയും എറിഞ്ഞിട്ട്​ ഓടും', 'അവൻ നമ്മളുടെ ദിവസവും സമയവും ഇല്ലാതാക്കും' എന്നൊക്കെ എനിക്കെതിരെ പരാതികൾ വ്യാപകമായി. അതോടെ ആ സിനിമയും നഷ്​ടമായി.

സിനിമയിലേക്ക് തിരിച്ചുവരവ് ആഗ്രഹിക്കുന്ന സമയത്ത് നമ്മളെ വേണ്ട എന്ന് പറയുന്നത് കേൾക്കുമ്പോൾ വിഷമമായി. അന്ന് എനിക്ക് തോന്നി എന്തിനാണ് തിരിച്ചുവരുന്നത്, ഇങ്ങനെ കേൾക്കാൻ ആണോ എന്നൊക്കെ. അങ്ങനെ മനസ്സ്​ തകർന്ന് നിൽക്കുമ്പോഴാണ് സിദ്ദീഖ് സാർ 'ഫുക്രി' എന്ന സിനിമയിലെ കഥാപാത്രം ചെയ്യാൻ വിളിക്കുന്നത്. ദൈവം സഹായിച്ച് അതിനുശേഷം അമ്പതോളം സിനിമകൾ ചെയ്​തു.


ഒരുപാടാളുകൾ എനിക്കൊപ്പം നിന്നു

നമ്മൾ വീണുകിടക്കുമ്പോൾ ആരും ഉണ്ടാകില്ല എന്നാണ്​ പറയാറ്​. സത്യം പറഞ്ഞാൽ എന്‍റെ കാര്യത്തിൽ നേരെ തിരിച്ചായിരുന്നു. ഒരുപാട്​ പേർ ഉണ്ടായിരുന്നു കൂടെ. സംവിധായകരായ സിദ്ദീഖ്, അനിൽ രാധാകൃഷ്ണ മേനോൻ, നടന്മാരായ ദുൽഖർ സൽമാൻ, സുരാജ്​ വെഞ്ഞാമൂട്​, ഗിന്നസ്​ പക്രു, അനൂപ്​ മേനോൻ തുടങ്ങി പേരെടുത്ത് പറഞ്ഞാൽ തീരാത്ത അത്രയും ആളുകൾ എനിക്കൊപ്പം നിന്നു. സുരാജേട്ടന്​ ദേശീയ അവാർഡ്​ കിട്ടിയ സമയത്തായിരുന്നു അപകടം. പക്ഷേ, ആ തിരക്കിനിടയിലും എന്നെ കാണാൻ അദ്ദേഹമെത്തി. സിദ്ദീഖ്​ സാർ മിക്കപ്പോഴും വിളിച്ച്​ ധൈര്യം പകരുമായിരുന്നു. ഒരു കോൺടാക്ട് പോലുമില്ലാത്ത, നേരിൽ അറിയാത്ത അജു വർഗീസ് വരെ ഫോൺ വിളിച്ചു സംസാരിച്ചു. നമ്മൾ കിടന്നുപോകുന്ന സമയത്ത് കിട്ടിയ പിന്തുണ ആണല്ലോ ഇത്​. അതൊക്കെ വിലപ്പെട്ട നിമിഷങ്ങളാണ്.


പുതിയ സിനിമയിൽ അങ്കമാലി ശൈലി

സിനിമയിലേക്ക് വിളിക്കുമ്പോൾ തന്നെ അവര് പറയും-ഇപ്പോൾ ഉള്ള ഭാഷയിൽ തന്നെ ചെയ്താൽ മതി എന്നൊക്കെ. പക്ഷേ, എനിക്ക് ഈയിടെ തോന്നാറുണ്ട് കോഴിക്കോടൻ ​ൈശലി ഒന്ന് മാറ്റി ചെയ്ത് നോക്കണം എന്ന്. 'കക്ഷി അമ്മിണിപ്പിള്ള'യിൽ തലശ്ശേരി ഭാഷയാണ് ഉപയോഗിച്ചത്. ഇപ്പോൾ ചെയ്യുന്ന 'ഭീമൻ വഴി' എന്ന സിനിമയിൽ അങ്കമാലി ഭാഷയാണ് ഉപയോഗിക്കുന്നത്. കോഴിക്കോട് ശൈലിയിൽ നിന്നും മാറി ചെയ്യാൻ അവസരം കിട്ടിയാൽ അതും സന്തോഷമാണ്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirmal palazhi
News Summary - Nirmal Palazhi about flim and life
Next Story