Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_rightമലയാള സിനിമയിലെ 'പെൺ...

മലയാള സിനിമയിലെ 'പെൺ പരിണാമം'

text_fields
bookmark_border
Women in Malayala Cinema
cancel

“മേലിലൊരാണിന്‍റെയും മുഖത്തിനു നേരെ ഉയരില്ല നിന്‍റെ കൈയ്യ്

അതെനിക്കറിയാഞ്ഞിട്ടല്ല,

പക്ഷെ നീയൊരു പെണ്ണായിപ്പോയി, വെറും പെണ്ണ്…”

ജോസഫ് അലക്സ് അനുരാധയോട് പറഞ്ഞ വാക്കുകളാണിത്. അവളുടെ വ്യക്തിപരമായ കാര്യങ്ങളിലേക്ക് കൈകടത്തി, വ്യക്തിത്വത്തെ വെർബൽ റേപ്പ് ചെയ്തപ്പോൾ പ്രതികരിക്കാൻ ശ്രമിച്ചതിനെ തടഞ്ഞു കൊണ്ടാണ് സിനിമയിൽ നായകൻ ഇങ്ങനെ പറയുന്നത്. അന്ന് ഈ ഡയലോഗ് തീയേറ്ററിൽ കരഘോഷങ്ങളോടെ സ്വീകരിക്കപ്പെടുന്നത് ദേശസ്നേഹത്തിന്റെ അധിക മൈലേജോട് കൂടിയാണ്. അപമാനിക്കുന്ന ഒരാണിന് നേരെയും അന്ന് കൈ ഉയരാതിരുന്ന അനുരാധയിൽ നിന്ന് ചൂഷണം ചെയ്തവന്റെ ആണവയവം മുറിച്ചെടുത്ത് പ്രതികാരം ചെയ്ത ടെസ്സയിലേക്കുള്ള ദൂരം മലയാള സിനിമ വർഷങ്ങൾക്കു മുമ്പേ താണ്ടി കഴിഞ്ഞിരിക്കുന്നു.

സിനിമ എന്ന കലാരൂപം, കാലത്തിന്റെ മുഖം അടയാളപ്പെടുത്തുകയും സമൂഹത്തിന്റെ മനസ്സിനെ തുറന്നുകാട്ടുകയും ചെയ്യുന്ന ഒരു മാധ്യമമാണ്. മനുഷ്യജീവിതങ്ങളുടെ സൂക്ഷ്മതലങ്ങളും സാമൂഹിക പശ്ചാത്തലങ്ങളുടെ സങ്കീർണ്ണതകളും അനാവരണം ചെയ്യുന്ന സിനിമകളിൽ, അതാത് കാലത്തെ പൊതുബോധവും അതിനെ ചോദ്യം ചെയ്യുന്ന കലാപങ്ങളും പ്രതിഫലിക്കുന്നു. മലയാള സിനിമയിൽ, സ്ത്രീ കഥാപാത്രങ്ങളുടെ ചിത്രീകരണം കാലാകാലങ്ങളിൽ വലിയ പരിണാമത്തിന് വിധേയമായിട്ടുണ്ട്. പഴയകാല സിനിമകളിൽ സ്ത്രീകൾ പലപ്പോഴും പുരുഷന്റെ നിഴലിൽ ഒതുങ്ങുന്നവരായി ചുരുങ്ങി. സ്വന്തം അഭിപ്രായങ്ങളോ തീരുമാനങ്ങളോ ഇല്ലാത്ത, പുരുഷനെ ആശ്രയിച്ച് മാത്രം ജീവിക്കുന്ന കഥാപാത്രങ്ങളായാണ് അവർ അവതരിപ്പിക്കപ്പെട്ടത്. വ്യക്തിത്വമുള്ള സ്ത്രീകളെ അടക്കി 'നന്നാക്കുന്ന' പുരുഷാധികാരികളെ ആഘോഷിക്കുന്ന രംഗങ്ങൾ പോലും അക്കാലത്ത് അപൂർവമായിരുന്നില്ല. ലൈംഗിക അതിക്രമങ്ങളെ ആദ്യം എതിർത്തെങ്കിലും പിന്നീട് അത് ആസ്വദിക്കുന്ന, പുരുഷ മനസ്സുകൾ രൂപപ്പെടുത്തിയ വികലമായ സ്ത്രീ കഥാപാത്രങ്ങളും സിനിമകളിൽ ധാരാളമായി കണ്ടു. ദാമ്പത്യത്തിന്റെ ചട്ടക്കൂട് ഉപേക്ഷിച്ച് സ്വന്തം സ്വപ്നങ്ങൾ പിന്തുടർന്ന സ്ത്രീകളെ, ജീവിതം തുലച്ചവരായി ചിത്രീകരിക്കുന്ന സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ഉറച്ച നിലപാടുകളും ആത്മവിശ്വാസവും ഉള്ള സ്ത്രീകളെ 'അഹങ്കാരി'കളായി മുദ്രകുത്തി, അവരെ 'നിലയ്ക്ക് നിർത്താൻ' ശ്രമിക്കുന്ന പുരുഷ കഥാപാത്രങ്ങൾ പതിവായിരുന്നു. 'നീ വെറും പെണ്ണാണ്' എന്നോ, 'വെള്ളമടിച്ച് പാതിരാത്രി വീട്ടിൽ കയറുമ്പോൾ ചെരുപ്പൂരി തല്ലാൻ ഒരു പെണ്ണ് വേണം' എന്നോ പറയുന്ന നായകന്മാർ സ്ക്രീനിൽ ആധിപത്യം പുലർത്തി. 'അടക്കവും ഒതുക്കവും' ഉള്ള, എതിർ പറയാത്ത, നിഷ്ക്രിയരായ സ്ത്രീകളാണ് പലപ്പോഴും പുരുഷന്റെ കണ്ണിലൂടെ മാത്രം കണ്ട സിനിമകളിൽ നിറഞ്ഞത്.

ഈ പഴയകാല സിനിമകളിൽ, സ്ത്രീ കഥാപാത്രങ്ങളെ പലപ്പോഴും സ്റ്റീരിയോടൈപ്പുകളിലേക്ക് തളച്ചിട്ടിരുന്നു. 'നല്ല ഭാര്യ' എന്നത്, എപ്പോഴും പുഞ്ചിരിയോടെ പുരുഷന്റെ ആഗ്രഹങ്ങൾ നിറവേറ്റുന്ന, തന്റെ ആവശ്യങ്ങളും സ്വപ്നങ്ങളും മറന്ന് ദാമ്പത്യത്തിന്റെ ചട്ടക്കൂട്ടിൽ ഒതുങ്ങുന്ന, 'അടക്കവും ഒതുക്കവും' ഉള്ളവളായിരുന്നു. 'നല്ല അമ്മ' എന്നാൽ, എല്ലാം ത്യജിച്ച് മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന, കണ്ണീര് നിറഞ്ഞ മുഖവുമായി എപ്പോഴും ആശങ്കപ്പെടുന്ന, 'ത്യാഗ'ത്തിന്റെ മൂർത്തിമദ്‌ഭാവമായ സ്ത്രീയായി. 'വില്ലത്തി' എന്ന കഥാപാത്രം പലപ്പോഴും അമിതമായ ലൈംഗികതയോ അധികാര ദാഹമോ ഉള്ളവളായി, നായകന്റെ 'നന്മ'യെ വെല്ലുവിളിക്കുന്ന, 'വഴിതെറ്റിയ' സ്ത്രീയായി ചിത്രീകരിക്കപ്പെട്ടു. ഇതിനപ്പുറം, 'നല്ല പെൺകുട്ടി' എന്ന സ്റ്റീരിയോടൈപ്പ്, അനുസരണയുള്ള, വിനയമുള്ള, എതിർ പറയാത്ത, 'വീട്ടിനകത്ത്' ഒതുങ്ങുന്നവളായി അവതരിപ്പിക്കപ്പെട്ടു, അതേസമയം 'ആധുനിക' സ്ത്രീ എന്നത് പലപ്പോഴും പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കുന്ന, 'വിശ്വാസവഞ്ചന'യോ 'വഴിപിഴക്കൽ'യോ പ്രതിനിധീകരിക്കുന്ന, സമൂഹത്തിന്റെ 'നൈതികത'യെ ചോദ്യം ചെയ്യുന്നവളായി മുദ്രകുത്തപ്പെട്ടു. 'വീട്ടമ്മ' എന്ന കഥാപാത്രം, അടുക്കളയിൽ മാത്രം ഒതുങ്ങുന്ന, സ്വന്തം അഭിലാഷങ്ങളോ ബുദ്ധിശക്തിയോ ഇല്ലാത്തവളായി ചുരുക്കപ്പെട്ടു, അതേസമയം 'വിദ്യാസമ്പന്ന'യായ സ്ത്രീ പലപ്പോഴും 'അഹങ്കാരി'യോ 'നിയന്ത്രിക്കപ്പെടേണ്ടവളോ' ആയി ചിത്രീകരിക്കപ്പെട്ടു. ഈ സ്റ്റീരിയോടൈപ്പുകൾ, സ്ത്രീ ജീവിതത്തിന്റെ വൈവിധ്യങ്ങളെ അവഗണിക്കുകയും, സ്ത്രീയെ ഏകമാനമായ ചട്ടക്കൂടുകളിലേക്ക് ചുരുക്കുകയും ചെയ്തു. ഇത്തരം ചിത്രീകരണങ്ങൾ, സമൂഹത്തിന്റെ പുരുഷകേന്ദ്രീകൃത കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുകയും, സ്ത്രീകളുടെ യഥാർത്ഥ അനുഭവങ്ങളെ അവരുടെ സങ്കീർണ്ണമായ വ്യക്തിത്വങ്ങളെയും, ആഗ്രഹങ്ങളെയും, പോരാട്ടങ്ങളെയും അദൃശ്യമാക്കുകയും ചെയ്തു.

എന്നാൽ, ഈ പശ്ചാത്തലത്തിൽ, 2024-ലെ കാൻ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന ഇന്ത്യൻ സിനിമ ഒരു വഴിത്തിരിവായി. 30 വർഷങ്ങൾക്ക് ശേഷം ഒരു ഇന്ത്യൻ ചിത്രം കാനിലെ മത്സര വിഭാഗത്തിൽ ഇടം നേടി. പായൽ കപാഡിയ എന്ന സ്ത്രീ സംവിധാനം ചെയ്ത ഈ സിനിമയിൽ മലയാളി നടിമാരായ കനി കുസൃതിയും ദിവ്യ പ്രഭയും കേന്ദ്ര കഥാപാത്രങ്ങളായി എത്തി. കൂടാതെ, കാനിലെ ഗ്രാൻഡ് പ്രിക്സ് പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരിയായി പായൽ കപാഡിയ മാറി. ഈ നേട്ടം, സ്ത്രീ കഥാപാത്രങ്ങളെ വെറും പാശ്ചാത്തല ഘടകങ്ങളായി കാണുന്ന പഴയ സിനിമാ സങ്കൽപ്പങ്ങളിൽ നിന്ന് മലയാള സിനിമയുടെ പുരോഗതിയെ സൂചിപ്പിക്കുന്നു.

വെറുതെ ഒരു സ്ത്രീകഥാപാത്രം എന്ന നിലയിൽ നിന്ന് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലേക്ക് മലയാള സിനിമ ചുവട് വച്ചിട്ടുണ്ട്. ഇന്ന്, മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾ കൂടുതൽ ശക്തരും സ്വതന്ത്രരുമായി മാറുന്നതിന്റെ തെളിവുകൾ ധാരാളമാണ്. 2024-ൽ പുറത്തിറങ്ങിയ 'പണി' എന്ന ചിത്രത്തിലെ 'മംഗലത്ത് ദേവകി അമ്മ' (സീമ) എന്ന കഥാപാത്രം പരമ്പരാഗത 'അമ്മ' ഇമേജിൽ നിന്ന് വേറിട്ട് നിൽക്കുന്നു. അതിക്രമം നേരിട്ട മരുമകൾക്ക് ഊർജവും ആത്മവിശ്വാസവും പകർന്ന്, നഷ്ടബോധത്തിനോ കുറ്റബോധത്തിനോ ഇടം നൽകാതെ, ഉയർന്ന തലയോടെ നിൽക്കുന്ന ദേവകി അമ്മ പുതിയൊരു ദിശയാണ്. അതുപോലെ, 2023-ലെ 'ആട്ടം' എന്ന ചിത്രത്തിലെ അഞ്ജലി (സറീൻ ഷിഹാബ്) എന്ന കഥാപാത്രം, അതിക്രമങ്ങൾക്ക് ശേഷം സമൂഹത്തിന്റെ വിചാരണകളും ചർച്ചകളും നേരിടേണ്ടി വന്ന സ്ത്രീകളുടെ പ്രതിനിധിയാണ്. 2021-ലെ 'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്ന ചിത്രത്തിൽ, ജിയോ ബേബി അവതരിപ്പിച്ച നിമിഷ സജയന്റെ കഥാപാത്രം, അടുക്കളയിലും കിടപ്പറയിലും നരകിക്കുന്ന സ്ത്രീകളുടെ യാതനകളെ ഉൾക്കൊള്ളുന്നു. 2019-ലെ 'ഉയരെ' എന്ന ചിത്രത്തിലെ പല്ലവി, ആസിഡ് ആക്രമണത്തിന്റെ ശാരീരികവും മാനസികവുമായ മുറിവുകളെ മറികടന്ന്, ഒരു വിമാനം സുരക്ഷിതമായി ഇറക്കി, തന്റെ ജീവിതത്തെ തന്നെ ഒരു കലാപമാക്കി മാറ്റി.

ഈ പരിണാമം പുതിയ സിനിമകളിൽ മാത്രം ഒതുങ്ങുന്നില്ല. 'ഉദാഹരണം സുജാത' (2017) യിലെ സുജാത, 'ഗോദ' (2017) യിലെ അതിഥി, 'ഹൗ ഓൾഡ് ആർ യൂ' (2014) വിലെ നിരുപമ, '22 ഫീമെയിൽ കോട്ടയം' (2012) ലെ ടെസ്സ, 'എൽസമ്മ എന്ന ആൺകുട്ടി' (2010) യിലെ എൽസമ്മ—ഇവരെല്ലാം പുതിയ സ്ത്രീ ആഖ്യാനങ്ങളുടെ ആഴവും വ്യാപ്തിയും മലയാള സിനിമയ്ക്ക് മുന്നിൽ തുറന്നിട്ടവരാണ്.

എന്നിരുന്നാലും, പഴയകാലത്തും ഇത്തരം ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ വിരളമായി എങ്കിലും ഉണ്ടായിട്ടുണ്ട്. എം.ടി. വാസുദേവൻ നായർ എഴുതി ഹരിഹരൻ സംവിധാനം ചെയ്ത 'പഞ്ചാഗ്നി' (1986) യിലെ ഇന്ദിര (ഗീത), പത്മരാജൻ്റെ 'തൂവാനത്തുമ്പികൾ' (1987) ലെ ക്ലാര (സുമലത) ഒപ്പം രാധ (പാർവ്വതി), എം.ടി. യും ഹരിഹരനും ചേർന്ന് സൃഷ്ടിച്ച 'ഒരു വടക്കൻ വീരഗാഥ' (1989) യിലെ ഉണ്ണിയാർച്ച (മാധവി), 'ദേവാസുരം' (1993) ലെ ഭാനുമതി (രേവതി), 'പരിണയം' (1994) ലെ ഉണ്ണിമായ അന്തർജനം (മോഹിനി), 'കന്മദം' (1998) ലെ ഭാനു (മഞ്ജു വാര്യർ), 'കണ്ണെഴുതി പൊട്ടും തൊട്ട്' (1999) ലെ ഭദ്ര (മഞ്ജു വാര്യർ), 'അഗ്നിസാക്ഷി' (1999) ലെ ശോഭന അവതരിപ്പിച്ച കഥാപാത്രം—ഇവയെല്ലാം പുരുഷന്റെ കണ്ണിലൂടെ മാത്രമല്ല, സ്ത്രീയെ മനുഷ്യനായി കണ്ട സിനിമകളാണ്. എം.ടി. യുടെയും പത്മരാജന്റെയും രചനകളിൽ ഇത്തരം കഥാപാത്രങ്ങൾക്ക് പ്രത്യേക പ്രാധാന്യമുണ്ടായിരുന്നു.

സ്ത്രീ ജീവിതത്തെ ആഴത്തിൽ മനസ്സിലാക്കിയ പുരുഷന്മാർ സൃഷ്ടിച്ച കഥാപാത്രങ്ങൾ, അവരുടെ ജീവിതത്തിന്റെ നഗ്നമായ യാഥാർത്ഥ്യങ്ങളെ അനാവരണം ചെയ്തു. എന്നാൽ, സ്ത്രീകൾ തന്നെ എഴുത്തിന്റെയും സംവിധാനത്തിന്റെയും തൂലിക ചലിപ്പിക്കുമ്പോൾ, പുതിയ ആവിഷ്കാര രീതികളും ഭാവനയും കഥകളിൽ പ്രതിഫലിക്കുന്നു. സ്ത്രീയുടെ കണ്ണിലൂടെ സ്ത്രീയെ കാണുമ്പോൾ, നമുക്ക് മുമ്പ് കാണാത്ത പുതിയ ദൃശ്യഭാഷകളും അനുഭവങ്ങളും സിനിമയിൽ പ്രതീക്ഷിക്കാം. ഇത്, മലയാള സിനിമയുടെ ഭാവിയെ കൂടുതൽ പ്രകാശമാനമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayala cinemaWomens Day 2025
News Summary - Women in Malayala Cinema
Next Story