റോഡിൽ വെച്ച് അച്ഛനെ കണ്ടു,ഞാൻ ഓട്ടോയിലും അദ്ദേഹം കാറിലും,രസകരമായ സംഭവം പറഞ്ഞ് ആമിർ ഖാന്റെ മകൻ
text_fieldsതാരകുടുംബത്തില്‍ ജനിച്ചുവളര്‍ന്നതാണെങ്കിലും സെലിബ്രിറ്റി ലൈഫിൽ നിന്ന് മാറി ജീവിക്കുന്നയാളാണ് ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാന്‍. ആമിർ ഖാൻ എന്ന ലേബൽ പോലുമില്ലാതെയാണ് താരപുത്രൻ സിനിമയിലെത്തിയത്. ആഡംബര ജീവിതം നയിക്കുന്ന മറ്റ് താരപുത്രന്‍മാരില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് ജുനൈദ്. മുമ്പൊരിക്കൽ താരപുത്രൻ ഓട്ടോയിൽ സഞ്ചരിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ മുംബൈയിലൂടെ ഓട്ടോയിൽ സഞ്ചരിക്കവെ പിതാവ് ആമിർ ഖാന കണ്ട സംഭവം വെളിപ്പെടുത്തുകയാണ് ജുനൈദ്. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ലവ്‌യാപാ'യുടെ റിലീസിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ആളുകൾക്ക് എന്നെ അധികം അറിയില്ലെന്നും ഒരു ഓട്ടോ ഡ്രൈവർ മാത്രമാണ് തിരിച്ചറിഞ്ഞതെന്നും ജുനൈദ് അഭിമുഖത്തിൽ പറഞ്ഞു. ആഡംബര വാഹനങ്ങൾ ഉണ്ടായിരുന്നിട്ടും യാത്ര ചെയ്യാൻ ഓട്ടോറിക്ഷ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.
'മുംബൈ പോലുള്ള നഗരത്തിൽ യാത്രക്ക് ഏറ്റവും അനുയോജ്യം ഓട്ടോയാണ്. എന്റെ വാഹനത്തിൽ സഞ്ചരിച്ചാൽ ഉറപ്പായും ട്രാഫിക് ബ്ലോക്കുകളിൽ അകപ്പെടും. അതുപോലെ പാർക്കിങ്ങിന് സ്ഥലം കണ്ടെത്തേണ്ടി വരും. ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ ഇതിനെക്കുറിച്ചൊന്നും ആലോചിക്കേണ്ട. അതുപോലെ ആളുകൾക്കൊന്നും എന്നെ അറിയുകയുമില്ല.
ഒരിക്കൽ അന്ധേരിയിൽ നിന്ന് ബാന്ദ്രയിലേക്ക് ഓട്ടോയിൽ യാത്ര ചെയ്യുമ്പോൾ ഒരു രസകരമായ സംഭവം ഉണ്ടായി. ഞാൻ ഓട്ടോയിൽ പോകുമ്പോൾ അച്ഛനും റോഡിൽ ഉണ്ടായിരുന്നു. ഒരു ട്രാഫിക് സിഗ്നലിൽ, അദ്ദേഹത്തിന്റെ കാർ എന്റെ ഓട്ടോയുടെ അരികിൽ വന്നു നിന്നു.എന്നെ കണ്ടതും അച്ഛൻ ഗ്ലാസ് താഴ്ത്തി എന്നെ കാറിലേക്ക് കയറാൻ വിളിച്ചു. ഈ സമയം ഞാൻ ഫോണിലായിരുന്നു. ഉടൻ തന്നെ സിഗ്നലും മാറി. വണ്ടി നീങ്ങി. ഉടൻ തന്നെ ഓട്ടോ ഡ്രൈവർ അത്ഭുതത്തോടെ എന്നോട് ചോദിച്ചു 'നിങ്ങൾക്ക് അദ്ദേഹത്തെ അറിയാമോ?' എന്ന്. ഞാൻ അതെ, ഒരു സ്ഥലത്താണ് താമസിക്കുന്നതെന്ന് മറുപടി നൽകി'- ജുനൈദ് പറഞ്ഞു.
ഫെബ്രുവരി ഏഴിനാണ് ലവ്‌യാപാ എന്ന ചിത്രം തിയറ്ററുകളിലെത്തുന്നത്. ജുനൈദ് ഖാനും ഖുഷി കപൂറുമാണ് സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ലാൽ സിങ് ഛദ്ദ എന്ന ആമിർ ഖാൻ സിനിമയ്ക്ക് ശേഷം അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. അഷുതോഷ് റാണ, തൻവിക പർലികർ, ആദിത്യ കുൽഷ്രേഷ്ട്, നിഖിൽ മേഹ്ത എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

