Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightCelebritieschevron_right‘മൂന്ന് വർഷം...

‘മൂന്ന് വർഷം സംഘിയെന്ന് വിളിച്ചു, ഞാനെന്താ ബിജെപിയിൽ ചേരാത്തതെന്ന് ആരെങ്കിലും ചിന്തിച്ചോ?’ -അഖിൽ മാരാർ

text_fields
bookmark_border
‘മൂന്ന് വർഷം സംഘിയെന്ന് വിളിച്ചു,  ഞാനെന്താ ബിജെപിയിൽ ചേരാത്തതെന്ന് ആരെങ്കിലും ചിന്തിച്ചോ?’ -അഖിൽ മാരാർ
cancel

കൊട്ടാരക്കര: ട്വന്റി 20 അംഗത്വം രാജിവെച്ച ​ശേഷം സാബു ജേക്കബിനും പാർട്ടിക്കും എൻ.ഡി.എക്കും എതിരെ തുറന്നടിച്ച സംവിധായകൻ അഖിൽ മാരാർ, വീണ്ടും തുറന്നുപറച്ചിലുമായി രംഗത്ത്. തന്റെ അഭിപ്രായങ്ങൾ മാറുന്നത് സാഹചര്യത്തോടും സത്യത്തോടും ചേർന്ന് കൊണ്ടാണെന്നും ഏത് വിഷയത്തിലായാലും താൻ സത്യത്തോട് ചേർന്ന് നിന്നേ സംസാരിക്കൂ എന്നും അഖിൽ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു. മഹാത്മാഗാന്ധിയെ കൂട്ടുപിടിച്ചാണ് അഖിലിന്റെ കുറിപ്പ്.

‘മൂന്ന് വർഷം നിങ്ങൾ എന്നെ സംഘി എന്നാണ് വിളിച്ചത്. എന്നിട്ടും ഞാനെന്താ ബി.ജെ.പിയിൽ ചേരാഞ്ഞത് എന്ന് നിങ്ങൾ ആരെങ്കിലും ചിന്തിച്ചോ..? മത്സരിക്കാൻ ഞാൻ എന്ത് കൊണ്ട് സ്വാതന്ത്ര ചിഹ്നം തിരഞ്ഞെടുത്തു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..? ചിന്തിച്ചാൽ മനസ്സിലാകും അഖിൽ മാരാർ നിലപാട് മാറ്റിയോ ഇല്ലിയോ എന്നത്.. ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആഗ്രഹിച്ചും അവർക്കിടയിൽ പ്രവർത്തിക്കാൻ ആഗ്രഹിച്ചുമാണ് നിയമസഭയിൽ മത്സരിക്കണമെന്ന് ചിന്തിച്ചത്. അല്ലാതെ വർഗീയത പ്രചരിപ്പിക്കാനോ വിഭാഗീയത പ്രചരിപ്പിക്കാനോ ആയിരുന്നില്ല..? തെറ്റുകളെ ചോദ്യം ചെയ്യണമെങ്കിൽ അധികാരം വേണം. പാവങ്ങൾക്ക് വേണ്ടി ഇടപെടണമെങ്കിൽ അധികാരം വേണം. ഭാവി തലമുറയ്ക്ക് വേണ്ടി മികച്ച കാര്യങ്ങൾ ചെയ്യണമെങ്കിൽ അധികാരം വേണം. അധികാരം ദുർ വിനിയോഗം ചെയ്യാനല്ല കൃത്യമായി ഉപയോഗിക്കാൻ ആണ് ആഗ്രഹിച്ചത്’ -അഖിൽ പറഞ്ഞു.

‘വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിൽ നിന്നും മർദനം ഏൽക്കുന്ന മകളോട് ‘നീ അവിടെ അഡ്ജസ്റ്റ് ചെയ്തു നിക്കണേ.. ഇങ്ങോട്ട് വന്നാൽ കുടുംബത്തിന് നാണക്കേട് ആണ്.. കുറച്ചൊക്കെ നമ്മൾ പെണ്ണുങ്ങൾ അഡ്ജസ്റ്റ് ചെയ്യണം’ എന്ന് അവളുടെ അമ്മ പറയും. ഇതാണ് അടിസ്ഥാന മലയാളി മനസ്.. മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി സ്വയം നശിക്കാൻ തയ്യാറുവുന്നത്. എന്നെ ചതിച്ച ഒരുത്തന്റെയും കൂടെ അഡ്ജസ്റ്റ് ചെയ്തു ഞാൻ നിക്കില്ല.. മറ്റുള്ളവർ എന്നെ കുറിച്ചു എന്ത് പറയുന്നു എന്നത് എന്റെ വിഷയമേയല്ല. എനിക്ക് ശരി എന്ന് തോന്നുന്നത് ഞാൻ ചെയ്യും. എന്റെ പ്രവർത്തി മറ്റൊരാളെ വേദനിപ്പിക്കുമ്പോൾ മാത്രമേ ഞാൻ മാപ്പ് പറയു. സത്യം എന്റെ ഭാഗത്ത്‌ തെളിഞ്ഞു നിൽക്കുമ്പോൾ പ്രകൃതി എന്നെയിങ്ങനെ ചേർത്ത് പിടിക്കും’ -അഖിൽ മാരാർ പറഞ്ഞു.

തന്റെ നിലപാടുമാറ്റത്തെ വി.ഡി. സതീശനെയും രേവന്ത് റെഡിയെയും സി.പി.എം, ബി.ജെ.പി തുടങ്ങിയ പാർട്ടികളെയും ചൂണ്ടിക്കാട്ടി അഖിൽ ന്യായീകരിച്ചു. ‘സാഹചര്യം ആണ് തീരുമാനങ്ങൾക്ക് പിന്നിൽ. സത്യം ആരുടെ പക്ഷത്താണോ അവരുടെ ഒപ്പമാണ് ഞാൻ. സത്യത്തിനു ജാതിയോ, മതമോ, രാഷ്ട്രീയമോ ഇല്ല. ഈ നിലപാടിൽ ഞാൻ മാറിയിട്ടുണ്ടെങ്കിൽ നിങ്ങൾ പറയുന്ന പണി ഞാൻ ചെയ്തു തരാം’ -അദ്ദേഹം പറഞ്ഞു.

താൻ എൻഡി.എ സ്ഥാനാർഥി ആയതോടെ നേരിട്ട വ്യക്തിപരമായ നഷ്ടങ്ങൾ കഴിഞ്ഞ ദിവസം അഖിൽ മാധ്യമങ്ങൾക്ക് മുന്നിൽ വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. ട്വന്റി 20 അംഗത്വം രാജിവെച്ചതിന് പിന്നാലെ, പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെയും അഖിൽ രൂക്ഷവിമർശനങ്ങളുയർത്തി. ശരികൾക്ക് വേണ്ടി സംസാരിക്കുമ്പോൾ ഒന്നിന്റെയും ഭാരം തന്റെ മണ്ടയിൽ ഉണ്ടാവാൻ പാടില്ലെന്നും ഇനി ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്നും അഖിൽ പറഞ്ഞു.

‘എൻ.ഡി.എ സ്ഥാനാർഥികളിൽ എന്നെപ്പോലെ ബാധ്യത അനുഭവിക്കുന്നത് അഞ്ജലി മാത്രമേ ഉള്ളൂ. മറ്റുള്ളവ​ർക്കൊക്കെ പ്രത്യേകിച്ച് എന്താ നഷ്ടപ്പെടാനുള്ളത്? ഇതിൽ എല്ലാ നഷ്ടങ്ങളും പേറേണ്ടി വരുന്ന ഒരാൾ ഞാനാണ്. ഇപ്പോൾ സി.ജെ.പി പ്രതിഷേധത്തെ എതിർത്ത പേളിമാണിക്ക് നാലുലക്ഷം ഫോളോവേഴ്സ് പോയി. അതുപോലെ എനിക്കും പോയിട്ടുണ്ട് 70,000 ഫോളോവേഴ്സ്.

ഇഷ്ടപ്പെടുന്ന ഒരാൾ തെറ്റിദ്ധരിച്ചു വെറുക്കേണ്ടി വരുന്ന അവസ്ഥ. എന്റെ രാഷ്ട്രീയം പറഞ്ഞും എന്നെ ഒരു വർഗീയവാദിയായി ചിത്രീകരിച്ചുകൊണ്ടും നമ്മളെ വിളിക്കുന്ന പല പരിപാടികളിൽ നിന്നും ഒഴിവാക്കുന്ന അവസ്ഥ. ഞാൻ ദുബൈയിൽ പോയ സമയത്തും മറ്റുമൊക്കെ ഇതൊക്കെ എനിക്ക് കേൾക്കേണ്ടി വരും. ഞാൻ ഇത് കേൾക്കാൻ തയ്യാറാണ്. പക്ഷേ ഇതൊക്കെ കേൾക്കാൻ കാരണക്കാരനായ ഒരാൾ സുഖിച്ച് ഒരക്ഷരം മിണ്ടാതെ അപ്പുറത്ത് നിൽക്കുകയാണ്. ഒരു മറുപടി തരാതെ, അല്ലെങ്കിൽ വിളിച്ചൊന്ന് സമാധാനിപ്പിക്കാതെ നിൽക്കുകയാണ്. അല്ലെങ്കിൽ അടുത്ത കാര്യങ്ങൾ പറയാതെ നിൽക്കുകയാണ്. അപ്പോൾ ഞാൻ ഇത് കേൾക്കേണ്ട കാര്യം എന്താണ്.

അഞ്ജലിക്കും ഇതേ അവസ്ഥ തന്നെയാണ്. അഞ്ജലി എന്നോട് പലപ്പോഴും ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞിട്ടുണ്ട്. അഞ്ജലി പോകുന്നിടത്ത് നിന്നെല്ലാം സാമ്പത്തികവുമായി ബന്ധപ്പെട്ട് അഞ്ജലിയോട് ചോദിക്കുന്നുണ്ട്. അഞ്ജലിക്കും അഞ്ചു പൈസ ആരും കൊടുത്തിട്ടില്ല.

തൃപ്പൂണിത്തുറ സീറ്റിൽ പൈസ ചിലവഴിച്ച് ഫ്ലക്സ് അടിച്ചിട്ടുണ്ട്, പോസ്റ്റർ അടിച്ചിട്ടുണ്ട്, പലതും പ്രോപ്പർ ആയിട്ട് ഒട്ടിച്ചിട്ടില്ല. പലതും പ്രോപ്പർ ആയിട്ട് എത്തിച്ചിട്ടുമില്ല. പക്ഷേ എന്നാലും ഇതൊക്കെ അവർ അച്ചടിച്ചിട്ടുണ്ട്. ഇതിന്റെ പൈസ അവർ ചിലവാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ കാമ്പയിനുമായി ബന്ധപ്പെട്ട് ഞാൻ തുടക്കത്തിൽ ചിലവാക്കിയ പൈസ തന്നിട്ടുണ്ട്. ഞാൻ പറഞ്ഞല്ലോ, ട്വന്റി 20ക്ക് വേണ്ടി എന്റെ കൂടെ നിയോജക മണ്ഡലത്തിൽ മൊത്തത്തിൽ ഫുൾ ടൈമർ ആയിട്ട് പ്രവർത്തിക്കാൻ രണ്ടു പേരായിരുന്നു ഉണ്ടായിരുന്നത്.

ഇവിടെ തൃക്കാക്കരയിൽ ഒരു കൗൺസിലർ ട്വന്റി 20ക്ക് ജയിച്ചിട്ടുണ്ടായിരുന്നു. അവർ ആദ്യം എന്നെ കാണാൻ പോലും കൂട്ടാക്കിയില്ല. പിന്നീട് പലതും പറഞ്ഞു സംസാരിച്ച് പേരിനൊന്ന് പോയി കണ്ടതല്ലാതെ ഒരു ദിവസം പോലും ഒരാളോട് പോലും അവർ വോട്ട് ചോദിച്ചിട്ടില്ല. ഇവർക്ക് വേണ്ടി മത്സരിച്ച ഒരാൾ പോലും നമുക്ക് വേണ്ടി തിരഞ്ഞെടുപ്പിൽ ഇറങ്ങിയിട്ടില്ല. ഒരു മണ്ഡലം കമ്മിറ്റി ഓഫീസില്ല. നാലു പേരെ ഒന്ന് ഇരുത്തി സംസാരിക്കണമെങ്കിൽ ഹോട്ടലിലാണ് നമ്മൾ പലരെയും കണ്ടത്. നിങ്ങളിൽ പല ആൾക്കാരും എന്റെ ഇന്റർവ്യൂ എടുക്കാൻ ഹോട്ടലിൽ ആയിരുന്നു വന്നുകൊണ്ടിരുന്നത്. ഞാൻ താമസിച്ചത് ഹോട്ടലിലാണ്.

എനിക്ക് വേണ്ടി കേരളത്തിന്റെ പല പ്രദേശത്തു നിന്നും വന്ന എന്റെ സുഹൃത്തുക്കളെയും സഹോദരങ്ങളെയും ഞാൻ ഹോട്ടലിൽ റൂം എടുത്ത് താമസിപ്പിക്കുകയായിരുന്നു. അവർക്ക് ഭക്ഷണം നമ്മൾ വാങ്ങി കൊടുക്കുകയായിരുന്നു. വാഹനങ്ങളുടെ ചിലവുകൾ നമ്മൾ നോക്കുകയായിരുന്നു. ഇങ്ങനെ ചെലവായ പൈസ ഇവർ തന്നു. ഒരു പക്ഷേ കണക്കെടുത്തു കഴിഞ്ഞാൽ അതിൽ കൂടി ഞാൻ ചിലവാക്കിയിട്ടുണ്ടാകും. പിന്നെ എന്തിനാണ് ഞാൻ ഈ പഴി കേൾക്കുന്നത്. ഇപ്പോൾ ഞാൻ ഒരു ഇലക്ട്രിക് വാഹനം എടുത്തത് ബെൻസിൽ നടക്കുന്ന ചിലവ് ഒഴിവാക്കാൻ വേണ്ടിയിട്ടാണ്. എന്റെ അച്ഛന് കാൻസർ ആണ്. ഇപ്പോൾ ഞാൻ കൊച്ചിയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പലപ്പോഴും യാത്ര ചെയ്യേണ്ടി വരും. ഈ യാത്ര ചെലവ് മുൻപൊക്കെ എനിക്ക് വലിയ പ്രശ്നമില്ലായിരുന്നു. 50000 രൂപ വ​രെ ഒരു മാസം പെട്രോൾ അടിച്ചു കളയേണ്ടി വരുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. ഇ​പ്പോൾ ഇലക്ട്രിക് വണ്ടി എടുത്താൽ അത് ലാഭിക്കാം. അങ്ങനെ ഇലക്ട്രിക് വണ്ടി എടുത്തപ്പോൾ മറ്റേ തെരഞ്ഞെടുപ്പ് ഫണ്ട് കിട്ടിയെന്ന പഴി ഞാൻ കേട്ടു.

ഇലക്ഷൻ കമ്മീഷന്റെ സൈറ്റിൽ എന്റെ സാമ്പത്തികം മൂന്നുകോടി രൂപ ഞാൻ കാണിച്ചിട്ടുണ്ട്. അതായത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു മുൻപ് തന്നെ എന്റെ കണക്കുകൾ ഞാൻ കാണിച്ചത് മൂന്നു കോടി എന്നാണ്. എനിക്ക് അത്യാവശ്യം സേവിങ്സ് ഉണ്ട്. പക്ഷേ ഞാൻ എന്റെ മക്കൾക്ക് വേണ്ടി സേവ് ചെയ്തു വെച്ചിരിക്കുന്നത് ഇപ്പോൾ ജീവിക്കാൻ വേണ്ടി എടുത്ത് ചെലവഴിക്കേണ്ട അവസ്ഥയായി മാറുന്നു. അതേസമയം തന്നെ, എവിടെ ചെന്നാലും നമ്മൾ ചെയ്യുന്ന കാര്യങ്ങളെ ട്വന്റി 20യിൽ നിന്ന് പണം കിട്ടിയതുകൊണ്ടാണെന്ന് കേൾക്കേണ്ടി വരുന്നു.

ചോദിച്ച സീറ്റ് കിട്ടിയില്ല, തരാമെന്ന് പറഞ്ഞ സീറ്റ് തന്നില്ല, മറ്റൊരു സ്ഥലത്ത് കൊണ്ടിട്ട് ചതിച്ചതിനു ശേഷവും അവരുടെ കൂടെ നിൽക്കാമെന്ന് പറഞ്ഞ എന്റെ അടുത്ത് ഒരു മര്യാദ പോലും ഇത്രയും നാളായിട്ട് കാണിച്ചിട്ടുമില്ല. പിന്നെ ഞാൻ അവരുടെ ആ വിഴുപ്പ് പേറേണ്ട ആവശ്യമില്ല’ -കഴിഞ്ഞ ദിവസം അഖിൽ പറഞ്ഞു.

അഖിൽ മാരാർ എഴുതിയ കുറിപ്പിന്റെ പൂർണരൂപം:

എന്റെ നിലപാട് ചോദ്യം ചെയ്തും പലരും വരുന്നത് കണ്ടു അവരോട് പറയാൻ ഉള്ളത്..

"My aim is not to be consistent with my previous statements on a given question, but to be consistent with truth as it may present itself to me at a given moment."

Mahathma gandhi

"I am not at all concerned with appearing to be consistent. In my pursuit after Truth I have discarded many ideas and learnt many new things."

Mahathma Gandhi

രാഷ്ട്ര പിതാവിൻറെ ഈ വാചകങ്ങൾ തന്നെയാണ് എനിക്കും പറയാൻ ഉള്ളത്... അഭിപ്രായങ്ങൾ മാറുന്നത് സാഹചര്യത്തോടും സത്യത്തോടും ചേർന്ന് കൊണ്ടാണ്.. ഏത് വിഷയത്തിൽ ആയാലും ഞാൻ സത്യത്തോട് ചേർന്ന് നിന്നെ സംസാരിക്കു..

3 വർഷം നിങ്ങൾ എന്നെ സംഘി എന്നാണ് വിളിച്ചത് എന്നിട്ടും ഞാനെന്താ ബിജെപി യിൽ ചേരാഞ്ഞത് എന്ന് നിങ്ങൾ ആരെങ്കിലും ചിന്തിച്ചോ..?

മത്സരിക്കാൻ ഞാൻ എന്ത് കൊണ്ട് സ്വാതന്ത്ര ചിഹ്നം തിരഞ്ഞെടുത്തു എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ..?

ചിന്തിച്ചാൽ മനസ്സിലാകും അഖിൽ മാരാർ നിലപാട് മാറ്റിയോ ഇല്ലിയോ എന്നത്..

ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആഗ്രഹിച്ചും അവർക്കിടയിൽ പ്രവർത്തിക്കാൻ ആഗ്രഹിച്ചുമാണ് നിയമസഭയിൽ മത്സരിക്കണമെന്ന് ചിന്തിച്ചത് അല്ലാതെ വർഗീയത പ്രചരിപ്പിക്കാനോ വിഭാഗീയത പ്രചരിപ്പിക്കാനോ ആയിരുന്നില്ല..?

തെറ്റുകളെ ചോദ്യം ചെയ്യണമെങ്കിൽ അധികാരം വേണം.. പാവങ്ങൾക്ക് വേണ്ടി ഇടപെടണം എങ്കിൽ അധികാരം വേണം.. ഭാവി തലമുറയ്ക്ക് വേണ്ടി മികച്ച കാര്യങ്ങൾ ചെയ്യണമെങ്കിൽ അധികാരം വേണം.. അധികാരം ദുർ വിനിയോഗം ചെയ്യാനല്ല കൃത്യമായി ഉപയോഗിക്കാൻ ആണ് ആഗ്രഹിച്ചത്..

വിവാഹ ശേഷം ഭർത്താവിന്റെ വീട്ടിൽ നിന്നും മർദ്ദനം ഏൽക്കുന്ന മകളോട് അവളുടെ അമ്മ പറയും "നീ അവിടെ അഡ്ജസ്റ്റ് ചെയ്തു നിക്കണേ.. ഇങ്ങോട്ട് വന്നാൽ കുടുംബത്തിന് നാണക്കേട് ആണ്.. കുറച്ചൊക്കെ നമ്മൾ പെണ്ണുങ്ങൾ അഡ്ജസ്റ്റ് ചെയ്യണം "

ഇതാണ് അടിസ്ഥാന മലയാളി മനസ്.. മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി സ്വയം നശിക്കാൻ തയ്യാറുവുന്നത്..

എന്നെ ചതിച്ച ഒരുത്തന്റെയും കൂടെ അഡ്ജസ്റ്റ് ചെയ്തു ഞാൻ നിക്കില്ല.. മറ്റുള്ളവർ എന്നെ കുറിച്ചു എന്ത് പറയുന്നു എന്നത് എന്റെ വിഷയമേയല്ല..

എനിക്ക് ശെരി എന്ന് തോന്നുന്നത് ഞാൻ ചെയ്യും..

എന്റെ പ്രവർത്തി മറ്റൊരാളെ വേദനിപ്പിക്കുമ്പോൾ മാത്രമേ ഞാൻ മാപ്പ് പറയു..

സത്യം എന്റെ ഭാഗത്ത്‌ തെളിഞ്ഞു നിക്കുമ്പോൾ പ്രകൃതി എന്നെയിങ്ങനെ ചേർത്ത് പിടിക്കും..

ഇനി നിലപാട്..

യുവാക്കളെ പറഞ്ഞു പറ്റിച്ച മുഖ്യമന്ത്രി..

ഒരിക്കൽ RSS നേതാവിന് മുന്നിൽ തല കുമ്പിട്ട മുഖ്യമന്ത്രി..

പറഞ്ഞതൊക്കെ തൊള്ള തൊടാതെ വിഴുങ്ങിയ മുഖ്യ മന്ത്രി കേരളം ഭരിക്കുന്നു..

തെലുഗാന മുഖ്യ മന്ത്രി

രേവന്ത് റെഡ്ഢി ( ആദ്യം RSS, പിന്നെ TRS സീറ്റ് കിട്ടാതെ സ്വാതന്ത്രൻ ആയി.. പിന്നീട് TDP 2017 ഇൽ കോൺഗ്രസ്സിൽ 2023 ഇൽ മുഖ്യമന്ത്രി.. ഇപ്പോൾ സൗത്ത് ഇന്ത്യയിലെ കോൺഗ്രസ്സ് ഹീറോ )

സിപിഎം ന്റെ നിലപാട് മാറ്റം പറയാൻ തുടങ്ങിയാൽ

ഫേസ്ബുക് പേജ് മതിയാകാതെ വരും..

ബിജെപി നേതാക്കളുടെ നിലപാട് മാറ്റം നിരവധിയാണ്.. എന്നിരുന്നാലും ശബരിമല വിഷയത്തിൽ സ്ത്രീകൾ കയറുന്നതിൽ എതിർപ്പില്ല എന്നത് RSS നിലപാട് ആയിരുന്നു..

ഇതൊന്നും ഒരു തെറ്റല്ല..

സാഹചര്യം ആണ് തീരുമാനങ്ങൾക്ക് പിന്നിൽ..

സത്യം ആരുടെ പക്ഷത്താണോ അവരുടെ ഒപ്പമാണ് ഞാൻ..

സത്യത്തിനു ജാതിയോ, മതമോ, രാഷ്ട്രീയമോ ഇല്ല..

ഈ നിലപാടിൽ ഞാൻ മാറിയിട്ടുണ്ടെങ്കിൽ നിങ്ങൾ പറയുന്ന പണി ഞാൻ ചെയ്തു തരാം...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twenty 20PoliticsSabu M JacobAkhil MararBJP
News Summary - ഞാനെന്താ ബിജെപിയിൽ ചേരാത്തത്? വർഗീയത പ്രചരിപ്പിക്കാൻ ആഗ്രഹിച്ചില്ല - അഖിൽ മാരാർ
Next Story