Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കമൽ ചിരിക്കുന്നു...
cancel
Listen to this Article

മലയാളവും തമിഴും എന്നും ഒന്നാണെന്നു പറഞ്ഞ് ഉലകനായകൻ കമൽഹാസൻ സംസാരിച്ചുതുടങ്ങുമ്പോൾ അതിലു​ണ്ടായിരുന്നു മലയാളത്തോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം. മുറിച്ചുമാറ്റാൻ പറ്റാത്തതാണ് അത്. 'വിക്രം' എന്ന പുതിയ ചിത്രത്തിന് എന്തുകൊണ്ട് മലയാളം ഡബ്ബിങ് ഇല്ല എന്നുചോദിക്കുമ്പോഴും അദ്ദേഹത്തിന് പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ 'മലയാളവും തമിഴും ഒന്നല്ലേ... എന്തിനാ ഡബ്ബിങ്​. എല്ലാ മലയാളികൾക്കും തമിഴ്​ നന്നായി മനസ്സിലാവും' എന്ന്. ഇന്ത്യൻ സിനിമയുടെ സ്വന്തം കമൽഹാസൻ സംസാരിക്കുന്നു...

മലയാള സിനിമയിൽ ഇനിയുമെത്തും

മലയാള സിനിമയിൽ അഭിനയിക്കാൻ ഞാൻ എപ്പോഴും തയാറാണ്​. പക്ഷേ, അതിനൊത്ത കഥയും കഥാപാത്രവും സംവിധായകനും ഒത്തുവരുന്നില്ല എന്നതു മാത്രമാണ് പ്രശ്നം. മലയാളത്തിലും തമിഴിലും ഒരുപോലെ ഇറങ്ങുന്ന ചിത്രങ്ങൾ ചെയ്യാൻ കഴിയും എന്ന സാധ്യത ഇപ്പോഴുണ്ട്. എന്നാൽ, സംവിധായകർ അതിന്​ തയാറാകുന്നില്ല. സിനിമയുടെ തന്മയത്വം പോകുമോ എന്നാണ്​ മലയാള സംവിധായകരുടെ പേടി. ഈ പേടി മാറ്റി അവരെ പറഞ്ഞ്​ മനസ്സിലാക്കാൻ എനിക്ക്​ കഴിഞ്ഞാൽ ഞാൻ മലയാള സിനിമയിൽ ഇനിയുമെത്തും.

പെയ്​ഡ്​ ഹോളിഡേ

സിനിമ ജോലിയല്ല, അതെനിക്കൊരു പെയ്​ഡ്​ ഹോളിഡേ പോലെയാണ്​. കഴിഞ്ഞ 35 വർഷമായി ഈ ഹോളിഡേ ഞാൻ ആഘോഷിച്ചുകൊണ്ടിരിക്കുന്നു​.

ഒരു സിനിമക്കായി കരാർ ഒപ്പുവെക്കുമ്പോൾ ആ സിനിമയോടൊള്ള സ്​നേഹത്തിന്​ കൂടിയാണ്​ ഒപ്പുചാർത്തുന്നത്​. കാമറക്ക്​ മുന്നിലും പിന്നിലും നിൽക്കാൻ കഴിയുന്നത്​ ഭാഗ്യമാണ്. 150 രൂപ ശമ്പളത്തിന്​ ഡാൻസ്​ അസിസ്റ്റന്‍റായി തുടങ്ങിയ ഒരാൾക്ക്​ ഇത്രയുംദൂരം എത്താൻ കഴിഞ്ഞില്ലേ, ഇത്​ പ്രതീക്ഷിച്ചതല്ല. വലിയ നടനാകണമെന്നൊന്നും ആഗ്രഹിച്ചല്ല തുടങ്ങിയത്​. അതേ സമയം നല്ല നടനാകണമെന്നുണ്ടായിരുന്നു. കഴിഞ്ഞ 35 വർഷം അതിനുവേണ്ടിയുള്ള ശ്രമങ്ങളായിരുന്നു.

ഒ.ടി.ടിയും സാധ്യതകളും

സിനിമയിൽ കൂടുതൽ സാധ്യതകൾ തുറന്നിടുകയാണ് ഒ.ടി.ടി പ്ലാറ്റ്​ഫോമുകൾ​. ആദ്യം മുതൽതന്നെ അത് പോസിറ്റിവായി​ ഏറ്റെടുത്തയാളാണ്​ ഞാൻ. തീർച്ചയായും അത്തരം ചിത്രങ്ങൾ ഇനിയുമുണ്ടാകും. രാജ്​ കമൽ പ്രൊഡക്ഷൻസിന്​ കീഴിൽ ഇനിയും ഒ.ടി.ടി ചിത്രങ്ങൾ ഇറങ്ങും. സിനിമകളുടെ നിലവാരത്തിൽ പ്രകടമായ വ്യത്യാസം വന്നിട്ടുണ്ട്​. സാ​ങ്കേതിക വിദ്യയുടെ വളർച്ച അവിശ്വസനീയമാണ്​. 15 വർഷം മുമ്പ്​ സിനിമ സംവിധാനം ചെയ്യുമ്പോൾ ഇതൊന്നും സങ്കൽപിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. എല്ലാം നല്ല സിനിമകൾക്ക്​ ഗുണം ചെയ്യുന്നതാണ്​​.

'വിക്രം'

അടുത്ത പത്ത്​ വർഷം പ്രേക്ഷകരുടെ മനസ്സിൽ മായാതെ തങ്ങിനിൽക്കുന്ന സിനിമയായിരിക്കും വിക്രം. സാ​ങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാണ്​ വിക്രം ഒരുക്കിയിരിക്കുന്നത്​. സ്റ്റണ്ടിലും കൊറിയോഗ്രഫിയിലുമെല്ലാം സാ​ങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയിട്ടുണ്ട്​​. എന്നെ സംബന്ധിച്ചിടത്തോളം ഇതെല്ലാം പുതിയ അനുഭവമാണ്​. അതുകൊണ്ടുതന്നെ,​ പ്രേക്ഷകർക്കും 'വിക്രം' പുതിയ അനുഭവമായിരിക്കും. 1986ൽ ഇറങ്ങിയ 'വിക്ര'വുമായി ഈ ചിത്രത്തിന്​ ഒരു ബന്ധവുമില്ല. സംവിധായകൻ ലോകേഷ്​ കനകരാജിന്‍റെ ഇഷ്ട സിനിമയാണ്​ '86ലെ വിക്രം. അതാവാം ഈ സിനിമക്കും അങ്ങനെയൊരു പേരിടാൻ കാരണം.

ഫഹദ്​ എന്ന 'ഗുരു'

ഞാൻ ഇപ്പോഴും സിനിമയെക്കുറിച്ച്​ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർഥിയാണ്​. 'വിക്ര'മിൽ ഫഹദ്​ ഫാസിലും വിജയ്​ സേതുപതിയും തകർത്തഭിനയിക്കുമ്പോൾ ഞാൻ അവരിൽനിന്ന് പഠിക്കുകയായിരുന്നു. അവരെവെച്ച് ചിത്രം​ സംവിധാനം ചെയ്യണമെന്നുപോലും​ ആഗ്രഹിച്ചുപോയി. ഫഹദ്​ ​അപാര ടാലന്‍റുള്ള നടനാണ്​. കേരളത്തിന്‍റെ മാത്രമല്ല, ദക്ഷിണേ​ന്ത്യയുടെ സ്വത്താണ്​ ഫഹദ്​. ഈ ചിത്രത്തിലേക്ക്​ ഫഹദിനെ തെരഞ്ഞെടുക്കാൻ കാരണം അദ്ദേഹത്തിന്‍റെ കഴിവ്​ മാത്രമാണ്​. അല്ലാതെ മലയാളിയായതുകൊണ്ടല്ല. മലയാള നടീനടന്മാർ ആദ്യ ചിത്രം മുതൽ എ​ന്നോടൊപ്പമുണ്ട്​. ആദ്യമായി നിർമിച്ച രാജ പവാർവയിൽ കെ.പി.എ.സി ലളിതയുണ്ടായിരുന്നു. 'സത്യ'യിൽ നെടുമുടി വേണുവും ബഹദൂറുമെല്ലാമുണ്ടായിരുന്നു.

സിനിമയും ഡബ്ബിങ്ങും തമ്മിൽ

സിനിമയുടെ ഡബ്ബിങ്​ നമ്മൾ ഉദ്ദേശിക്കുന്ന​ പോലെ അത്ര എളുപ്പമല്ല. വളരെ ബുദ്ധിമുട്ടേറിയ ജോലിയാണത്​​. അഭിനയിക്കുന്നത്​ വേറൊരു ഭാഷ പറഞ്ഞായിരിക്കും. അത്​ മറ്റൊരു ഭാഷയിലേക്ക്​ ഡബ്ബ്​ ചെയ്യുമ്പോൾ ആ സീനും ഡയലോഗും സാഹചര്യവുമെല്ലാം മനസ്സിലുണ്ടാകണം. കഥയുടെ ഒറിജിനൽ സ്​ക്രിപ്​റ്റ്​ മനസ്സിൽ വേണം. അഭിനയിക്കുമ്പോഴും ഇക്കാര്യങ്ങൾ മനസ്സിലുണ്ടാവണം.

ഓരോ നാട്ടിലെയും പ്രേക്ഷകർ ആവശ്യപ്പെടുന്നത്​ നമുക്ക്​ നൽകാൻ കഴിയണം. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമാണ്​ വിക്രം റിലീസ്​ ചെയ്യുന്നത്​. മലയാളികൾക്ക്​ തമിഴ്​ മനസ്സിലാകും എന്നതുകൊണ്ടാണ് ഇത്​ മലയാളത്തിലേക്ക്​ മൊഴി മാറ്റാതിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kamal HaasanVikram
News Summary - Kamal Haasan interview with Madhyamam
Next Story