'പുഷ്പ 2' റിലീസിനിടെ യുവതിയുടെ മരണം; അല്ലു അർജുനെതിരെ കുറ്റപത്രം, നടൻ 11-ാം പ്രതി
text_fieldsഅല്ലു അർജുൻ
ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ നായകനായി സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2വിന്റെ പ്രീമിയർ ഷോക്കിടെ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ നടനെ പ്രതി ചേർത്തു. 2024 ഡിസംബർ 4ന് നടന്ന ദാരുണമായ അപകടത്തിൽ 35കാരിയായ രേവതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. യുവതിയുടെ കൂടെ ഷോ കാണാനെത്തിയ പ്രായപൂർത്തിയാകാത്ത മകൻ ശ്രീതേജിനും പിന്നീട് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു. കേസിൽ അല്ലു അർജുൻ 11-ാം പ്രതിയാണ്. നടൻ ഉൾപ്പെടെ 24 പേർക്കെതിരെയാണ് ഹൈദരാബാദ് പൊലീസ് നാംപള്ളി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
സംഭവത്തിൽ അല്ലു അർജുന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയും നിയമലംഘനവുമാണ് കുറ്റപത്രത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. കുറ്റപത്രത്തിൽ 11-ാം പ്രതിയായ താരം, സുരക്ഷാ കാരണങ്ങളാൽ പൊലീസ് അനുമതി നിഷേധിച്ചിട്ടും തിയറ്ററിലെത്തിയത് ജനക്കൂട്ടത്തെ നിയന്ത്രണാതീതമാക്കിയെന്ന് പൊലീസ് പറയുന്നു. സന്ധ്യാ തിയറ്റർ ഉടമകളെയും മാനേജ്‌മെന്റിനെയും ഒന്നാം പ്രതികളായി ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
വി.ഐ.പി അതിഥികൾക്കായി പ്രത്യേക പ്രവേശന കവാടങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ഒരുക്കുന്നതിൽ തിയറ്റർ ഉടമകളും മാനേജ്മെന്റും പരാജയപ്പെട്ടു എന്നും കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്. താരത്തിന്റെ പേഴ്‌സണൽ മാനേജർ, സ്റ്റാഫ് അംഗങ്ങൾ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. തിയറ്റർ ഉടമകൾക്കും മറ്റ് പ്രതികൾക്കുമെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 304-A (അശ്രദ്ധമൂലമുള്ള മരണം) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ 2024 ഡിസംബറിൽ അല്ലു അർജുനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ചതോടെ കേസ് വിചാരണ നടപടികളിലേക്ക് കടക്കുകയാണ്. മരിച്ച യുവതിയുടെ കുടുംബം മാന്യമായ നഷ്ടപരിഹാരവും നീതിയും ആവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

