‘പള്ളിയിലും അമ്പലത്തിലും ദർഗയിലും പോകാറുണ്ട്, എല്ലായിടത്തും ഒരേ പോസിറ്റിവിറ്റി’; വിജയ്‌യുടെ മതേതര നിലപാടുകൾ വീണ്ടും ചർച്ചയാകുന്നു...
text_fieldsവിജയ്
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച വിജയ്‌യുടെ പഴയൊരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമാകുന്നത്. തമിഴ്നാടിന്റെ ഭരണത്തലവനായി വിജയ് മാറിയ പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ മതേതര നിലപാടുകളും മതസൗഹാർദ്ദ കാഴ്ചപ്പാടുകളും വ്യക്തമാക്കുന്ന ഈ വിഡിയോ ആരാധകരും രാഷ്ട്രീയ നിരീക്ഷകരും ഒരേപോലെ ഏറ്റെടുത്തിരിക്കുകയാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത 'ബീസ്റ്റ്' എന്ന സിനിമയുടെ പ്രമോഷൻ സമയത്ത് നൽകിയ ഈ അഭിമുഖത്തിൽ, തന്റെ മാതാപിതാക്കളുടെ വിവാഹത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചുമുള്ള മനസ്സ് തുറന്ന കാഴ്ചപ്പാടുകളാണ് വിജയ് പങ്കുവെച്ചിരിക്കുന്നത്.
തന്റെ വീട്ടിൽ മതം ഒരിക്കലും ഒരു വേർതിരിവായിരുന്നില്ലെന്നും എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കാനാണ് താൻ പഠിച്ചതെന്നും വിജയ് ഈ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അഭിമുഖത്തിനിടെ 'ബീസ്റ്റ്' സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ ഒരു രസകരമായ സംഭവം സംവിധായകൻ നെൽസൺ ദിലീപ്കുമാർ തന്നെയാണ് വെളിപ്പെടുത്തിയത്.
ഒരു ദിവസം രാത്രി ഭക്ഷണത്തിന് ശേഷം വിജയ്‌യെ പെട്ടെന്ന് സെറ്റിൽ നിന്നും കാണാതായി. പിന്നീട് തിരിച്ചെത്തിയപ്പോൾ എവിടെയായിരുന്നു എന്ന് ചോദിച്ച നെൽസണോട്, താൻ അടുത്തുള്ള ഒരു പള്ളിയിൽ പോയതാണെന്നായിരുന്നു വിജയ്‌യുടെ മറുപടി. സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകർക്കും വേണ്ടി പ്രാർത്ഥിക്കാനാണ് താൻ അവിടെ പോയതെന്ന് വിജയ് പറഞ്ഞതായി നെൽസൺ ഓർക്കുന്നു.
ഇതിനെക്കുറിച്ച് വിജയ് സംസാരിച്ചത് ഇങ്ങനെയായിരുന്നു. ‘പള്ളിയിൽ പോകുന്നത് എനിക്ക് വലിയ മനഃസമാധാനം തരുന്ന കാര്യമാണ്. എന്നാൽ ഞാൻ പള്ളികളിൽ മാത്രമല്ല പോകാറുള്ളത്. അമ്പലങ്ങളിലും ദർഗകളിലും ഞാൻ സന്ദർശനം നടത്താറുണ്ട്. എവിടെപ്പോയാലും എനിക്ക് ലഭിക്കുന്നത് ഒരേപോലെയുള്ള പോസിറ്റീവ് ഊർജ്ജമാണ്. തന്റെ മുൻകാല ചിത്രങ്ങളുടെ ഷൂട്ടിങ്ങിനിടയിൽ പിള്ളയാർപട്ടി, തിരുനല്ലാർ തുടങ്ങിയ പ്രശസ്തമായ ക്ഷേത്രങ്ങളിൽ പോയതും, 'കത്തി' സിനിമയുടെ ചിത്രീകരണത്തിനിടയിൽ കടപ്പയിലുള്ള അമീൻപീർ ദർഗ സന്ദർശിച്ചതും വിജയ് അഭിമുഖത്തിൽ എടുത്തുപറഞ്ഞിരുന്നു.
തന്റെ മതേതര ചിന്തകൾക്ക് പിന്നിൽ മാതാപിതാക്കൾ വളർത്തിയ രീതിയാണെന്ന് വിജയ് വ്യക്തമാക്കുന്നു. പ്രശസ്ത ഗായികയായ അമ്മ ശോഭ ചന്ദ്രശേഖർ ഹിന്ദു മതവിശ്വാസിയും, സംവിധായകനായ അച്ഛൻ എസ്.എ. ചന്ദ്രശേഖർ ക്രിസ്തുമത വിശ്വാസിയുമാണ്. സ്നേഹത്തിലും പരസ്പര ബഹുമാനത്തിലും കെട്ടിപ്പടുത്തതായിരുന്നു അവരുടെ പ്രണയവിവാഹം. മതം ഒരിക്കലും അവർക്കിടയിൽ ഒരു തടസ്സമായി വന്നിട്ടില്ല.
‘അമ്മയുടെയോ അച്ഛന്റെയോ മതം മാത്രം പിന്തുടരണമെന്ന് അവർ എന്നോട് ഒരിക്കലും നിർബന്ധം പിടിച്ചിട്ടില്ല. ഇവിടെ മാത്രമേ പോകാവൂ, അവിടെ പോകരുത് എന്ന വിലക്കുകളൊന്നും എനിക്കുണ്ടായിരുന്നില്ല. പൂർണ്ണമായ സ്വാതന്ത്ര്യത്തോടെയാണ് അവർ എന്നെ വളർത്തിയത്’ വിജയ് പറഞ്ഞു. മുതിർന്നപ്പോഴും ആ പാഠങ്ങൾ തന്‍റെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും, തന്റെ സ്വന്തം കുടുംബജീവിതത്തിലും മക്കൾക്ക് ഇതേ സ്വാതന്ത്ര്യവും കാഴ്ചപ്പാടുമാണ് താൻ പകർന്നു നൽകാൻ ശ്രമിക്കുന്നതെന്നും വിജയ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

