Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightസിനിമ സ്റ്റൈലിൽ...

സിനിമ സ്റ്റൈലിൽ ‘അമ്മ’യിലെ കൂട്ടരാജി; സംഘടന വിട്ട് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും

text_fields
bookmark_border
സിനിമ സ്റ്റൈലിൽ ‘അമ്മ’യിലെ കൂട്ടരാജി;  സംഘടന വിട്ട് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും
cancel

കൊച്ചി: സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കം ഒടുവിൽ സിനിമ സ്റ്റൈലിൽ കലാശിച്ചു. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ കടുത്ത വിമർശനവും സംഘർഷവും ഉണ്ടായതോടെ ‘അമ്മ’ ഭരണ സമിതി രാജിവെക്കുകയായിരുന്നു. പ്രസിഡന്‍റ് ശ്വേത മേനോനും വൈസ് പ്രസിഡന്‍റ് ലക്ഷ്മി പ്രിയയും സംഘടന വിടുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

17 അംഗ ഭരണ സമിതി രാജിവെച്ചതിനെ തുടർന്ന് സംഘടനയുടെ ഭാവി കാര്യങ്ങൾക്കായി രമേഷ് പിഷാരടി കൺവീനറായി അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചു. കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി ഡേവിഡ്, കൃഷ്ണ പ്രഭ, ആശ അരവിന്ദ്, ഷാജോൺ, ദേവി ചന്ദന എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

ഏതാനും മാസമായി ‘അമ്മ’യുടെ തലപ്പത്ത് രൂപംകൊണ്ട കാർമേഘങ്ങളാണ് ഞായറാഴ്ചത്തെ യോഗത്തോടെ പൊട്ടിത്തെറിയിലെത്തിയത്. ഞായറാഴ്ച പൊതുയോഗം ആരംഭിച്ചപ്പോൾ തന്നെ നിലവിലെ സമിതിക്കെതിരെ അംഗങ്ങൾ ആരോപണവുമായി രംഗത്തുവന്നു. 500ഓളം അംഗങ്ങളുള്ള ‘അമ്മ’യുടെ പൊതുയോഗത്തിന് എത്തിയത് 200ഓളം അംഗങ്ങൾ മാത്രമാണ്. ഇവരിൽ ഭൂരിഭാഗവും നിലവിലെ ഭരണസമിതിക്കെതിരെ രംഗത്തുവന്നതായാണ് സൂചന. സമിതിയിൽ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം പലരും ഒപ്പിട്ടു നൽകി. മോഹൻലാൽ ഒഴികെ ഭൂരിഭാഗം മുൻനിര താരങ്ങളും യോഗത്തിൽനിന്ന് വിട്ടുനിന്നു. പ്രസിഡന്‍റ് ശ്വേതയും ട്രഷറർ ഉണ്ണി ശിവപാലും അൻസിബ ഹസനും തങ്ങളുടെ നിലപാടുകൾ യോഗത്തിൽ വ്യക്തമാക്കി. എന്നാൽ സെക്രട്ടറിയും ട്രഷററും അവതരിപ്പിച്ച കണക്കുകൾ പൂർണമായിരുന്നില്ല. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാനും ഭാരവാഹികൾക്ക് കഴിഞ്ഞില്ല. ഇതേതുടർന്ന് യോഗ ഹാളിൽ ശക്തമായ വാഗ്വാദങ്ങളും ബഹളവുമുണ്ടായി.

ശ്വേത മേനോനും ഉണ്ണി ശിവപാലും തമ്മിൽ രൂക്ഷമായ വാക്കേറ്റം ഉണ്ടായതായും സൂചനയുണ്ട്. റിപ്പോർട്ടും കണക്കും പാസാക്കാനും കഴിഞ്ഞില്ല. യോഗം ഉച്ചഭക്ഷണത്തിന് പിരിഞ്ഞപ്പോൾ പുറത്തെത്തിയ നടൻ മോഹൻലാൽ തർക്കത്തിൽ താൻ ആരുടെ ഭാഗത്തും നിൽക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രശ്ന പരിഹാരത്തിന് മുതിർന്ന അംഗങ്ങളുടെ ഇടപെടൽ ഇല്ലാതാവുകയായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം യോഗം പുനരാരംഭിച്ചപ്പോഴും രൂക്ഷമായ ‘ആക്രമണം’ തുടർന്നതോടെ ശ്വേത മേനോൻ പൊടുന്നനെ രാജി പ്രഖ്യാപിച്ച് വേദി വിട്ടു.

രഞ്ജി പണിക്കർ അടക്കമുള്ള അംഗങ്ങൾ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ഭരണ സമിതി അംഗങ്ങൾ മുഴുവൻ രാജിവെക്കുകയായിരുന്നു. തുടർന്നാണ് ശ്വേത മേനോൻ സംഘടനക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ‘അമ്മ’യിൽനിന്ന് തന്നെ രാജി പ്രഖ്യാപിച്ചത്. പിന്നാലെ വൈസ് പ്രസിഡന്‍റായ ലക്ഷ്മിപ്രിയയും അംഗത്വം രാജിവെച്ചതായി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AMMAShweta Menon
News Summary - Cinema-style mass resignation in ‘AMMA’; President and Vice President quit organization
Next Story