യാഷിന്‍റെ ‘ടോക്സികിൽ എലിസബത്തായി ഹുമ ഖുറേഷി; കാരക്ടർ പോസ്റ്റർ റിലീസായി
text_fields2026ൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ റോക്കിങ് സ്റ്റാർ യാഷ് അവതരിപ്പിക്കുന്ന ടോക്സിക് വീണ്ടും പ്രേക്ഷകരുടെ കൗതുകം ഇരട്ടിപ്പിക്കുന്നു. ചിത്രത്തിൽ ‘എലിസബത്ത്’ എന്ന കഥാപാത്രമായി ഹുമ ഖുറേഷിയുടെ കാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. എല്ലായ്പ്പോഴും പ്രതീക്ഷകൾ മറികടക്കുന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹിമയുടെ ഈ പ്രവേശനം ‘ടോക്സിക്’ എന്ന ഇരുണ്ട ലോകത്ത് രഹസ്യവും ആകർഷണവും ശാന്തമായ ഭീഷണിയും നിറഞ്ഞ ഒരു കഥാപാത്രത്തെ സൂചിപ്പിക്കുന്നു. ദീർഘകാലം ഓർമയിൽ നിലനിൽക്കുന്ന പ്രകടനമായിരിക്കും ഇതെന്ന സൂചനയാണ് കാരക്റ്റർ പോസ്റ്റർ നൽകുന്നത്.
വർഷങ്ങളായി ഹുമ ഖുറേഷി സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും ശക്തമായ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. തീവ്രമായ സാമൂഹിക നാടകങ്ങൾ മുതൽ വ്യത്യസ്തമായ കഥാഖ്യാനങ്ങൾ, ഡാർക്ക് ത്രില്ലറുകൾ, മുഖ്യധാരാ സിനിമകൾ വരെ എല്ലാ വിഭാഗങ്ങളിലും സ്വതസിദ്ധമായ അഭിനയമുദ്ര പതിപ്പിക്കാൻ ഹുമാ ഖുറേഷിക്ക് സാധിച്ചിട്ടുള്ള ഹുമ ഖുറേഷി ഇന്ന് ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
എലിസബത്തായി ഹുമയുടെ കാരക്ടർ പോസ്റ്റർ തന്നെ വൈരുദ്ധ്യങ്ങളുടെ മനോഹരമായ അവതരണമാണ്. കല്ലറകളും ശിലാശില്പങ്ങളുമുള്ള ശ്മശാന പശ്ചാത്തലത്തിലാണ് കഥാപാത്രം അവതരിപ്പിക്കപ്പെടുന്നത്. അതിനിടയിൽ ഒരു വിന്റേജ് കറുത്ത കാറിനരികെ, ഓഫ്-ഷോൾഡർ കറുത്ത വേഷത്തിൽ ഹുമ നിൽക്കുന്നു. ഗാഥിക് അന്തരീക്ഷവും മങ്ങിയ നിറഭാവവും അവളുടെ സാന്നിധ്യത്തിന് ഒരു ഭീതിജനകമായ തീവ്രത നൽകുന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത വേഷത്തിൽ, ശാന്തവും സുന്ദരവുമായി തോന്നുമ്പോഴും ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്ന ഇരുണ്ട ശക്തിയാണ് ഹുമ അവതരിപ്പിക്കുന്ന എലിസബത്തിൽ പ്രതിഫലിക്കുന്നത്. അക്രമമില്ലാതെ തന്നെ അധികാരം സ്ഥാപിക്കുന്ന ഒരു സ്ത്രീയുടെ ആത്മവിശ്വാസമാണ് അവളുടെ നോട്ടത്തിൽ നിറഞ്ഞുനിൽക്കുന്നത്—നീതിയും അനീതിയും മിശ്രിതമായ ഒരു ഫെയർടെയിലിൽ സൗന്ദര്യം തന്നെ ആയുധമാകുന്ന കഥാപാത്രം.
“ഈ കഥാപാത്രത്തിനുള്ള കാസ്റ്റിങ് ഏറ്റവും വെല്ലുവിളിയേറിയതായിരുന്നു. ഉയർന്ന അഭിനയക്ഷമതയും ശക്തമായ സാന്നിധ്യവും ആവശ്യമായൊരു വേഷം. ഹുമ ആദ്യമായി ഫ്രെയിമിൽ എത്തിയ നിമിഷം തന്നെ ആ അപൂർവത ഞാൻ കണ്ടു. അവളുടെ സ്വാഭാവികമായ സോഫിസ്റ്റിക്കേഷനും തീവ്രതയും എലിസബത്ത് എന്ന കഥാപാത്രത്തെ ജീവിപ്പിച്ചു. ഒരു കഥാപാത്രത്തെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും അതിന്റെ വ്യാഖ്യാനം വെല്ലുവിളിക്കുകയും ചെയ്യുന്ന നടിയാണ് ഹുമ. ആ സംവാദം നമ്മുടെ സൃഷ്ടിപരമായ യാത്രയുടെ ഭാഗമായിരുന്നു. അവൾ എന്നും ഒരു പവർഹൗസ് ടാലന്റാണ്, പക്ഷേ ഈ പ്രകടനം അവളെ സെല്ലുലോയിഡിലെ പുതിയ, ശക്തമായ സാന്നിധ്യമായി അടയാളപ്പെടുത്തും” -ഇങ്ങനെയാണ് ഹുമ ഖുറേഷിയെ എലിസബത്തായി തെരഞ്ഞെടുത്തതിനെക്കുറിച്ച് സംവിധായിക ഗീതു മോഹൻദാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
കെ.ജി.എഫ് ചാപ്റ്റർ 2 വഴി ബോക്‌സ് ഓഫിസിന്റെ ചരിത്രം പുനർലിഖിതമാക്കിയതിന് നാല് വർഷങ്ങൾക്ക് ശേഷം, യാഷ് വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നത് ‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ എന്ന സിനിമയിലൂടെയാണ്. പ്രഖ്യാപന നിമിഷം മുതൽ തന്നെ വിവിധ ഭാഷ സിനിമ വ്യവസായങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചിരിക്കുന്ന ചിത്രമാണിത്.
യാഷും ഗീതു മോഹന്ദാസും ചേർന്നാണ് രചന. കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ച ചിത്രം, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലേക്ക് ഡബ് ചെയ്യപ്പെടും. ദേശീയ അവാർഡ് ജേതാവ് രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിങ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവരടങ്ങുന്ന ശക്തമായ സാങ്കേതിക സംഘമാണ് ചിത്രത്തിന് പിന്നിൽ. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (John Wick) യുടെയും ദേശീയ അവാർഡ് ജേതാക്കളായ അൻബറിവ് & കേച ഖാംഫാക്ഡീ എന്നിവരുടെയും നേതൃത്വത്തിലാണ് ഹൈ-ഓക്‌ടെയിൻ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. വെങ്കട് കെ. നാരായണയും യാഷും ചേർന്ന് കെ.വി.എൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിൽ നിർമിക്കുന്ന ‘ടോക്സിക്: എ ഫെയർടെയിൽ ഫോർ ഗ്രോൺ-അപ്പ്സ്’ 2026 മാർച്ച് 19ന് ഈദ്, ഉഗാദി, ഗുഡി പാഡ്വ എന്നീ ഉത്സവങ്ങളോട് അനുബന്ധിച്ച ദീർഘവാരാന്ത്യത്തിൽ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ഗംഭീര റിലീസിനൊരുങ്ങുന്നു. പി.ആർ.ഓ പ്രതീഷ് ശേഖർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

