Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightFilmy Talkchevron_rightമധു, മധു മാത്രം

മധു, മധു മാത്രം

text_fields
bookmark_border
മധു, മധു മാത്രം
cancel
സിനിമയും ജീവിതവും ഇഴപിരിക്കാനാകാത്ത വിധം ഇഴുകിച്ചേർന്നിട്ടുണ്ട് മലയാളത്തിന്റെ ഇതിഹാസതാരമായ മധുവിൽ. ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായും പ്രണയാതുര നായകനായും പ്രതിനായകനായുമൊക്കെ മലയാള സിനിമയില്‍ പകർന്നാട്ടം നടത്തിയ മഹാനടന്‍. അഭിനയത്തിൽ മാത്രമല്ല സംവിധായകന്‍, നിർമാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം ഗജരാജന്റെ തലയെടുപ്പോടെ നിലകൊണ്ട മധുവിന് തുല്യം മലയാളത്തിൽ മധു മാത്രം. അതിഭാവുകത്വത്തിന്റെ പതിവു സമ്പ്രദായങ്ങളില്‍നിന്ന് മലയാള സിനിമയുടെ ഗതിമാറ്റി വിടുന്നതിന് തുടക്കം കുറിച്ചവരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നതും മധു മാത്രം. ഈ മാസം 23ന് 90 തികയുന്ന മധു ‘വാരാദ്യ മാധ്യമ’വുമായി സംസാരിക്കുന്നു...

60 വർഷം മുമ്പ്, 1963 ഫെബ്രുവരി 22ന് തിരുവനന്തപുരത്തെ ചിത്ര തിയറ്ററിൽ (ഇന്നില്ല) ഫസ്റ്റ് ഷോക്ക് നേരത്തേ തന്നെ ബാൽക്കണിയിൽ ഇടംപിടിച്ചു ആ യുവാവ്. എൻ.എൻ. പിഷാരടി സംവിധാനം ചെയ്ത ‘നിണമണിഞ്ഞ കാൽപാടുകൾ’ ആണ് സിനിമ. തിരുവനന്തപുരം മേയർ ആയിരുന്ന കീഴത് തറവാട്ടിൽ ആർ. പരമേശ്വരൻ പിള്ളയുടെ മകനായ മാധവൻ നായർ ആ സിനിമയിൽ പ്രധാനപ്പെട്ടൊരു വേഷം ചെയ്തിട്ടുണ്ട്.



വെള്ളിത്തിരയിൽ ആദ്യമായി സ്വന്തം പേര് തെളിഞ്ഞുകാണുന്നത് കാത്തിരുന്ന മാധവൻ നായർക്ക് പക്ഷേ, നിരാശയായിരുന്നു ഫലം. പ്രേംനസീർ, അംബിക, ഷീല... പേരുകൾ ഒന്നൊന്നായി മിന്നിമാഞ്ഞിട്ടും തന്റെ പേരില്ല. വിഷമവും ദേഷ്യവുമെല്ലാം അടക്കിപ്പിടിച്ചു സിനിമ കണ്ട് വീട്ടിലെത്തിയ ഉടൻ നിർമാതാവ് ശോഭനാ പരമേശ്വരൻനായരെ വിളിച്ചു. ടൈറ്റിലിൽ പേര് കാണിക്കാത്തതിന്റെ പരിഭവവും പറഞ്ഞു. ‘പേര് കാണിച്ചിരുന്ന

ല്ലോ’ എന്നായി പരമേശ്വരൻ നായർ. ‘ഞാൻ കണ്ടില്ല’ എന്ന യുവാവിന്റെ മറുപടിയിൽ നീരസം നിറഞ്ഞിരുന്നു. പരമേശ്വരൻ നായർ പറഞ്ഞു-‘പ്രേംനസീർ എന്ന് കഴിഞ്ഞ് മധു എന്നൊരു പേരു വന്നിരുന്നു. അതാണ് താങ്കൾ’. ആദ്യം പരിഭവിച്ചെങ്കിലും അതിന്റെ കാരണം അദ്ദേഹം വിശദീകരിച്ചപ്പോൾ മാധവൻ നായർക്കും ആ പേര് ഇഷ്ടമായി. ‘സിനിമയിൽ ഇപ്പോൾ ഒരു വഞ്ചിയൂർ മാധവൻ നായരുണ്ട്.

അതുകൊണ്ട് പി. ഭാസ്കരൻ മാഷാണ് താങ്കളുടെ പേര് മധു എന്നാക്കിയത്’-പരമേശ്വരൻ നായർ വ്യക്തമാക്കി. ഭാസ്കരൻ മാഷ് അന്ന് മലയാള സിനിമയുടെ ചരിത്രത്തിൽ കൂടിയാണ് മധു എന്ന് എഴുതിച്ചേർത്തതെന്ന് പിന്നീട് കാലം തെളിയിച്ചു. ആറു പതിറ്റാണ്ടായി സിനിമയുടെ വിവിധ മേഖലകളിൽ ഗജരാജന്റെ തലയെടുപ്പോടെ മധു നിലകൊള്ളുകയാണ്. മലയാള സിനിമ കറുപ്പിലും ​വെള​ുപ്പിലും പിന്നീട് ബഹുവർണങ്ങളിലും മാറിമറിഞ്ഞപ്പോഴെല്ലാം ക്ഷുഭിത യൗവനത്തിന്റെ പ്രതീകമായും പ്രണയാതുര നായകനായും പ്രതിനായകനായുമൊക്കെ ഈ മഹാനടൻ പകർന്നാട്ടം നടത്തി.

അഭിനയത്തിൽ മാത്രമല്ല സംവിധായകന്‍, നിർമാതാവ്, സ്റ്റുഡിയോ ഉടമ തുടങ്ങി കൈവെച്ച മേഖലകളിലെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചും കൈയൊപ്പ് ചാര്‍ത്തിയും പ്രേക്ഷക മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടി. 400നടുത്ത് കഥാപാത്രങ്ങൾ, സംവിധാനം ചെയ്ത 12 സിനിമകൾ, നിർമിച്ച 14 സിനിമകൾ... കോളജ് ​െലക്ചറർ ജോലി വലിച്ചെറിഞ്ഞ്, ഡൽഹിയിൽ പോയി നാടകം പഠിച്ച്, നിരവധി അനശ്വര കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച മധു ഇപ്പോൾ നവതിയുടെ ധന്യതയിൽ.

? ജന്മദിനം ആഘോഷിക്കാത്ത ആളാണല്ലോ. നവതിയാഘോഷം ഉണ്ടാക​ുമോ

90 വർഷം മുമ്പ് ജനിച്ചതുകൊണ്ട് ഇ​പ്പോൾ 90 വയസ്സായി എന്നല്ലാതെ അതിലൊന്നും വലിയ കാര്യമില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പ്രായമേറുന്നു, ഇത്രയിത്ര നാഴികക്കല്ലുകൾ കടന്നു എന്നൊന്നും വിചാരിച്ച് ജീവിക്കുന്ന ആളുമല്ല. അതുകൊണ്ടുതന്നെ പിറന്നാളിന് വലിയ പ്രാധാന്യമൊന്നും കൊടുക്കാറില്ല. 90 വയസ്സ് ആയത് എങ്ങനെ ആഘോഷിക്കണമെന്നാണ്?

കഥകളിയൊക്കെ ​വെക്കണോ? ആ ആഘോഷമൊന്നും എനിക്ക് അറിയില്ല. കു​ട്ടിക്കാലത്ത് എന്റെ പിറന്നാൾ ദിനത്തിൽ അച്ഛനും അമ്മ തങ്കമ്മയും ക്ഷേത്രത്തിൽ പോകുന്നതും വഴിപാട് കഴിക്കുന്നതും പായസം വെക്കുന്നതുമൊക്കെ ഓർക്കുന്നുണ്ട്. ഇപ്പോൾ മകൾ ഉമയാണ് അതൊക്കെ ചെയ്യുന്നത്. അതൊക്കെ അവരുടെ ഇഷ്ടം. സിനിമയിൽ തിരക്കുള്ള കാലത്ത് വീട്ടിൽ പിറന്നാൾ ദിനത്തിൽ എത്തുക പോലുമില്ലായിരുന്നു. എം.ടി. വാസുദേവൻ നായരുടെ നവതി അടു​ത്തിടെ ആഘോഷിച്ചതാണ് എല്ലാവരും ചൂണ്ടിക്കാട്ടുന്നത്. അത് എം.ടി ആഘോഷിച്ചതല്ലല്ലോ? മറ്റുള്ളവരല്ലേ?

? ജീവിതത്തിന്റെ നല്ലൊരു ഭാഗം സിനിമയുടെ തിരക്കുകളിൽ മുഴുകിയിരുന്ന ഒരാൾ. ഇപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാറേയില്ല. എങ്ങനെയാണ് സമയം ചെലവഴിക്കുന്നത്

ഇപ്പോൾ വളരെ അപൂർവമായേ മുറ്റത്തുപോലും ഇറങ്ങാറുള്ളൂ. കോവിഡ് കാലത്ത് രണ്ടുതവണ വാക്സിൻ എടുക്കാൻ മാത്രമാണ് പുറത്തിറങ്ങിയത്. യാത്രകൾ നടത്തിയിട്ട് നാലു വർഷമെങ്കിലും ആയിക്കാണും. പക്ഷേ, ഇപ്പോഴും തിരക്കിനൊന്നും കുറവില്ല. മിക്ക ദിവസവും സന്ദർശകർ ഉണ്ടാകാറുണ്ട്. വെളുപ്പിന് മൂന്ന്, മൂന്നരക്കാണ് ഞാൻ ഉറങ്ങുന്നത്. അതുവരെ അൽപം വായനയും സിനിമ കാണലുമൊക്കെയാണ്. അതെല്ലാം കഴിഞ്ഞ് എട്ടു മണിക്കൂർ നന്നായി ഉറങ്ങും.

ഉച്ചക്ക് 12നൊക്കെ എഴുന്നേറ്റാലും സന്ദർശകർ ഉള്ള ദിവസം രാത്രിയാണ് പത്രം വായിക്കാൻപോലും കഴിയുക. രാത്രി 11.30 മുതലാണ് സിനിമ കാണൽ. പഴയ സിനിമകളാണ് അധികവും കാണുന്നത്. ഞാൻ അഭിനയിച്ച പല സിനിമകളും അക്കാലത്ത് പൂർണമായി കാണാൻ കഴിഞ്ഞിരുന്നില്ല. അന്നൊക്കെ ഓടി നടന്ന് ജോലിചെയ്യുന്ന കാലമാണ്. മലയാള സിനിമകൾ റിലീസ് ചെയ്യുന്നത് കേരളത്തിലും വർക്ക് മുഴുവൻ മദ്രാസിലുമായതുകൊണ്ട് പലതും കണ്ടിരുന്നില്ല. ഇപ്പോൾ അവയൊക്കെ തിരഞ്ഞുപിടിച്ച് കാണാറുണ്ട്. ഓ, ഇങ്ങനൊരു സിനിമ ഞാൻ ചെയ്തിരുന്നോ! എന്ന് ചില സിനിമകൾ കാണുമ്പോൾ അത്ഭുതപ്പെടും.

? പഴയ സിനിമകൾ കാണുമ്പോൾ അതിലെ കഥ മാത്രമല്ല, അതുമായി ബന്ധപ്പെട്ട കഥകളും ഒപ്പം അഭിനയിച്ചവരെ കുറിച്ചുള്ള ഓർമകളുമൊക്കെ മനസ്സിൽ ഓടിയെത്താറില്ലേ

ആദ്യമൊക്കെ അങ്ങനെയായിരുന്നു. ഒരു സിനിമ കാണുമ്പോൾ ഒപ്പം അഭിനയിച്ചവരിൽ ബഹുഭൂരിപക്ഷവും മൺമറഞ്ഞവരാണ്. അതൊരു വല്ലാത്ത ശൂന്യതയായി ആദ്യമൊക്കെ അനുഭവപ്പെട്ടിരുന്നു. അവരെ കുറിച്ചുള്ള ഓർമകൾ അവരുടെ മരണത്തിൽ എത്തി അവസാനിക്കുന്നത് അത്ര സുഖമുള്ള കാര്യമായിരുന്നില്ല. പിന്നെ ഞാൻ അത് മാറ്റിയെടുത്തു.

സിനിമ കാണുമ്പോൾ സത്യൻ മാഷും നസീറും അടൂർ ഭാസിയും ശങ്കരാടിയുമൊക്കെ മുന്നിൽ വന്ന് നിൽക്കുന്നതായും സംസാരിക്കുന്നതായുമൊക്കെ സങ്കൽപിച്ച് തുടങ്ങി. അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന തോന്നൽ ഉണ്ടാകുന്നത് സന്തോഷവും സുഖവുമുള്ള കാര്യമല്ലേ? ഒരു ഓർമകളിലേക്കും അപ്പോൾ മനസ്സ് പോകില്ല. അവർ എന്താണോ അവതരിപ്പിക്കുന്നത് അതിൽ മാത്രം ശ്രദ്ധിക്കും.

? രാത്രി നേരത്തേ കിടന്നുറങ്ങണമെന്ന് ഡോക്ടർമാർ ഉപദേശിക്കാറു​ണ്ടോ

ഉപദേശിക്കുന്നവരോട് ഞാൻ പ്രകൃതിയിലേക്ക് നോക്കാൻ പറയും. കാട്ടിലെ കാര്യം നോക്കൂ. ശക്തരായ സിംഹം, കടുവ, പുലി ഒക്കെ രാത്രി ഉണർന്നിരിക്കുന്നവരാണ്. അവർക്ക് ഇരയാകാനുള്ള പാവം പ്രാവും മുയലുമൊക്കെയാണ് രാവിലെ ഉണർന്നിരിക്കുന്നത്.

സ്കൂളിൽ പഠിക്കുന്ന കാലം മുതലേ രാത്രി വൈകിയാണ് കിടക്കാറ്. കോളജി​ൽ പഠിക്കുന്ന കാലത്ത് അത് പിന്നെയും നീണ്ടു. നാടക റിഹേഴ്സലും സിനിമ കാണലുമൊക്കെ കഴിഞ്ഞ് അർധരാത്രി കഴിയും വീട്ടിലെത്താൻ. പിന്നെ എന്തെങ്കിലും സാഹിത്യകൃതികൾ വായിച്ച്, അതിനുശേഷം പഠിക്കാനുള്ളവയും വായിച്ച് ഇരുന്ന് പുലർച്ച അഞ്ചു മണിക്ക് ആകും കിടക്കുക. വൈകി എഴുന്നേറ്റ്, ഏറെ വൈകി കിടക്കുന്ന ആ ശീലം പിന്നീട് മാറ്റാൻ കഴിഞ്ഞില്ല.

? നടന്മാർ പൊതുവേ ശരീര സൗന്ദര്യത്തിൽ ശ്രദ്ധ ചെലുത്താറുണ്ട്. അത്തരം ഇമേജ് ബിൽഡിങ്ങുകളിൽ നിന്നൊക്കെ എന്നും മാറിനടന്നിട്ടേയുള്ളൂ. ഇപ്പോൾ ഡയറ്റ് പ്ലാൻ ഒക്കെയു​​ണ്ടോ

ഞാൻ പ​ണ്ടേ ഒരു തീറ്റമാടനല്ല. ഇപ്പോഴും ഡയറ്റ് ആയി ഒന്നുമില്ല. ഉള്ളത് എന്തോ അത് ആവശ്യത്തിന് മാത്രം കഴിക്കും. പിന്നെ യോഗ ഇടകലർത്തിയുള്ള ചില വ്യായാമങ്ങളുണ്ട്. അത് ചെയ്യും. ഈ ശരീരപ്രകൃതം പാരമ്പര്യമായി കിട്ടിയതാണ്. എന്റെ ഈ പ്രായത്തിൽ എന്റെ ഇരട്ടിയുണ്ടായിരുന്നു അച്ഛൻ. തടി ഉണ്ടായിരുന്നതുകൊണ്ട് പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ പല കാരക്ടർ റോളുകളും എന്നെ തേടിയെത്തിയിട്ടുണ്ട്.

എന്റെ പ്രായത്തിനും ശരീരപ്രകൃതത്തിനും അനുസരിച്ചുള്ള വേഷങ്ങൾ കിട്ടാൻ തടി അനുഗ്രഹമായെന്ന് പറയാം. നിങ്ങൾ ഇപ്പോൾ തടിയെക്കുറിച്ച് പറയുന്നു. രസകരമായ ഒരു കാര്യമുള്ളത്, ‘കുട്ടിക്കുപ്പായം’ സിനിമ കണ്ടിരിക്കുമ്പോൾ ഞാൻ സ്ക്രീനിലെത്തിയ സമയത്ത് തിയറ്ററിൽ നിന്നൊരാൾ കമന്റ് പറഞ്ഞത് ‘ക്ഷയരോഗി​യെ പോലുണ്ടല്ലോ‘ എന്നാണ്. ആഹാരകാര്യങ്ങളിലും ശരീരത്തിലുമൊന്നും ശ്രദ്ധിക്കേണ്ടതില്ല എന്നല്ല ഞാൻ പറയുന്നത്. ഞാനിങ്ങനെയാണ്. എന്റെയൊരു സിനിമ പോലെ-‘ഞാൻ ഞാൻ മാത്രം’.

? സിനിമ എങ്ങനെയൊക്കെ മാറിയെന്നാണ് വിലയിരുത്തൽ

60 വർഷമായി സിനിമയിൽ മാത്രം ജീവിക്കുന്ന ആളാണ് ഞാൻ. ബ്ലാക്ക് ആൻഡ് വൈറ്റിൽ നിന്ന് ഈസ്റ്റുമാൻ കളറിലേക്കും സിനിമാസ്കോപിലേക്കും ഫിലിമിൽ നിന്ന് ഡിജിറ്റലിലേക്കും ഒ.ടി.ടി റിലീസിലേക്കുമൊക്കെ എത്തിനിൽക്കുന്ന സിനിമയിലെ മാറ്റങ്ങളിലെല്ലാം ഭാഗമാകാനോ സാക്ഷിയാകാനോ സാധിച്ചിട്ടുണ്ട്. കാലാകാലങ്ങളിൽ എല്ലാ മേഖലയിലും ഉണ്ടാകുന്നതുപോലെ ഇതും അനിവാര്യ മാറ്റമാണെന്നാണ് വിലയിരുത്തൽ. അത് പലർക്കും പലതായാണ് അനുഭവപ്പെടുക.

എന്നെപ്പോലെ തിയറ്ററിൽ പോയി സിനിമ കാണാൻ കഴിയാത്തവർക്ക് ഒ.ടി.ടി അനുഗ്രഹമാണ്. തിയറ്ററുകാർ പക്ഷേ, അതിനെ എതിർക്കും. പണ്ട് കൂത്തമ്പലങ്ങളിൽ ആയിരുന്നു കലകൾ അരങ്ങേറിയിരുന്നത്. പുതിയ തലമുറക്ക് അത് കേട്ടുകേൾവി മാത്രമല്ലേ? പിന്നീട് തിയറ്ററുകൾ വന്നു. ഇപ്പോൾ തിരുവനന്തപുരത്ത് മാത്രം നോക്കൂ. എത്ര തിയറ്ററുകൾ പൂട്ടിപ്പോയി. സൗകര്യങ്ങൾക്ക് അനുസരിച്ച് അങ്ങനെ പല മാറ്റങ്ങളും വരും.

ഇപ്പോഴും മൺപാത്രത്തിലേ പാചകം ചെയ്ത് കഴിക്കൂ എന്ന് നമുക്ക് വാശിപിടിക്കാൻ പറ്റുമോ? അതിനുള്ള സ​ങ്കേതങ്ങൾ മാറിമാറി വന്നാലും ഭക്ഷണം അങ്ങനെ തന്നെ നിൽക്കും.അതുപോലെ, എന്തൊക്കെ മാറ്റങ്ങൾ വന്നാലും കല അങ്ങനെ തന്നെ നിലനിൽക്കും. ഇപ്പോൾ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻറ്സ്’ വഴി വേണമെങ്കിൽ മൺമറഞ്ഞ നടന്മാരെ പുനരവതരിപ്പിക്കാം. പക്ഷേ, അത് ആർട്ട് ആകില്ല. ആർട്ടിഫിഷ്യൽ ആകും.

? പുതിയ സിനിമകള​ും കാണാറു​​ണ്ടോ

ഉണ്ട്. പക്ഷേ, അരമണിക്കൂറൊക്കെ കണ്ട് നിർത്തിയ 30ഓളം സിനിമകളുണ്ട്. പലതി​ന്റെയും സൗണ്ട് മിക്സിങ് മോശമായാണ് അനുഭവപ്പെട്ടത്. ശബ്ദകോലാഹലങ്ങൾക്കിടയിൽ സംഭാഷണമൊന്നും കേൾക്കാൻ കഴിയ​ാതെ ഒന്നും മനസ്സിലാകാത്ത പ്രശ്നമുണ്ടായി.

പഴയ ആളായതുകൊണ്ടാകും, ചില പുതിയ കഥപറച്ചിൽ രീതികളൊന്നും എളുപ്പത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഒന്നിലധികം തവണ കണ്ടാണ് പല കാര്യങ്ങളും മനസ്സിലാക്കുന്നത്. കഥ ഫോളോ ചെയ്യാനോ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം മനസ്സിലാക്കാനോ കഴിയാതെയാണ് പല സിനിമകളും കാണുന്നത് പാതിവഴിയിൽ നിർത്തിയത്.

? അഭിനയിച്ച രണ്ട് സിനിമകൾ അര നൂറ്റാണ്ടിന് ശേഷം പുനർനിർമിക്കപ്പെട്ടു.‘ഭാർഗവീനിലയ’വും ‘ഓളവും തീരവും’. പുതിയ ‘ഭാർഗവീനിലയം’ ക​ണ്ടോ?

കണ്ടു. ഇഷ്ടപ്പെട്ടു. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. പക്ഷേ, പണ്ട് പ്രേംനസീറും പി.ജെ. ആന്റണിയും ഉണ്ടാക്കിയിട്ടുള്ള ഇമേജ് മറികടക്കാൻ ആർക്കും പറ്റിയില്ല. ‘താമസമെന്തേ വരുവാൻ’ കേൾക്കുമ്പോൾ നസീറിനെയേ ഓർമ വരൂ. നസീർ അവതരിപ്പിച്ച പല വേഷങ്ങളും പലർക്കും ചെയ്യാൻ കഴിഞ്ഞേക്കും. പക്ഷേ, നസീറിന്റെ ശശികുമാറിനെ (ഭാർഗവീനിലയത്തിലെ വേഷം) മറികടക്കാൻ ആർക്കും കഴിയില്ല.

അത് സൗന്ദര്യവും പ്രേമവും മാത്രമാണ്. ‘ഭാർഗവീനിലയം’ മുമ്പ് ഇറങ്ങിയിരുന്നില്ലെങ്കിൽ ‘നീലവെളിച്ചം’ ശ്രദ്ധിക്കപ്പെട്ടേനെ. പണ്ട് ഞാൻ അവതരിപ്പിച്ച സാഹിത്യകാരന്റെ വേഷത്തിൽ അഭിനയിച്ചത് ടൊവിനോ തോമസ് ആണ്. ഒരു മാതൃകയും അനുകരിക്കാതെ സ്വന്തം ശൈലിയിൽ ടൊവിനോ അത് മികച്ചതാക്കി. റിമ കല്ലിങ്കലും നന്നായി അഭിനയിച്ചു. പക്ഷേ, ഭാർഗവി എന്നു കേട്ടാൽ വിജയ നിർമലയെയാണ് പ്രേക്ഷകർക്ക് ഓർമവരുക.

‘ഓളവ​​ും തീരവും’ പുനർനിർമിക്കു​മ്പോൾ ഞാൻ ചെയ്ത ബാപ്പൂട്ടിയായി മോഹൻലാൽ അഭിനയിക്കുന്നു എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ഷൂട്ടിങ് തുടങ്ങും മുമ്പ് ലാല്‍ എന്നെ വന്ന് കണ്ടിരുന്നു. ലൊക്കേഷനിലേക്ക് ക്ഷണിച്ചെങ്കിലും പോകാൻ സാധിച്ചില്ല. പ്രിയദർശൻ എന്തുകൊണ്ടാണ് ‘ഓളവും തീരവും’ ബ്ലാക് ആൻഡ് വൈറ്റിൽ എടുക്കുന്നതെന്ന് അറിയില്ല. കളറിൽ എടുത്തിരുന്നെങ്കിൽ അരനൂറ്റാണ്ടിനു ശേഷം ആ സിനിമ കാണുന്നവർക്ക് ഒരു മാറ്റം ഫീൽ ചെയ്യുമായിരുന്നു. ‘നീലവെളിച്ച’ത്തിൽ ആ മാറ്റം അനുഭവപ്പെട്ടിരുന്നു.

? വായിച്ചപ്പോൾ മനസ്സിൽ കുടിയേറിയ പല സാഹിത്യ കഥാപാത്രങ്ങളെയും സിനിമയിൽ അവതരിപ്പിക്കാനുള്ള അപൂർവ ഭാഗ്യം ലഭിച്ചയാളാണ്. കഥാപാത്രങ്ങളുമായുള്ള ആ ബന്ധം അതിന്റെ സ്രഷ്ടാക്കളുമായും ഉണ്ടായിരുന്നോ

സിനിമ എനിക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹം അതാണ്. ഒരു നടന്റെ ഉൾക്കാഴ്ചയോടെയാണ് ഞാൻ എല്ലാ സാഹിത്യസൃഷ്ടികളെയും സമീപിച്ചിരുന്നത്. സിനിമയിലെത്തും മുമ്പേ തന്നെ മലയാളത്തിലെ പ്രമുഖ കൃതികളെല്ലാം വായിക്കുകയും അവയിലെ കഥാപാത്രങ്ങളായി എന്നെ സങ്കൽപിക്കുകയും ചെയ്തിരുന്നു. കോളജിൽ പഠിക്കുമ്പോൾ ഉറൂബിന്റെ ‘ഉമ്മാച്ചു’ വായിച്ചപ്പോൾ മായൻ എന്ന കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.

അത് സാധിച്ചു. ചെമ്മീൻ വായിച്ചപ്പോൾ പരീക്കുട്ടിയായിരുന്നു എന്റെ ഇഷ്ട കഥാപാത്രം. ഇന്നും ഞാൻ ഓർമിക്കപ്പെടുന്നതിന്റെ ഏറ്റവും വലിയ കാരണം പരീക്കുട്ടിയാണ്. തകഴി, ബഷീര്‍, ഉറൂബ്, എം.ടി., എസ്.കെ. പൊറ്റെക്കാട്ട്, പാറപ്പുറത്ത്, തോപ്പിൽ ഭാസി, കേശവദേവ്, മലയാറ്റൂർ, സി. രാധാക​ൃഷ്ണൻ തുടങ്ങിയവരുടെ രചനകളിൽ പിറവിയെടുത്ത കരുത്തുറ്റ ആൺജീവിതങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നു. എന്നിലെ നടന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണത്. എ​​ഴ​​ുത്തുകാരിൽ എം.ടിയുമായിട്ടാണ് ഏറെ ഹ​ൃദയബന്ധമുള്ളത്. ഞങ്ങൾ സമപ്രായക്കാരുമാണ്.

‘മുറപ്പെണ്ണി’ന്റെ ലൊക്കേഷനിൽനിന്നു തുടങ്ങിയ പരിചയം ആത്മബന്ധമായി മാറുകയായിരുന്നു. കുടുംബത്തിലെ ഒരു കാരണവരെ പോലെയാണ് തകഴിയെ കണ്ടിരുന്നത്. ഡിഗ്രിക്ക് പഠിക്കുമ്പോൾ ‘രണ്ടിടങ്ങഴി’യുടെ റിഹേഴ്സൽ നടന്നിടത്ത് തകഴി വന്നതൊക്കെ ഓർമയുണ്ട്. ഇട്ട്യാതി എന്ന പുലയനായിട്ടുള്ള എന്റെ അഭിനയത്തിൽ വേണ്ട തിരുത്തലുകളൊക്കെ അദ്ദേഹം നിർദേശിച്ചിരുന്നു.

‘ചെമ്മീനി’ൽ അഭിനയിച്ച​ ശേഷം ‘മധു എന്റെ മോനാണ്’ എന്നൊക്കെ അദ്ദേഹം ഇടക്കിടെ പറയുന്നത് അഭിമാനത്തോടെയാണ് കേട്ടത്. ബഷീറിനോടും നല്ല അടുപ്പമായിരുന്നു. പ്രായം, ജാതി, മതം ഒന്നും നോക്കാതെ മനുഷ്യനെ മനുഷ്യനായി കണ്ടിരുന്നു അദ്ദേഹം. ബഷീറിന്റെ ഏക തിരക്കഥയായ ‘ഭാർഗവീനിലയ’ത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽപ്പരമൊരു ഭാഗ്യം വേറെയുണ്ടോ!

●●●

സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കുമ്പോൾ മധുവിന്റെ ജൂനിയറായി ഒരു പെൺകുട്ടി എത്തി. തനി ഇന്ത്യക്കാരിയെങ്കിലും നല്ല വെളുപ്പും സ്വർണത്തലമുടിയുമുള്ള സായ് പരഞ്ജ് പൈ’. പുനെക്കാരിയായ ശകുന്തള പരഞ്ജ്പൈക്കും ഭർത്താവും ഫ്രഞ്ചുകാരനുമായ യൂറ സ്ലെപ്റ്റോഫിനും ജനിച്ച സായ് പിന്നീട് മധുവിന്റെ അടുത്ത സ​ുഹൃത്തായി. വർഷങ്ങൾക്കുശേഷം സായ് സംവിധാനം ചെയ്ത ‘​ഝാഡു ബാബ’ എന്ന സിനിമയിൽ നായകനായി ക്ഷണിച്ചത് മധുവിനെയാണ്. പ്രതിഫലം ഒന്നും കാംക്ഷിക്കാതെ ചൂലുകൊണ്ടു തെരുവു വൃത്തിയാക്കി നടന്നിരുന്ന ഒരുവന്റെ വേഷം മധു ഗംഭീരമാക്കുകയും ചെയ്തു.

ഇന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളെ പ്രതിനിധാനംചെയ്യുന്ന ഏഴ് സൈനികരുടെ കഥ പറയുന്ന ‘സാത് ഹിന്ദുസ്ഥാനി’ ചെയ്യാൻ തീരുമാനിച്ചപ്പോൾ മലയാളത്തിൽ നിന്നുള്ള നടനെ തിരഞ്ഞെടുക്കാൻ സംവിധായകൻ കെ.എ. അബ്ബാസ് സമീപിച്ചത് രാമു കാര്യാട്ടിനെയാണ്. ഹിന്ദിയും നന്നായി അറിയുന്നതിനാൽ മധുവിനെയാണ് രാമു കാര്യാട്ട് നിർദേശിച്ചത്. അങ്ങനെ അമിതാഭ് ബച്ചൻ അരങ്ങേറിയ സിനിമയിൽ മധുവും ഭാഗമായി. അതിനുശേഷവും നിരവധി അവസരങ്ങൾ ഹിന്ദിയിൽ നിന്നെത്തിയെങ്കിലും അദ്ദേഹം സ്വീകരിച്ചതുമില്ല.

?ഹിന്ദിയിൽ നല്ല തുടക്കം, ഭാഷയും അറിയാം. ഒരുപാട് അവസരങ്ങൾ വന്നിട്ടും എന്തുകൊണ്ടാണ് വിട്ടുനിന്നത്

‘സാത് ഹിന്ദുസ്ഥാനി’യിൽ അഭിനയിക്കുമ്പോൾ എനിക്ക് പ്രായം 40നോട് അടുക്കുന്നു. ആ പ്രായത്തിൽ പിന്നീട് നായകനായി അവിടെ തുടരുക പ്രയാസമാണ്. കാരക്ടർ റോളിലേക്കോ വില്ലൻ റോളിലേക്കോ ഒതുങ്ങി പോകും. അവിടെ തുടർന്നിരുന്നെങ്കിൽ 70കളിൽ തന്നെ എന്നിലെ നായകൻ മരിക്കുമായിരുന്നു. മലയാളത്തിൽ ധാരാളം അവസരമുള്ളപ്പോൾ ഹിന്ദിയിൽ പോയി എന്നിലെ നടനെ നശിപ്പിക്കേണ്ട എന്നായിരുന്നു തീരുമാനം. അങ്ങനെ ചെയ്തിരുന്നെങ്കിൽ മലയാളി ആരാധകർ ഒരിക്കലും എനിക്ക് മാപ്പ് തരുമായിരുന്നില്ല.

പിന്നെ നിർമാണം, സംവിധാനം, സ്റ്റുഡി​യോ തുടങ്ങിയ തിരക്കുകളും കാരണമായി. നമ്മൾ വർഷം 20 സിനിമയൊക്കെ ചെയ്യുന്ന സമയമാണ്. അവിടെ മൂന്ന് നാല് മാസം കൊണ്ടാണ് ഒരു പടം തീരുന്നത്. ‘മേരേ സജ്ന’ എന്നൊരു സിനിമയിലേക്ക് വിളിച്ചിരുന്നു. നാലു തവണ 20 ദിവസത്തെ ഡേറ്റ് വാങ്ങി അവർ കാൻസൽ ചെയ്തു. അതിലെ ഏതോ പാട്ട് സീനിലോ മറ്റോ എന്നെ കാണിക്കുന്നുണ്ട്. ആർട്ടിസ്റ്റിന്റെ സമയത്തിന് അവിടെ ഒരു വിലയുമില്ല എന്ന് തോന്നിയിട്ടുണ്ട്.

? നായകനായിരിക്കുമ്പോഴും മലയാളത്തിൽ വില്ലൻ വേഷം ചെയ്തത് ബോധപൂർവമായിരുന്നോ

വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനുള്ള ആഗ്രഹം കൊണ്ടായിരുന്നു അത്. ഞാൻ ആക്ടറാണ്. താരമല്ല എന്ന ബോധമുണ്ടായിരുന്നു. പല കഥാപാത്രങ്ങളും ടൈപ്പ് ആകുന്നു​ണ്ടോയെന്ന് തോന്നിത്തുടങ്ങിയതോടെയാണ് സംവിധാനം ചെയ്ത ‘പ്രിയ’യിൽ വില്ലൻ വേഷം തെരഞ്ഞെടുത്തത്.

അഭിനയത്തോടൊപ്പം നിർമാണവും സംവിധാനവും ചെയ്തത് കൊണ്ടാണ് അതൊക്കെ സാധ്യമായത്. ഇമേജ് ഞാൻ തന്നെ ബ്രേക്ക് ചെയ്തത് കൊണ്ട് ഏതു വേഷവും എന്നെ ഏൽപിക്കാനുള്ള ധൈര്യം മറ്റുള്ളവർക്കും ഉണ്ടായി. വില്ലൻവേഷം ചെയ്തപ്പോൾ രാമു കാര്യട്ട് അടക്കമുള്ളവർ വഴക്കുപറഞ്ഞിരുന്നു. നായകനെന്ന ഇമേജ് പോകുമെന്നായിരുന്നു അവരുടെ പരാതി. എന്റെ ആവശ്യവും അതായിരുന്നു.

●●●

വൈക്കത്തിനടുത്ത് ഒരു സിനിമയിൽ അഭിനയിക്കാൻ പോയതാണ് മധു. അപ്പോഴാണ് കായൽക്കരയിലെ ലൊക്കേഷനിലേക്ക് ഷൂട്ടിങ് കാണാൻ വള്ളം തുഴഞ്ഞ് വരുന്നൊ​രു ചെറുപ്പക്കാരനെ കണ്ടത്. കൗതുകം തോന്നിയ അ​ദ്ദേഹം ആ ചെറുപ്പക്കാരനെ പരിചയപ്പെടുക മാത്രമല്ല, വള്ളത്തിൽ കയറ്റുമോയെന്നും ചോദിച്ചു. ചെറുപ്പക്കാരൻ സ​​ന്തോഷത്തോടെ സമ്മതിച്ചു. കുറച്ചുനേരം അവർ കായലിൽ വള്ളം തുഴഞ്ഞു. അന്ന് പരിചയപ്പെട്ട മുഹമ്മദ് കുട്ടിയെന്ന യുവാവിനെ മധു പിന്നെ കാണുന്നത് മമ്മൂട്ടി എന്ന നടനായിട്ടാണ്.

? എ​ന്റെ സൂപ്പർസ്റ്റാർ എന്നാണ് മമ്മൂട്ടി എപ്പോഴും താങ്കളെ വിശേഷിപ്പിക്കുന്നത്. ആരാണ് താങ്കളുടെ സൂപ്പർസ്റ്റാർ

മമ്മൂട്ടി അത് സ്നേഹം കൊണ്ട് പറയുന്നതാണ്. മമ്മൂട്ടിയായാലും ലാലായാലും വലിയ സ്നേഹവും ബഹുമാനവുമാണ് നൽകുന്നത്. സമയം കിട്ടുമ്പോ​ഴെല്ലാം ഇരുവരും വിളിക്കും. സാധ്യമാ

ക​ുമ്പോഴെല്ലാം വന്ന് കാണും. മമ്മൂട്ടിക്ക് ജന്മദിനാശംസ നേരാൻ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. ചില പിറന്നാൾ ദിനത്തിൽ ലാൽ വരാറുണ്ട്. ഇഷ്ട നടൻ ആരാണെന്ന് ചോദിച്ചാൽ അടൂർ ഭാസി, ശങ്കരാടി എന്നൊക്കെ ഞാൻ പറയും. കാരണം, അടുപ്പമുള്ളതുകൊണ്ട് അവരോട് ഇഷ്ടവുമുണ്ട്. ഇഷ്ടമുള്ള നല്ല നടൻ ആരെന്ന് ചോദിച്ചാൽ എനിക്ക് എല്ലാവരുടെയും അഭിനയം ഇഷ്ടമാണ്. ഓരോരുത്തർക്കും ഓരോ പ്രത്യേകതയുണ്ട്.

അതെല്ലാം എനിക്ക് ഇഷ്ടമാണ്. മമ്മൂട്ടിയുടെ നിർബന്ധപ്രകാരമാണ് അടുത്തിടെ ‘വൺ’ എന്ന സിനിമയിൽ ഞാൻ അഭിനയിച്ചത്. ഇപ്പോഴും നമ്മളിലെ അഭിനേതാവിനെ അവർക്ക് ആവശ്യമുണ്ട് എന്നതൊക്കെ സന്തോഷമുള്ള കാര്യമ​ല്ലേ? എന്നെ തന്നെ അത്ഭുതപ്പെടുത്തും വിധമുള്ള അവസരങ്ങളും അംഗീകാരങ്ങളുമാണ് സിനിമ എനിക്ക് തന്നിട്ടുള്ളത്. അഭിനയത്തോടുള്ള താൽപര്യം അവസാനിച്ചിട്ടുമില്ല.

അത്രയേറെ വ്യത്യസ്തമായ വേഷം വന്നാൽ ഇനിയും ചെയ്യണമെന്നുണ്ട്. ‘വണ്ണി’ൽ അഭിനയിച്ചതിനെ ‘അവസാനത്തേതിന്റെ അവസാനം’ എന്നാണ് ഞാൻ വിശേഷിപ്പിക്കുന്നതെങ്കിലും, കാര്യങ്ങൾ ഒത്തുവന്നാൽ സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കഥയെഴുതി, മധുപാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മുഖ്യവേഷത്തിൽ എന്നെ വീണ്ടും കാണാം.

(അഭിമുഖത്തിന്റെ അവസാനഭാഗം അടുത്തലക്കത്തിൽ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actor madhumalayalam film starmalayalam actorinterviewmalayalamfilm
News Summary - Interview with Actor Madhu
Next Story