പാകിസ്താനെ പിന്തുണച്ചു; സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ തുർക്കിഷ് ഷോകൾ ബഹിഷ്‌കരിക്കണമെന്ന് ആവശ്യം
text_fieldsഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ പാകിസ്താന് പിന്തുണ നൽകിയതിനെ തുടർന്ന് തുർക്കി ഷോകൾ ബഹിഷ്‌കരിക്കാൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളോട് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് (എഫ്.ഡബ്ല്യൂ.ഐ.സി.ഇ). നെറ്റ്ഫ്ലിക്സ്, പ്രൈം വിഡിയോ, ജിയോഹോട്ട്സ്റ്റാർ എന്നിവയുൾപ്പെടെയുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളോട് തുർക്കിഷ് ഷോകൾ ബഹിഷ്‌കരിക്കാൻ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്തിന്റെയും വ്യവസായത്തിന്റെയും താൽപ്പര്യങ്ങൾക്കായി ഉറച്ചുനിൽക്കുന്നു എന്ന് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ എഫ്.ഡബ്ല്യൂ.ഐ.സി.ഇ പറഞ്ഞു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിവിധ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ തുർക്കിഷ് ഷോകളുടെ തുടർച്ചയായ സ്ട്രീമിങ്ങും പ്രൊമോഷനും സംബന്ധിച്ച് ഗുരുതരമായ ആശങ്കയും ശക്തമായ എതിർപ്പും പ്രകടിപ്പിക്കുന്നതിനാണ് പ്രസ്താവനയെന്നും സംഘടന വ്യക്തമാക്കി.
കശ്മീർ പോലുള്ള സെൻസിറ്റീവ് വിഷയങ്ങൾ ഉൾപ്പെടെ, ഇന്ത്യയുടെ പരമാധികാരത്തിനും ദേശീയ താൽപ്പര്യത്തിനും ഹാനികരമായ കാര്യങ്ങളിൽ തുർക്കിയ പാകിസ്താന് നയതന്ത്രപരവും രാഷ്ട്രീയവുമായ പിന്തുണ നിരന്തരം നൽകിയിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാമെന്ന് പ്രസ്താവനയിൽ പറയുന്നു. തുർക്കിയുമായുള്ള എല്ലാ ചലച്ചിത്ര, സാംസ്കാരിക സഹകരണങ്ങളും പൂർണമായി ബഹിഷ്കരിക്കുമെന്ന് സിനിമ സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യൻ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ തുർക്കി ടെലിവിഷൻ ഷോകളുടെയും സിനിമകളുടെയും സ്ട്രീമിങ് ബഹിഷ്‌കരിക്കുന്നതിനോ നിയന്ത്രിക്കുന്നതിനോ ആവശ്യമായ നടപടി സ്വീകരിക്കുന്നത് പരിഗണിക്കണമെന്ന് എഫ്.ഡബ്ല്യു.ഐ.സി.ഇ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മന്ത്രാലയം ഇത് അർഹിക്കുന്ന ഗൗരവത്തോടെ പരിഗണിക്കുകയും ദേശീയ താൽപ്പര്യം മുൻനിർത്തി ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

