എന്തുകൊണ്ട് കൊലയാളിയെ അറസ്റ്റ് ചെയ്തില്ല? സുനിതാ വധക്കേസിൽ വൈകാരികമായി പ്രതികരിച്ച് പാർവതി തിരുവോത്ത്
text_fieldsബംഗളൂരുവിൽ ക്രൂരമർദനത്തിനിരയായി മരിച്ച സുനിതയുടെ കൊലയാളിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. എന്തുകൊണ്ട് നിങ്ങൾ കൊലയാളിയെ അറസ്റ്റ് ചെയ്തില്ല എന്നു ചോദിച്ചുകൊണ്ട് പാർവതി വീഡിയോ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. സുനിതയെ അടുത്തറിയുന്ന പാർവതി അവരുമൊത്തുള്ളതും അവരുടെ മരണ വാർത്തയുമായി ബന്ധപ്പെട്ടതുമായ നിരവധി സ്റ്റോറികൾ തന്റെ ഇന്‍സ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെയാണ് സുനിത കൊല്ലപ്പെട്ടതെന്ന് അറിഞ്ഞത് മുതൽ കരച്ചിലടക്കാനാവുന്നില്ലെന്നും പാർവതി പറഞ്ഞു.
ഭർത്താവിന്റെയും നാലു വയസ്സുകാരനായ മകനുമൊപ്പം കഴിയുന്ന സുനിത 167ലേറെ നായകളെ സംരക്ഷിച്ചിട്ടുണ്ട്. കത്തിക്കുത്ത്, ഗുരുതരമായ പൊള്ളൽ എന്നിങ്ങനെ നായ്ക്കളെ സംരക്ഷിക്കുന്നതിനിടയിൽ ഒരുപാട് തവണ സുനിത ആക്രമിക്കപ്പെട്ടിട്ടുണ്ട്. മെച്ചപ്പെട്ട ശമ്പളം വാഗ്ദാനം ചെയ്തതുകൊണ്ടാണ് സുനിത ഈ തൊഴിൽ സ്വീകരിച്ചത്. അത് തന്റെ കുടുംബത്തെയും നായകളെയും സംരക്ഷിക്കാൻ സഹായിക്കുമെന്ന് സുനിത കരുതി. അവളുടെ ദയയുള്ള മനസ്സാണോ അവളുടെ കൊലപാതകത്തിലേക്ക് നയിച്ചത്? പാർവതിയുടെ ഇൻസ്റ്റഗ്രാം കുറിപ്പിലെ വാക്കുകളാണിത്. ഇനിയും ഈ സംഭവം പ്രോസസ് ചെയ്യാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും കരച്ചിലടക്കാൻ കഴിയുന്നില്ലെന്നും പാർവതി പറഞ്ഞു.
മേയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ദീപക് സുനിതയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയും എതിർത്ത സുനിത നാട്ടിലേക്ക് മടങ്ങുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ദീപക് സുനിതയെ അതിക്രൂരമായി മർദിക്കുകയായിരുന്നു. തല ഭിത്തിയിലും അലമാരയിലും ഇടിപ്പിച്ച പ്രതി, നിലത്തുവീണ ഇവരുടെ നെഞ്ചിൽ ആഞ്ഞുചവിട്ടി. തടയാൻ ശ്രമിച്ച മറ്റ് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ സുനിതയെ വെന്റിലേറ്റർ ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലക്കേറ്റ കനത്ത അടിയെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണം. സുനിതയെ താൻ മർദിച്ചതായി ദീപക് സമ്മതിക്കുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. നിലവിൽ തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

