Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_rightവാചാലം എൻ മൗനം...

വാചാലം എൻ മൗനം...

text_fields
bookmark_border
വാചാലം എൻ മൗനം...
cancel
camera_alt

ജെറി അമൽദേവ് (ചിത്രങ്ങൾ: ബൈജു കൊടുവള്ളി)

തദ്ദേശീയ സംഗീതത്തിന്‍റെ പാരമ്പര്യത്തിലേക്ക് പാശ്ചാത്യസംഗീതത്തിന്‍റെ താളഭംഗിയെ മനോഹരമായി ചേർത്തുവെച്ച ജെറി അമൽദേവ്. അങ്ങനെ മലയാള സിനിമയിൽ പിറന്നത് മുന്നൂറിലധികം ഗാനങ്ങൾ. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ആദ്യ ചിത്രത്തിലെ ഗാനത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ്. പിന്നീട് പിറന്നത് മലയാളത്തിലെ എണ്ണംപറഞ്ഞ ഹിറ്റുകൾ. അതിനിടയിൽ സിനിമ സംഗീതത്തിന്‍റെ മുഖ്യധാരയിൽനിന്ന് ജെറി മെല്ലെ അപ്രത്യക്ഷനായി. വീണ്ടും തരിച്ചുവരികയും ചെയ്തു. 84ാം വയസ്സിലും മനസ്സിൽ നിറയുന്ന ഈണങ്ങളുമായി സംഗീതത്തിന്റെ ഓരോ കാലവും ഓർത്തെടുക്കുകയാണ് ജെറി അമൽദേവ്...

1980കളുടെ തുടക്കത്തിൽ മലയാള ചലച്ചിത്രഗാന ശാഖയിൽ വേറിട്ടൊരു ഈണം കേട്ടു തുടങ്ങി. സിനിമ പ്രേക്ഷകരുടെയും റേഡിയോ ശ്രോതാക്കളുടെയും മനസ്സിലേക്ക് ഒരു പാട്ടുപോലെ ആ പേര് വീണു; സംഗീതം: ജെറി അമൽദേവ്. ഹിന്ദുസ്ഥാനി സംഗീതജ്ഞൻ മധുസൂദൻ പട് വർധന്‍റെ പ്രിയശിഷ്യൻ. ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് ഹൃദയം തൊടുന്ന ഈണങ്ങൾ സമ്മാനിച്ച നൗഷാദ് അലിയുടെ അസിസ്റ്റന്‍റ്.

തദ്ദേശീയ സംഗീതത്തിന്‍റെ പാരമ്പര്യത്തിലേക്ക് പാശ്ചാത്യസംഗീതത്തിന്‍റെ താളഭംഗിയെ മനോഹരമായി ചേർത്തുവെച്ച ജെറിയുടെ തനത് ശൈലിയിൽ മലയാള സിനിമയിൽ പിറന്നത് മുന്നൂറിലധികം ഗാനങ്ങൾ. ചലച്ചിത്രേതര ഗാനങ്ങൾ അതിലുമേറെ. അമേരിക്കയിലെ പ്രശസ്ത സർവകലാശാലകളിൽ സംഗീതത്തിൽ ഉന്നത പഠനം പൂർത്തിയാക്കിയ ജെറി, ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന ആദ്യ ചിത്രത്തിലെ ഗാനത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി.

‘മിഴിയോരം നനഞ്ഞൊഴുകും’ എന്ന സർവകാല ഹിറ്റ് യേശുദാസിനെ ആ വർഷത്തെ മികച്ച ഗായകനാക്കി. പിന്നീടെപ്പോഴോ സിനിമ സംഗീതത്തിന്‍റെ മുഖ്യധാരയിൽനിന്ന് ജെറി മെല്ലെ അപ്രത്യക്ഷനായി. പക്ഷേ, സംഗീതവുമായി നമുക്കിടയിൽ തന്നെയുണ്ടായിരുന്നു. ആൽബങ്ങൾക്കായി ആയിരത്തിലധികം ഗാനങ്ങൾ ചിട്ടപ്പെടുത്തി. വിദേശരാജ്യങ്ങളിലടക്കം സംഗീതപരിപാടികളും പരിശീലനങ്ങളും. മലയാളി ഇന്നും അത്രമേൽ ഗൃഹാതുരത്വത്തോടെ പാടാൻ കൊതിക്കുന്നവയിൽ അദ്ദേഹം ഒരുക്കിയ ഒരു പിടി മെലഡികളുമുണ്ട്. 84ാം വയസ്സിലും മനസ്സിൽ നിറയുന്ന ഈണങ്ങളുമായി ആ കാലം, ജീവിതം ഓർത്തെടുക്കുകയാണ് ജെറി അമൽദേവ്...

നസ്രത്തിൽ നിന്നൊരു പാട്ടുകാരൻ

മട്ടാഞ്ചേരിക്കടുത്ത് നസ്രത്തിലാണ് ഞാൻ ജനിച്ചത്. അഞ്ചാം വയസ്സിൽ കുടുംബം എറണാകുളത്തേക്ക് വന്നു. പിതാവ് പരമ്പരാഗത ആയുർവേദ വൈദ്യനായിരുന്നു. അപ്പനുശേഷം ആ പാരമ്പര്യം ഞങ്ങൾ മക്കൾക്ക് തുടരാനായില്ല. അമ്മയും അമ്മൂമ്മയും നന്നായി പാടും. അമ്മൂമ്മയുടെ സഹോദരന്മാരായ ഗർവാസിസും പോർത്താസിസും ഫോർട്ട് കൊച്ചിയിലെ അറിയപ്പെടുന്ന സംഗീത വിദ്വാന്മാരായിരുന്നു. പഴമക്കാർക്ക് അവരെ ഓർമയുണ്ടാകും. സംഗീതവുമായി എന്‍റെ പൊക്കിൾകൊടി ബന്ധം അങ്ങനെയാണ്.

അടിസ്ഥാനപരമായി ഞാൻ പാട്ടുകാരനാണ്. പാടിയാണ് തുടക്കം. ചെറുപ്പത്തിൽതന്നെ കേൾക്കുന്ന പാട്ടുകളെല്ലാം കാണാതെ പഠിച്ച് പാടുമായിരുന്നു. ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, ലത്തീൻ, സുറിയാനി എന്നിങ്ങനെ എല്ലാ പാട്ടുകളും. പള്ളിയിലും ചില ചടങ്ങിലുമൊക്കെ പാടാൻ വിളിക്കും.

13ാം വയസ്സിൽ സ്വന്തമായി വരികളും ഈണവുമുണ്ടാക്കി സദസ്സിന് മുന്നിൽ പാടി. ആരുമൊന്നും പറഞ്ഞില്ല. ആത്മവിശ്വാസമായി. ഹൈകോടതിക്കടുത്ത ഉണ്ണിമിശിഹ പള്ളിയിലെ മൈക്കിൾ പനക്കലച്ചൻ എന്നെ ഒരിക്കൽ പാട്ട് പാടിക്കാൻ കൊണ്ടുപോയി. അന്നാണ് നാടക ഗാനങ്ങളൊക്കെ ചിട്ടപ്പെടുത്തുന്ന ജോബിനെയും ജോർജിനെയും ആദ്യമായി കണ്ടത്. അങ്ങനെ പാട്ടിനും പാട്ടുകാർക്കുമൊപ്പമായിരുന്നു എന്‍റെ ബാല്യവും സ്വപ്നങ്ങളും. അതിന്‍റേതായ അച്ചടക്കവും ജീവിതത്തിനുണ്ടായിരുന്നു.

പുരോഹിത പഠനത്തിലേക്ക്

അധികം കൂട്ടുകെട്ടും കുഴപ്പങ്ങളുമില്ലാത്ത മകനെ പത്താം ക്ലാസിൽ എത്തിയപ്പോൾ പുരോഹിതനാക്കാൻ വീട്ടുകാർ തീരുമാനിച്ചു. മധ്യപ്രദേശിൽ ഇൻഡോറിലെ സെമിനാരിയിലേക്കാണ് അയച്ചത്. ഇവിടെനിന്ന് ഞങ്ങൾ കുറച്ചുപേരുണ്ടായിരുന്നു. ജർമൻകാരായിരുന്നു അവിടത്തെ വൈദികർ. സംഗീതത്തിലുള്ള എന്‍റെ താൽപര്യം തിരിച്ചറിഞ്ഞ അവർ എന്നെ പിടിച്ച് പള്ളിയിലെ പാട്ടിന്‍റെ ചുമതലക്കാരനാക്കി.

ആത്മീയപഠനത്തിനിടയിലും മനസ്സ് നിറയെ സംഗീതമായിരുന്നു. ഇൻഡോറിലും പുണെയിലും മുംബൈയിലുമായി പത്തു വർഷം നീണ്ട വൈദിക പഠനം. ഇതിനൊപ്പം ഉപകരണ സംഗീതവും ഹിന്ദുസ്ഥാനിയും അഭ്യസിച്ചു. വിശ്വാസപരമായ സംശയങ്ങളിൽനിന്ന് ചില ആശയക്കുഴപ്പങ്ങളും വൈകാരികമായ സന്ദേഹങ്ങളും മനസ്സിൽ ഉടലെടുത്തു. വിവാഹം കഴിക്കാത്ത അച്ചനാകുന്നതല്ല, രക്തത്തിൽ കലർന്ന സംഗീതമാണ് എന്‍റെ വഴി എന്നൊരു ഉൾവിളി. അതൊരു വലിയ തിരിച്ചറിവായിരുന്നു. സെമിനാരിയിലെ വൈദികരോട് കാര്യം പറഞ്ഞു. എതിർത്തൊന്നും പറഞ്ഞില്ല. ഒരു ഗുമസ്തപ്പണി തരപ്പെടുത്തി അവരെന്നെ മുംബൈയിലേക്ക് അയച്ചു.

നൗഷാദിനൊപ്പം ചേരുന്നു

ഡോറിക് പെൻ കമ്പനിയിലെ ഗുമസ്തനായി 1964ൽ മുംബൈയിലെത്തി. ബാന്ദ്രയിലാണ് താമസം. സായാഹ്നങ്ങളിൽ ഞാൻ സമീപത്തെ കടൽതീരത്തെ റോഡിലൂടെ വെറുതെ നടക്കും. അത്തരമൊരു നടത്തത്തിൽ റോഡിന് ഇടതുവശത്തെ വീടിന്‍റെ ഗേറ്റിലെ അക്ഷരങ്ങളിൽ എന്‍റെ കണ്ണുടക്കി: ‘നൗഷാദ് ആഷിയാന’. ചെറുപ്പം മുതൽ നൗഷാദിന്‍റെ പാട്ടുകൾ പാടി വളർന്നയാളാണ് ഞാൻ.

അദ്ദേഹത്തിന്‍റെ പാട്ടുകളിലൂടെയാണ് ഞാൻ എന്‍റെ ഹൃദയത്തെ സംഗീതവുമായി ചേർത്തുവെച്ചത്. ആ നൗഷാദ് അലിയുടെ വീട് തന്നെയാകുമോ ഇത്?. ധൈര്യമായി കടന്നുചെന്നു. കോളിങ് ബെല്ലടിച്ചപ്പോൾ വാതിൽ പാതി തുറന്നയാൾ ഹിന്ദിയിൽ ചോദിച്ചു. ആരാണ്, എന്ത് വേണം?. വസൂരിക്കല വീണ ആ മുഖം ഞാൻ തിരിച്ചറിഞ്ഞു. സാക്ഷാൽ നൗഷാദ് തന്നെ. ‘കേരളത്തിൽനിന്നാണ്. ഞാൻ താങ്കളുടെ പാട്ട് പാടും’-ഭയവും ആദരവും കലർന്ന ശബ്ദത്തിൽ പറഞ്ഞു. മലയാളികൾക്ക് എന്‍റെ പാട്ട് പരിചയമുണ്ടോ.

നൗഷാദ് അത്ഭുതം കൂറി. അകത്തേക്ക് ക്ഷണിച്ചിരുത്തി. പാതി ഇംഗ്ലീഷിലും പാതി ഉർദുവിലും സംസാരം തുടർന്നു. എന്‍റെ ഏത് പാട്ട് അറിയാം?. നൗഷാദ് ചോദിച്ചു. ഒന്നിന് പിറകെ ഒന്നായി രണ്ട് മൂന്ന് പാട്ടുകൾ ഞാൻ പാടി. അദ്ദേഹം പോലും മറന്ന് തുടങ്ങിയ ഈണങ്ങൾ. അത് ഇഷ്ടപ്പെട്ടു. ഇടക്ക് വിളിക്കൂ എന്ന് പറഞ്ഞ് ഫോൺ നമ്പർ തന്നു. സംഗീതമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രതീക്ഷാപൂർണമായ യാത്രയിൽ ജീവിതം ഒരു വഴിത്തിരിവിലെത്തുന്നു എന്ന സന്തോഷത്തോടെയാണ് ആ സന്ധ്യക്ക് അവിടെനിന്ന് ഇറങ്ങിയത്.

മാസത്തിലൊരിക്കൽ നൗഷാദിന്‍റെ വീട്ടിലേക്ക് ഫോൺ ചെയ്യും. അദ്ദേഹത്തിന് പത്ത് മക്കളാണ്. കുട്ടികൾ ആരെങ്കിലുമാകും എടുക്കുക. മാസങ്ങൾക്ക് ശേഷമാണ് നൗഷാദിനെ നേരിട്ട് കിട്ടിയത്. എവിടെയായിരുന്നു ഇത്രനാൾ എന്ന് ചോദ്യം. നാളെ വീട്ടിലേക്ക് വരൂ എന്ന് പറഞ്ഞു. പിറ്റേദിവസം രാവിലെതന്നെ ഞാൻ ചെന്നു. അദ്ദേഹം ഒരു സെമി ക്ലാസിക്കൽ ഗാനം പാടി.

ഞാൻ നൊട്ടേഷനുകളും കോഡുകളും എഴുതിയെടുത്തു. നാളെ മുതൽ രാവിലെ എട്ടിന് വരണം, വൈകീട്ട് പോകാം എന്ന് നൗഷാദ് പറഞ്ഞു. എനിക്ക് സന്തോഷമായി. എത്തേണ്ടിടത്തുതന്നെ എത്തി എന്നൊരു തോന്നൽ. പേന കമ്പനിയിലെ ഗുമസ്തപ്പണി വേണ്ടെന്നുവെച്ചു. തൊട്ടടുത്ത ദിവസം മുതൽ ഞാൻ നൗഷാദിന്‍റെ അസിസ്റ്റന്‍റായി. അദ്ദേഹം ഉണ്ടാക്കുന്ന ട്യൂൺ എഴുതിയെടുക്കും. അതിനുവേണ്ട ഓർക്കസ്ട്രേഷൻ ഒരുക്കും. ചില നിർദേശങ്ങളും ആശയങ്ങളും നൗഷാദ് പങ്കുവെക്കും.

മുഹമ്മദ് ഷഫീഖ് എന്നൊരു സഹായി കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. 1964 മുതൽ ’69 വരെ നൗഷാദിനൊപ്പം പ്രവർത്തിച്ചു. പ്രശസ്തമായ പല ഗാനങ്ങളുടെയും പിറവിക്ക് സാക്ഷിയായി. ഓർക്കസ്ട്രേഷനെക്കുറിച്ചും റീറെ​േക്കാഡിങ്ങിനെക്കുറിച്ചും ഒരുപാട് കാര്യങ്ങൾ നൗഷാദിൽനിന്ന് പഠിച്ചു. പാശ്ചാത്യ സംഗീതത്തിൽ കൂടുതൽ ആഴത്തിലുള്ള പഠനം ആവശ്യമാണെന്ന് തോന്നി.

അങ്ങനെ നൗഷാദിനോട് യാത്ര പറഞ്ഞ് അമേരിക്കയിലേക്ക് പോകാൻ തീരുമാനിച്ചു. അവിടെ എന്‍റെ സഹോദരനുണ്ടായിരുന്നു. പ്രശസ്തമായ ലൂയീസിയാന, കോർണൽ സർവകലാശാലകളിൽ സംഗീതത്തിൽ ബിരുദ, ബിരുദാനന്തര പഠനം. നാല് വർഷത്തെ സംഗീതപഠനം രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കി 1979ൽ കേരളത്തിൽ മടങ്ങിയെത്തി.

‘മഞ്ഞിൽ വിരിഞ്ഞ’ വിജയം

1979ൽ ‘മമത’ എന്ന സിനിമയിലാണ് മലയാളത്തിൽ ആദ്യമായി അവസരം ലഭിച്ചത്. എന്‍റെ സംഗീതത്തിൽ ഒ.എൻ.വി എഴുതിയ നാല് പാട്ടുകൾ റെക്കോഡ് ചെയ്തു. എന്നാൽ, അവസാന നിമിഷം ഞാൻ പുറത്തായി. സലിൽ ചൗധരി ഈണമിട്ട പാട്ടുകളുമായി ‘ചുവന്ന ചിറകുകൾ’ എന്ന പേരിലാണ് ഈ ചിത്രം പിന്നീട് പുറത്തുവന്നത്. എന്‍റെ സഹോദരിയുടെ ഭർത്താവിന്‍റെ ബന്ധു നിർമാതാവ് നവോദയ അപ്പച്ചന്‍റെ കാര്യസ്ഥനായിരുന്നു. അപ്പച്ചന്‍റെ മകൻ ജിജോയും ഫാസിലും സിബി മലയിലുമൊക്കെ അടങ്ങിയ സംഘം പുതിയൊരു സിനിമ ആലോചിക്കുന്നു. അപ്പച്ചൻ നിർമിക്കും. ഫാസിലാണ് സംവിധാനം.

സംഗീത സംവിധായകനായി അവർ എം.ബി. ശ്രീനിവാസനെ തീരുമാനിച്ചിരുന്നു. എങ്കിലും സഹോദരീ ഭർത്താവിന്‍റെ നിർബന്ധത്തിന് വഴങ്ങി ഞങ്ങൾ രണ്ടുപേരും ചേർന്ന് ആലപ്പുഴയിൽ പോയി അപ്പച്ചനെ കണ്ടു. അങ്ങനെ ഞാൻ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളു’ടെ സംഗീത സംവിധായകനായി. പാട്ടുകളുടെ ചർച്ചയിൽ, ഒരാൾ ജീപ്പിൽ പോകുമ്പോൾ പെണ്ണ് പിറകിൽനിന്ന് വിളിക്കുന്നതുപോലൊരു ഗാനം വേണമന്ന്.

ഫാസിൽ സന്ദർഭം വിവരിച്ചു. എങ്ങനെ വിളിക്കണം; മുക്കുറ്റിപ്പൂവേ എൻ മുക്കുറ്റിപ്പൂവേ..എന്നായാലോ എന്ന് അഭിപ്രായം വന്നു. ബിച്ചു തിരുമലയാണ് പാട്ടെഴുതുന്നത്. അദ്ദേഹം തിരുത്തി, ‘മഞ്ഞണിക്കൊമ്പിൽ ഒരു കിങ്ങിണിത്തുമ്പിൽ...‘അങ്ങനെ മതി. ഇതാണ് ആ ചിത്രത്തിനു വേണ്ടി ആദ്യം ഒരുക്കിയ പാട്ട്.

ചിത്രത്തിലെ നായിക പൂർണിമ ജയറാമിന് മൂളിപ്പാടാനുണ്ടാക്കിയതാണ് ‘മിഴിയോരം നിലാവലയോ പനിനീർ മണിയോ..’ എന്ന് തുടങ്ങുന്ന പാട്ട്. ഈ പാട്ട്തന്നെ കഥയുടെ മധ്യഭാഗത്ത് ശോകരസത്തിൽ ആണിനെ​െക്കാണ്ട് പാടിക്കണം എന്ന നിർദേശംവെച്ചത് ഫാസിലാണ്. ‘മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ...’ എന്ന് ബിച്ചു മറ്റൊന്ന് എഴുതി. മനോഹരമായിത്തന്നെ യേശുദാസ് പാടി.

റെക്കോഡിങ്ങിൽ ചില സാങ്കേതിക പ്രശ്നങ്ങളൊക്കെ ഉണ്ടായി. അത്ഭുതപ്പെടുത്തുന്നതായിരുന്നു ആ പാട്ടിന്‍റെ ജനപ്രീതി. ദേശ് രാഗത്തിന്‍റെ ശോകഛായയും യേശുദാസിന്‍റെ ഭാവാർദ്രമായ ആലാപനവും വ്യത്യസ്തമായ ഓർക്കസ്ട്രേഷനും പാട്ടിനെ പ്രത്യേക തലത്തിലേക്ക് ഉയർത്തി. എനിക്ക് മികച്ച സംഗീത സംവിധായകനും യേശുദാസിന് മികച്ച ഗായകനുമുള്ള സംസ്ഥാന അവാർഡ് ആ പാട്ട് നേടിത്തന്നു.

പതിറ്റാണ്ടുകളായി സംഗീത സംവിധാനത്തിൽ നിറഞ്ഞുനിൽക്കുന്നവരുടെ കൺമുന്നിൽ ഒരു തുടക്കക്കാരൻ ആദ്യ പാട്ടിൽതന്നെ സംസ്ഥാന അവാർഡ് നേടിയത് ഉൾക്കൊള്ളാൻ പലരും മടിച്ചു. ആദ്യ 35 ദിവസം സിനിമ കാണാൻ ആളുണ്ടായിരുന്നില്ല. പാട്ടുകളുടെ റെക്കോഡുകൾ കേരളത്തിലങ്ങോളമിങ്ങോളം നിർമാതാവ് അപ്പച്ചൻ സൗജന്യമായി എത്തിച്ചു. അങ്ങനെ പാട്ടുകളും പടവും ഹിറ്റായി.

പിരിയാതെ ആ കൂട്ടുകെട്ട്

‘മഞ്ഞിൽ വിരിഞ്ഞ പൂക്കളു’ടെ വിജയം നൽകിയ ആത്മവിശ്വാസത്തിൽ ഫാസിലുമായുള്ള കൂട്ടുകെട്ട് തുടർന്നു. ധന്യ, എന്‍റെ മാമാട്ടിക്കുട്ടിയമ്മക്ക്, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, എന്നെന്നും കണ്ണേട്ടന്‍റെ എന്നീ ചിത്രങ്ങൾക്കും പാട്ടുകളൊരുക്കാൻ ഫാസിൽ എന്നെയാണ് ഏൽപിച്ചത്. താളം, മൂഡ് എന്നിങ്ങനെ താൻ മനസ്സിൽ കാണുന്ന പാട്ടിന്‍റെ പ്രാഥമിക ആശയം ഫാസിൽ പങ്കുവെക്കും.

‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിൽ വ്യത്യസ്ത സന്ദർഭങ്ങളിൽ ഉപയോഗിക്കാവുന്ന നൊസ്റ്റാൾജിക് മൂഡുള്ള പാട്ട് വേണമെന്നായിരുന്നു ആവശ്യം. പറയാൻ എളുപ്പമാണ്. അങ്ങനെയൊരു പാട്ട് എങ്ങനെയുണ്ടാക്കും. ഞാനും ബിച്ചുവും മുറിയിൽ മുഖത്തോട് മുഖം നോക്കിയിരുന്നു. ഇതിനിടെ ബിച്ചുവിന്‍റെ കൈ മേശപ്പുറത്തിരുന്ന തടിച്ച പുസ്തകത്തിൽ തട്ടി. ചങ്ങമ്പുഴയുടെ കവിതകൾ.

ബിച്ചു പുസ്തകം തുറന്നു. അതിൽ പാട്ടുകളുടെ വിഭാഗത്തിൽ ‘ശ്യാമളേ ശ്യാമളേ...’ എന്ന് തുടങ്ങുന്ന വരികൾ. ബിച്ചു അതൊന്നു മൂളി. ഇതിന്‍റെ പിറകെ പോകാമെന്ന് ഞങ്ങൾ ഉറപ്പിച്ചു. ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ...’ എന്ന് ബിച്ചു വരികൾ കുറിച്ചു. എല്ലാ മലയാളിയുടെയും മനസ്സിലുള്ളൊരു വൃത്തമാണ് ആ പാട്ടിന്‍റേത്. ‘എന്നെന്നും കണ്ണേട്ടന്‍റെ’ എന്ന ചിത്രത്തിലെ ’ദേവദുന്ദുഭീ സാന്ദ്രലയം...’ വ്യത്യസ്തമായ ഒന്നായിരുന്നു. ഈ ഗാനം രവീന്ദ്രൻ ചിട്ടപ്പെടുത്തിയതാണെന്നാണ് പലരും കരുതുന്നത്.

യേശുദാസുമായി എന്താണ് പ്രശ്നം?

ഒരു പ്രശ്നവുമില്ല. നമ്മൾ സിനിമയിൽ വിജയിച്ച് തുടങ്ങുന്നു എന്ന് കണ്ടാൽ നമുക്ക് ഒരുപാട് ശത്രുക്കളുണ്ടാകും. പാട്ടുകൾ തുടർച്ചയായി ഹിറ്റായപ്പോൾ പലരും എനിക്കെതിരായി സംസാരിച്ചു, പെരുമാറി. ഞാൻ അറിഞ്ഞില്ല. പുരുഷ ശബ്ദത്തിനായി ഞാൻ ഒരുക്കിയ പാട്ടുകളിൽ ഭൂരിഭാഗവും പാടിയത് യേശുദാസാണ്. അവയെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹം ആവശ്യപ്പെട്ടത് പ്രകാരം ഞാൻ തരംഗിണിക്ക് വേണ്ടി ആൽബങ്ങൾ ചെയ്തു.

ഇതിനിടെ, യേശുദാസിന് പെണ്ണുങ്ങളുടെ സ്വരമാണെന്ന് ഞാൻ പറഞ്ഞതായി ചിലർ പ്രചരിപ്പിച്ചു. അത് യേശുദാസിന്‍റെ ചെവിയിലുമെത്തി. ഒരിക്കൽ റെക്കോഡിങ്ങിന് വരാമെന്ന് സമ്മതിച്ച് പോയ അദ്ദേഹം പിറ്റേദിവസം എത്തിയില്ല. ഫോണിൽ ബന്ധപ്പെട്ടെങ്കിലും താൽപര്യം കാണിച്ചില്ല. ഇനി ജെറിക്ക് വേണ്ടി പാടില്ലെന്നുവരെ ഒരു ഘട്ടത്തിൽ അദ്ദേഹം പറഞ്ഞു.

ഞാൻ അദ്ദേഹത്തെക്കുറിച്ച് മനഃപൂർവം ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ, ഞങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് വരുത്താൻ ചിലർ ശ്രമിച്ചു.

നിർമാതാക്കൾക്ക് യേശുദാസിന്‍റെ ശബ്ദം മതി. പാട്ട് ആര് ചെയ്താലും യേശുദാസ് പാടിയാൽ ഹിറ്റാകും. അപ്പോൾ സ്വാഭാവികമായും യേശുദാസുമായി പ്രശ്നങ്ങളില്ലാത്തവരെ സിനിമകളിൽ സഹകരിപ്പിക്കാൻ നിർമാതാക്കൾ താൽപര്യം കാണിക്കും. അതെന്‍റെ അവസരങ്ങൾ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ബോധപൂർവം മാറ്റിനിർത്തിയെന്ന് പറയുന്നില്ല. താങ്കളെക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഇനി താങ്കൾ അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കിൽ എത്രയും മാപ്പ് പറയാൻ തയാറാണെന്നും ഒരിക്കൽ ഫോണിൽ യേശുദാസിനോട് പറഞ്ഞു. പക്ഷേ, അതൊന്നും പോരാ എന്നു പറഞ്ഞ് അദ്ദേഹം ഫോൺ വെച്ചു. ഇപ്പോൾ യേശുദാസുമായി പ്രശ്നങ്ങളൊന്നുമില്ല. അദ്ദേഹത്തിന്‍റെ തെറ്റിദ്ധാരണകളെല്ലാം നീങ്ങി എന്നാണ് കരുതുന്നത്. നല്ല സൗഹൃദമുണ്ട്. ‘ആക്ഷൻ ഹീറോ ബിജു’വിന് വേണ്ടി പാടാൻ എത്തിയപ്പോൾ മാഷിനെ സന്തോഷിപ്പിക്കാനാണ് ഞാൻ വന്നതെന്നാണ് യേശുദാസ് എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞത്.

75ഓളം സിനിമകൾ, 300ലധികം പാട്ടുകൾ; എന്നിട്ടും....

സിനിമയിൽ ഇതിലധികം ചെയ്യാൻ കഴിയാതെ പോയതിന് പിന്നിൽ കാരണങ്ങൾ ഒരുപാടുണ്ട്. സിനിമയിലെ കുതികാൽവെട്ടുകൾ, എന്‍റെ കടുംപിടിത്തങ്ങൾ, ചില സിനിമയുടെ ഭാഗ്യദോഷങ്ങൾ... അങ്ങനെ പലതും. സംഗീതം നൽകിയ ചിത്രങ്ങളിൽ 35 എണ്ണവും പുറത്തിറങ്ങിയില്ല. അതുതന്നെ കരിയറിനെ ദോഷകരമായി ബാധിച്ചു. സിനിമ പ്രഖ്യാപിച്ച് പാട്ടുകളുടെ റെക്കോഡിങ് പൂർത്തിയാക്കി നിർമാതാക്കൾ പിൻവലിയും. അവരുടെ ലക്ഷ്യങ്ങൾ മറ്റ് ചിലതാണ്. അത്തരത്തിൽ പുറത്തിറങ്ങാത്ത ചിത്രങ്ങളുടെ എണ്ണം കൂടി. ഞാൻ പങ്കാളിയാകുന്ന ചിത്രങ്ങൾ പലതും വെളിച്ചം കാണാതെ പോകുന്നത് സ്വാഭാവികമായും സിനിമ ലോകത്ത് തെറ്റായ സന്ദേശം നൽകി. എന്നെ സഹകരിപ്പിക്കാൻ പലരും മടിച്ചുകാണും.

എല്ലാ സിനിമയിലെ പാട്ടുകളും എനിക്ക്തന്നെ ചെയ്യണമെന്ന് വാശിയില്ല. സിനിമയിലേക്ക് കടന്നുവന്നപ്പോൾ അവിടത്തെ പുഴുക്കുത്തുകൾ കണ്ട് മനം മടുത്തവനാണ് ഞാൻ. റെക്കോഡിങ്ങിന് ഇൻസ്ട്രുമെന്‍റ് ആർട്ടിസ്റ്റുകൾ ചിലർ വൈകിയാണ് എത്തുക. വന്നാൽ ആദ്യം ഭക്ഷണം, പിന്നെ വെറ്റില മുറുക്ക്. അതും കഴിഞ്ഞ് വയറും തടവിയാണ് റെക്കോഡിങ്ങിന് വരുക.

ഇതിനിടയിൽ ചിലർക്ക് മദ്യം വേണം. ഇതൊന്നും എനിക്ക് അനുവദിക്കാനാവില്ല. സംഗീതത്തിന്‍റെ കാര്യത്തിൽ ഞാൻ കണിശക്കാരനാണ്. പാട്ട് മോശമാകാൻ സമ്മതിക്കില്ല. താളം തെറ്റാൻ പാടില്ല, ശ്രുതി ചേരണം. വാശി പിടിക്കാതെ ഇതൊന്നും നടക്കില്ല. സിനിമയിൽനിന്ന് ഞാൻ സ്വയംമാറി നിന്നിട്ടില്ല. അവസരങ്ങൾ ചോദിച്ച് പോകുന്നുമില്ല. എന്‍റെ പാട്ട് ആവശ്യപ്പെട്ട് ആര് വന്നാലും ഞാൻ ഇപ്പോഴും തയാറാണ്. എന്‍റെ ഇഷ്ടാനുസരണം ചെയ്യാം എന്ന് സമ്മതിച്ച് സംവിധായകൻ എബ്രിഡ് ഷൈൻ വന്നു. അങ്ങനെയാണ് ‘ആക്ഷൻ ഹീറോ ബിജു’വുമായി സഹകരിച്ചത്. പുതിയൊരു ചിത്രത്തിന് സംഗീതമൊരുക്കാനുള്ള തയാറെടുപ്പിലുമാണ്.

പുതിയ പാട്ടുകൾ ശ്രദ്ധിക്കാറില്ല

പുതിയ പാട്ടുകൾ ഞാനത്ര ശ്രദ്ധിക്കാറില്ല. ചുരുക്കം ചിലരെ മാറ്റി നിർത്തിയാൽ പുതിയ സംഗീത സംവിധായകരും പാട്ടെഴുത്തുകാരും പൊതുവെ അറിവില്ലാത്തവരാണ്. വരികൾക്ക് പ്രാധാന്യം നൽകുന്നില്ല. വരികളില്ലെങ്കിൽ പാട്ടില്ല. സാഹിത്യമാണ് പാട്ടിന്‍റെ ഹൃദയം. പുതിയ ചില ചിത്രങ്ങളിൽ റീമിക്സ് ചെയ്ത് എന്‍റെ പാട്ടുകളെ നശിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ എന്താണ് ചെയ്തതെന്ന് ശരിക്ക് പഠിക്കാതെ ട്യൂൺ മാത്രമെടുത്ത് അവർക്ക് തോന്നുന്നത് പോലെ പാടുകയാണ്. അത് സംഗീതമല്ല.

‘സിങ് ഇന്ത്യ’ എന്ന പേരിൽ എന്‍റെ നേതൃത്വത്തിൽ മുപ്പത് പാട്ടുകാരുടെ ഒരു ഗ്രൂപ് 14 വർഷമായി പ്രവർത്തിക്കുന്നുണ്ട്. സംഗീതത്തിലൂടെ പരസ്പര സ്നേഹവും സൗഹാർദവും വളർത്തുകയാണ് ലക്ഷ്യം. യൂറോപ്യൻ ഗ്രൂപ് സിങ്ങിങ് ശൈലിയാണ് അത് സ്വീകരിച്ചിരിക്കുന്നത്. എന്‍റെ സിനിമ പാട്ടുകൾക്ക് പുറമെ ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ, സംസ്കൃത ഗാനങ്ങൾ, ലാറ്റിൻ ഗാനങ്ങൾ, ഇംഗ്ലീഷ് ഗാനങ്ങൾ, ഭജനകൾ എന്നിവയടക്കം 150ഓളം പാട്ടുകളാണ് ഗ്രൂപ് ആലപിക്കുന്നത്.

തിരിഞ്ഞുനോക്കുമ്പോൾ നിരാശയില്ല. സംഗീതത്തിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനായിട്ടുണ്ട്. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു. യൂറോപ്യൻ സിംഫണിയും ഇന്ത്യൻ മെലഡിയും സംയോജിപ്പിച്ച് ഒരു സംഗീതപദ്ധതി മനസ്സിലുണ്ട്. യാഥാർഥ്യമാകുമെന്നാണ് പ്രതീക്ഷ. കാത്തിരിക്കാം. ചെയ്ത പാട്ടുകളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണെന്ന് ചോദിച്ചാൽ ഉത്തരമില്ല. എല്ലാ ഈണവും എന്‍റെ മക്കളാണ്. അവരെല്ലാം എനിക്ക് ഒന്നുപോലെ. വയസ്സ് 84 ആയി. ഞാൻ യാത്ര തുടരുകയാണ്, അനന്തമായ സംഗീതത്തോടൊപ്പം.

ജീവിതരേഖ

1939 ഏപ്രിൽ 15ന് വെളീപ്പറമ്പിൽ ജോസഫിന്റെയും മേരിയുടേയും മകനായി മട്ടാഞ്ചേരിക്കടുത്ത് ജനനം.

പ്രശസ്ത ഗാനങ്ങൾ

മിഴിയോരം നനഞ്ഞൊഴുകും, മഞ്ഞണിക്കൊമ്പിൽ (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ), കൊഞ്ചും ചിലങ്കേ (ധന്യ), പൂവല്ല പൂന്തളിരല്ല (കാട്ടുപോത്ത്), പ്രകാശനാളം ചുണ്ടിൽ മാത്രം, എല്ലാം ഓർമകൾ (ഒരു വിളിപ്പാടകലെ), കണ്ണോട് കണ്ണോരം, ആളൊരുങ്ങി അരങ്ങൊരുങ്ങി (എന്‍റെ മാമാട്ടിക്കുട്ടിയമ്മക്ക്), ശബരിമലയൊരു പൂങ്കാവനം (ശബരിമല ദർശനം), അത്തപ്പൂവും നുള്ളി (പുന്നാരം ചൊല്ലി ചൊല്ലി), ആയിരം കണ്ണുമായ് (നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്), പെണ്ണിന്‍റെ ചെഞ്ചുണ്ടിൽ, വെൺപകൽ തിരയോ (ഗുരുജി ഒരു വാക്ക്), വാചാലം എൻ മൗനവും (കൂടും തേടി), ഇല്ലില്ലം കാവിൽ (അധ്യായം ഒന്ന് മുതൽ), പൂവട്ടക തട്ടിച്ചിന്നി, ദേവദുന്ദുഭീ സാന്ദ്രലയം (എന്നെന്നും കണ്ണേട്ടന്‍റെ), പവിഴമല്ലി പൂത്തുലഞ്ഞ, കണ്ണിന് പൊൻകണി (സന്മനസ്സുള്ളവർക്ക് സമാധാനം), മേലെ മേലെ മാനം, പൊന്നമ്പിളി പൊട്ടുംതൊട്ട് (നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്), പൂക്കൾ പനിനീർ പൂക്കൾ (ആക്ഷൻ ഹീറോ ബിജു).

പുരസ്കാരങ്ങൾ: 1980ലും (മഞ്ഞിൽ വിരിഞ്ഞ പൂക്കൾ) 1990ലും (അപരാഹ്നം) മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്. 1995ൽ മികച്ച പശ്ചാത്തല സംഗീതത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് (കഴകം). 2001ൽ ലളിത സംഗീതത്തിന് കേരള സംഗീത നാടക അക്കാദമി അവാർഡ്

കുടുംബം: ഭാര്യ-പരേതയായ ജോളി. മക്കൾ-മീര, സംഗീത, ഡാലിയ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jerry AmaldevMusic Director
News Summary - Jerry Amaldev- Music Director
Next Story