‘മിക്ക സംവിധായകരും അങ്ങനെ ചെയ്യും…’മേക്കപ്പ് പരീക്ഷണങ്ങളെ കുറിച്ച് സായ് പല്ലവി
text_fieldsസിനിമയിൽ അഭിനയിക്കാൻ മേക്കപ്പ് അത്യാവശ്യമുള്ള കാര്യമല്ലെന്ന് തെളിയിക്കുകയാണ് നടി സായ് പല്ലവി. നായികയായി അരങ്ങേറ്റം കുറിച്ച 'പ്രേമം' മുതൽ തന്നെ മേക്കപ്പ് ഇല്ലാതെ അവർ ആത്മവിശ്വാസത്തോടെ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നു. മേക്കപ്പ് ഉപേക്ഷിക്കുക എന്നത് ബോധപൂർവമായ തെരഞ്ഞെടുപ്പാണെങ്കിലും ചില സംവിധായകരുടെ നിർദേശപ്രകാരം മേക്കപ്പ് പരീക്ഷിച്ചുവെന്ന് പറയുകയാണ് താരം.
'പ്രേമത്തിനും അതിനു ശേഷമുള്ള സിനിമകൾക്കും, ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് ഫോട്ടോഷൂട്ടുകളിലോ ടെസ്റ്റ് ഷൂട്ടുകളിലോ ഞാൻ മേക്കപ്പ് ചെയ്തിരുന്നു. മിക്ക സംവിധായകരും എന്നോട് മേക്കപ്പ് പരീക്ഷിക്കാൻ പറയുമായിരുന്നു. പക്ഷേ പിന്നീട്, നിങ്ങൾ എങ്ങനെയാണോ അങ്ങനെ തന്നെ ഞങ്ങൾക്ക് ഇഷ്ടമാണെന്ന് പറയും' -സായ് പല്ലവി 2023ൽ ഫിലിം കമ്പാനിയനോട് പറഞ്ഞു.
സിനിമയിൽ, വളരെ വ്യത്യസ്തമായ വസ്ത്രധാരണമോ ഹെയർസ്റ്റൈലോ ആവശ്യമില്ലെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും സായ് പറഞ്ഞു. പക്ഷേ ഒരു കഥാപാത്രം എത്ര നന്നായി എഴുതിയിരിക്കുന്നു എന്നത് പ്രധാനമാണ്. ഓരോ സിനിമയിലും വ്യത്യസ്ത വികാരങ്ങൾ പുറത്തുകൊണ്ടുവരാനുള്ള അവസരം ലഭിക്കുമ്പോൾ വ്യത്യസ്ത വ്യക്തിയായി തോന്നിപ്പിക്കുന്നതായി അവർ പറഞ്ഞു. 'മേക്കപ്പ് നിങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നുവെങ്കിൽ, നിങ്ങൾ അത് ചെയ്യണം. മേക്കപ്പ് ഇല്ലാതെ തന്നെ തനിക്ക് ആത്മവിശ്വാസം തോന്നുമെന്ന് സായ് പറഞ്ഞു.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്റെ ശബ്ദം, രൂപം, മുഖക്കുരു തുടങ്ങിയവയെല്ലാം ആത്മവിശ്വാസം കുറച്ചിരുന്നതായി സായ് പല്ലവി പണ്ട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രേമം പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് കണ്ടപ്പോഴാണ് കാഴ്ച്ചപ്പാട് മാറിയത്. സിനിമ കണ്ട് ആളുകള്‍ കൈയടിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ആളുകള്‍ സൗന്ദര്യത്തെയല്ല ഇഷ്ടപ്പെടുന്നതെന്ന് അന്ന് മനസിലായതായി സായ് പറഞ്ഞു. താന്‍ മനസിലാക്കിവെച്ച കാര്യങ്ങള്‍ തെറ്റാണെന്ന് അതോടെ ബോധ്യപ്പെട്ടതായും കഥാപാത്രവും നമ്മുടെ അഭിനയവുമാണ് ജനങ്ങൾ ശ്രദ്ധിക്കുന്നതെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു.
അതേസമയം, മേക്കപ്പ് ഇടേണ്ടി വരുമെന്നതിനാല്‍ തന്നെ തേടിയെത്തിയ രണ്ട് കോടിയോളം പ്രതിഫലത്തുകയുള്ള പരസ്യം സായ് പല്ലവി വേണ്ടെന്ന് വെച്ചിരുന്നു. പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡിന്‍റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫര്‍ ചെയ്‌തെങ്കിലും സായ് പല്ലവി സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

