മഹേഷ് ബാബുവിന്റെ വില്ലനായി ആമിർ ഖാൻ! സംവിധാനം എസ്.എസ് രാജമൗലി
text_fieldsലാൽ സിങ് ഛദ്ദക്ക് ശേഷം അഭിനയത്തിൽ നിന്ന് മാറിനിൽക്കുകയാണ് ആമിർ ഖാൻ. ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിൽ എത്തിയ ഈ ചിത്രത്തിന്റെ പരാജയമാണ് നടന്റെ ഇടവേളക്ക് പിന്നിലെ കാരണമെന്നാണ് പുറത്തു പ്രചരിക്കുന്ന വിവരം. എന്നാൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിന് വേണ്ടിയാണ് ഇടവേളയെന്ന് ആമിർ അടുത്തിടെ മാധ്യമങ്ങളെ കാണവെ പറഞ്ഞിരുന്നു.സിനിമയിലേക്ക് മടങ്ങിയെത്തുമെന്ന് പറഞ്ഞ നടൻ, അടുത്തൊന്നുമില്ലെന്നും അന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ ആമിർ ഖാനും ഭാഗമായേക്കുമെന്നാണ് വിവരം. മഹേഷ് ബാബു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നെഗറ്റീവ് വേഷത്തിലാവും നടൻ എത്തുകയത്രേ. എന്നാൽ ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. അതേസമയം രാജമൗലിയുടെ പിതാവ് വിജയേന്ദ്രപ്രസാദ് ഈ ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട തിരക്കിലാണിപ്പോൾ.
ത്രിവിക്രം ശ്രീനിവാസിന്റെ മഹേഷ് ബാബു ചിത്രം ‘ഗുണ്ടുര്‍ കാരം’ റിലീസായതന് ശേഷമായിരിക്കും എസ്.എസ് രാജമൗലിയുടെ ചിത്രം ആരംഭിക്കുക. ‘സര്‍ക്കാരു വാരി പാട്ട’ എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ലാൽ സിങ് ഛദ്ദക്ക് ശേഷം രേവതി സംവിധാനം ചെയ്ത ‘സലാം വെങ്കി’ എന്ന ചിത്രത്തിലും ആമിര്‍ എത്തിയിരുന്നു. അതിഥി വേഷത്തിലായിരുന്നു.