‘അമ്മ’യിലെ മെമ്മറി കാർഡ് വിവാദം അന്വേഷിക്കാൻ കമീഷൻ
text_fieldsശ്വേതാ മേനോൻ
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ മെമ്മറി കാർഡ് വിവാദം അന്വേഷിക്കാൻ കമീഷനെ നിയോഗിക്കുമെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയും ശ്വേത പ്രസിഡന്റുമായ ഭരണസമിതി ചുമതലയേറ്റശേഷം ചേർന്ന ആദ്യ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് അവർ ഇക്കാര്യം അറിയിച്ചത്.
അംഗങ്ങൾക്കിടയിലെ പരാതികൾ യോഗം ചർച്ച ചെയ്തതായി ശ്വേത അറിയിച്ചു. പരാതികൾ പരിഹരിക്കാൻ ഉപ സമിതികൾ രൂപവത്കരിക്കും. എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കും. സംഘടനയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ തിരികെ കൊണ്ടുവരാൻ ശ്രമങ്ങളുണ്ടാകും. പ്രശ്നങ്ങൾ സംഘടനക്കുള്ളിൽതന്നെ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൈനീട്ടം, സഞ്ജീവനി തുടങ്ങിയ പദ്ധതികൾ തുടരാനും തീരുമാനിച്ചു.
‘മീ ടു’ വിവാദ കാലത്ത് വനിതാ അംഗങ്ങൾ നടത്തിയ തുറന്നു പറച്ചിലുകൾ റെക്കോർഡ് ചെയ്ത് മെമ്മറി കാർഡിൽ സൂക്ഷിച്ചിരുന്നു. ഇത് കുക്കു പരമേശ്വരൻ കൊണ്ടുപോയെന്നും അത് തിരികെ ഏൽപ്പിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഉഷ ഹസീന പറയുന്നു. ഇത് സംബന്ധിച്ച് സംഘടനക്കും മുഖ്യമന്ത്രി, വനിതാ കമീഷൻ, മനുഷ്യാവകാശ കമീഷൻ, ഡി.ജി.പി എന്നിവർക്കും ഉഷ പരാതി നൽകിയിരുന്നു. മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്ന് കാണിച്ച് ഡി.ജി.പിക്ക് കുക്കുവും പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

