ഷാരൂഖിനെതിരെ മാനനഷ്ടക്കേസ് നൽകിയ മനോജ് കുമാർ; കാരണമായത് ആ സീൻ
text_fieldsകഴിഞ്ഞ ദിവസമാണ് മുതിർന്ന നടനും ചലച്ചിത്ര സംവിധായകനുമായ മനോജ് കുമാർ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ദേശസ്നേഹ സിനിമകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. ഭാരത് കുമാർ എന്ന വിളിപ്പേരും ഉണ്ടായിരുന്നു അദ്ദേഹത്തിന്. മനോജ് കുമാറിന്‍റെ മരണം ഇന്ത്യൻ സിനിമക്ക് വലിയ നഷ്ടമാണ് വരുത്തുന്നത്.
2007-ൽ, ഓം ശാന്തി ഓം എന്ന സിനിമ കണ്ടതിന് ശേഷം മനോജ് കുമാർ ഷാരൂഖ് ഖാനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ചിത്രത്തിലെ ഒരു സീനിൽ, ഷാരൂഖിന്റെ കഥാപാത്രം മനോജ് കുമാറിന്റെ പ്രശസ്തമായ മുഖഭാവം രസകരമായ രീതിയിൽ അനുകരിച്ചതാണ് കാരണം. എന്നാൽ തമാശയാണ് അണിയറ പ്രവർത്തകർ ഉദ്ദേശിച്ചത്. പക്ഷേ മുഖഭാവം പകർത്തിയത് തന്നെ കളിയാക്കുന്നതായി ആണെന്നാണ് മനോജ് കുമാറിന് തോന്നിയത്.
മനോജ് കുമാർ നിർമാതാക്കളോട് ആ രംഗം നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. അവർ അത് നീക്കം ചെയ്തു. ഷാരൂഖ് ഖാൻ ക്ഷമാപണം നടത്തുകയും മനോജ് കുമാറിനെ വിളിച്ച് ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാൽ 2013 ൽ, ചിത്രം ജപ്പാനിൽ റിലീസ് ചെയ്തപ്പോഴും അതേ രംഗം ഉണ്ടായിരുന്നു. ഇതേ തുടർന്ന് മനോജ് കുമാർ, ഷാരൂഖ് ഖാനും ഇറോസ് ഇന്റർനാഷണലിനുമെതിരെ 100 കോടി രൂപയുടെ മാനനഷ്ട കേസ് ഫയൽ ചെയ്തു.
കേസ് ഫയൽ ചെയ്തെങ്കിലും മനോജ് കുമാർ പിന്നീട് അത് പിൻവലിക്കാൻ തീരുമാനിച്ചു. കേസ് ഷാരൂഖിനോ ഫറാ ഖാനിനോ ഒരു ഉത്തരവാദിത്തമോ മാറ്റമോ കൊണ്ടുവന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. രണ്ടുതവണ താൻ അവരോട് ക്ഷമിച്ചു, പക്ഷേ അവർ വാഗ്ദാനം പാലിക്കാത്തതിൽ നിരാശയുണ്ടെന്നാണ് അന്ന് മനോജ് കുമാർ പറഞ്ഞത്.
അദ്ദേഹത്തിന്‍റെ സിനിമകൾ രാജ്യത്തെയും ഇന്ത്യൻ സിനിമയെയും ഉയർത്തിയെന്നാണ് മനോജ് കുമാറിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഷാരൂഖ് ഖാൻ പറഞ്ഞത്. അദ്ദേഹത്തിന്‍റെ സിനിമകൾ ഒരു യുഗത്തെ രൂപപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യൻ സിനിമ ചരിത്രത്തിൽ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നുമാണ് ഷാരൂഖ് പറഞ്ഞത്.
60ലധികം സിനിമകളാണ് മനോജ് കുമാറിന്‍റേതായിട്ടുള്ളത്. ഏഴോളം സിനിമകള്‍ സംവിധാനം ചെയ്തു. അതില്‍ ചില ചിത്രങ്ങളുടെ ചിത്ര സംയോജനവും നിര്‍വഹിച്ചു. ക്രാന്തി, പൂരബ് ഓര്‍ പശ്ചിം, റോട്ടി, കപട ഔർ മകാൻ എന്നിവ പ്രധാനപ്പെട്ട ചിത്രങ്ങളാണ്.
ദേശീയ ചലച്ചിത്ര പുരസ്കാരവും ഏഴ് ഫിലിംഫെയർ പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 1992ൽ പത്മശ്രീയും 2015ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും നൽകി സർക്കാർ അദ്ദേഹത്തെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

