സ്നേഹാഭിമാനം
text_fieldsനിരന്തരം പരിശ്രമിച്ചാൽ ഒരിക്കൽ വിജയം നിങ്ങളെ തേടിയെത്തും. സ്വന്തം വ്യക്തിത്വംപോലും നഷ്ടെപ്പട്ടവരെന്ന് ഭൂരിപക്ഷം വിലയിരുത്തുമ്പോൾ അതിനിടയിൽനിന്ന് സ്വന്തം സ്വത്വത്തിനായി പോരാടുന്നവരാണ് ട്രാൻസ്ജെൻഡറുകൾ. അവിടെനിന്ന് ചലച്ചിത്രമേഖലയിൽ സ്ത്രീ-ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക പുരസ്കാരം നേടിയതിന്റെ തിളക്കത്തിലാണ് ട്രാൻസ് വുമണായ നേഹ. ട്രാൻസ്ജെൻഡർ വിഭാഗത്തിന് ചലച്ചിത്രമേഖലയിൽ ലഭിക്കുന്ന സംസ്ഥാന സർക്കാറിന്റെ ആദ്യ പുരസ്കാരം. പി. അഭിജിത്ത് സംവിധാനം ചെയ്ത 'അന്തരം' എന്ന ചിത്രത്തിലൂടെയാണ് നേഹയെ തേടിയെത്തിയത്. നേഹ പറയുന്നു:
ആ നിമിഷം
ട്രാൻസ്, ട്രാൻസ് ആർട്ടിസ്റ്റ് എന്ന നിലകളിൽ ഒരുപാട് അവഗണനകൾ നേരിട്ടു. ജീവിതത്തിൽ ഒരുപാട് മോശം ദിവസങ്ങളിലൂടെ കടന്നുപോയി. മരിച്ചാലോ എന്നുവരെ തോന്നിപ്പിച്ച ദിവസങ്ങളായിരുന്നു അവ. ആ നിമിഷങ്ങളിൽ ആകാശത്തേക്ക് നോക്കും. എന്തെങ്കിലും അത്ഭുതം എന്റെ ജീവിതത്തിലും സംഭവിക്കുമെന്ന പ്രതീക്ഷയിൽ. നിരാശമാത്രം നിറഞ്ഞുനിന്നിരുന്ന ആ ദിവസങ്ങൾക്ക് അറുതിയെന്നോണം സംഭവിച്ച അത്ഭുതമാണ് ഈ അവാർഡ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു അംഗീകാരമാണ്. ആദ്യം കേട്ടപ്പോൾ കരുതി സ്വപ്നമാണെന്ന്. പിന്നീട് യാഥാർഥ്യമെന്ന് തിരിച്ചറിഞ്ഞു. ഞാനും എന്റെ സുഹൃത്തുക്കളും ഏറെ സന്തോഷിച്ച ദിവസംകൂടിയാണ് അത്.
ഇത് ട്രാൻസ് സമൂഹത്തിന്
കോമഡി സീനുകളിലും മറ്റും മാത്രം ഉൾക്കൊള്ളിച്ചിരുന്ന ട്രാൻസ് സമൂഹത്തിന് മുഖ്യ കഥാപാത്രങ്ങളോ ബഹുമാനമർഹിക്കുന്ന റോളുകളോ ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു റോൾ ചെയ്യുന്നത്. അതു കൊണ്ടുതന്നെ ഈ അവാർഡ് ട്രാൻസ് സമൂഹത്തിനായി സമർപ്പിക്കുന്നു. അവാർഡ് ലഭിച്ച വിവരം ഫോണിലൂടെ അമ്മയെ അറിയിച്ചിരുന്നു. ആ നിമിഷം അമ്മ അടുത്തുണ്ടാവണമെന്നും വാത്സല്യം അനുഭവിച്ചറിയണമെന്നും ഒരുപാട് ആഗ്രഹിച്ചിരുന്നു. പക്ഷേ, അമ്മയുടെ പ്രതികരണം ഒരുപാട് സങ്കടത്തിലാഴ്ത്തി. എല്ലാം ഒരു മൂളലിൽ ഒതുക്കുകയായിരുന്നു. സമൂഹത്തിൽ തങ്ങളുടേതായ ഇടം കണ്ടെത്താൻ പാടുപെടുന്ന, പരിവർത്തനത്തിന്റെ ബുദ്ധിമുട്ടുകൾ സഹിക്കാൻ കഴിയാതെ ജീവിതം ഉപേക്ഷിക്കേണ്ടി വരുന്ന എല്ലാ ട്രാൻസ്‌വിഭാഗക്കാർക്കും ലഭിച്ച അംഗീകാരമാണിത്.
തഞ്ചാവൂരിൽ നിന്ന് ചെന്നൈയിലേക്ക്
തഞ്ചാവൂരാണ് ജന്മദേശം. വീട്ടിൽ അച്ഛനും അമ്മയും നാലു സഹോദരങ്ങളും. പെണ്ണായി ജീവിക്കണം എന്ന് പറഞ്ഞപ്പോൾ സമൂഹം അംഗീകരിക്കില്ല, കുടുംബത്തിന് മാനക്കേടുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യരുതെന്നായിരുന്നു അച്ഛന്റെ ഉപദേശം. തീരുമാനങ്ങൾക്ക് മാറ്റമില്ലെന്നറിയിച്ചതോടെ ഒടുവിൽ ദേഹോപദ്രവം തുടങ്ങി. സ്വത്വത്തെ തിരിച്ചറിഞ്ഞപ്പോൾ അവകാശങ്ങൾക്കായി കുടുംബത്തിൽ പൊരുതേണ്ട സാഹചര്യമുണ്ടായി. കുടുംബത്തിൽ ഇടം നഷ്ടമായതോടെ പ്ലസ് ടു സർട്ടിഫിക്കറ്റുമായി ചെന്നൈയിലേക്ക് പോയി. ചെന്നൈയിൽനിന്നുള്ള ഒരുപാട് ട്രാൻസുകൾ മാധ്യമശ്രദ്ധ പിടിച്ചുവാങ്ങിയിരുന്നു. മുൻ വിധികളോ വിമർശനങ്ങളോ കളിയാക്കലുകളോ ഏൽക്കാതെ അവിടെ ജീവിക്കാമെന്ന് തോന്നി. അച്ഛൻ മരിച്ചപ്പോൾ വീട്ടിൽനിന്ന് ഫോൺ കോൾ വന്നു. വീട്ടിൽ പോകാൻ ധിറുതികൂട്ടിയ എന്നോട് പറഞ്ഞത് അങ്ങോട്ട് ചെല്ലരുതെന്നായിരുന്നു. അച്ഛനെ അവസാനമായി കാണണമെന്നുണ്ടായിരുന്നു. പേക്ഷ, അച്ഛന്റെ ഒരു ഫോട്ടോ മാത്രമാണ് ഞാൻ അവസാനമായി കണ്ടത്. സഹോദരിയുടെ മക്കൾക്കുപോലും എന്നെ അറിയില്ല. ആ കുടുംബത്തിൽ ഞാനെന്നൊരാൾ ഉണ്ടെന്നുപോലും അവർക്കാർക്കും അറിയില്ല. ട്രാൻസ്ജെൻഡേഴ്സ് കുടുംബത്തിന് നാണക്കേടാണെന്ന് അവർ ഇപ്പോഴും കരുതുന്നതു.
ട്രാൻസ് കമ്യൂണിറ്റിയും മീടുവും
സിനിമ മേഖലയിൽ മാത്രമല്ല, പൊതുസ്ഥലങ്ങളിൽ നിന്നുപോലും ധാരാളം ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അത് തുറന്നുപറയുമ്പോൾ ആരും മനസ്സിലാക്കാറില്ല. പുച്ഛിക്കാറാണ് പതിവ്.
തമിഴിൽനിന്നു മലയാളത്തിലേക്ക്
തമിഴിൽ ഷോർട്ട് ഫിലിമുകളും വെബ് സീരീസുമൊക്കെ ചെയ്തിട്ടുണ്ട്. 'അന്തരം' സിനിമയിലായിരുന്നു മുഖ്യവേഷം. 'അഞ്ജലി' എന്ന കഥാപാത്രം എന്റെ ജീവിതത്തോട് ചേർന്നുനിൽക്കുന്നു. ചിത്രീകരണത്തിനായി കോഴിക്കോടെത്തിയപ്പോൾ കുറച്ച് പേടിച്ചിരുന്നു. ഭാഷ പ്രധാന വെല്ലുവിളിയായി. പഠിക്കാൻ പലതുമുണ്ടെന്ന് മനസ്സിലാക്കി. ജീവിതത്തിലെ സുവർണ നിമിഷങ്ങളായിരുന്നു കാലിക്കറ്റിലെ ഷൂട്ടിങ് ദിവസങ്ങൾ.
നന്ദി
ട്രാൻസ്ജെൻഡർ സമൂഹത്തിന് സിനിമയിൽ സാന്നിധ്യമറിയിക്കാനാവുമെന്ന് തെളിയിച്ചതിൽ കേരളത്തോടും സംവിധായകൻ അഭിജിത്തിനോടും കടപ്പാടുണ്ട്. ട്രാൻസ് വിഭാഗത്തോടുള്ള സമൂഹ മനോഭാവത്തിൽ മാറ്റമുണ്ടാകുന്നതിൽ സന്തോഷം.
l
തയാറാക്കിയത്
ഐശ്വര്യ എസ്. ബാബു
അൻസിയ കെ. അസീസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

