'ആശംസകൾക്ക് നന്ദി, എല്ലാം നിന്നിൽ നിന്നാണ് ആരംഭിച്ചത്'; ഷാരൂഖ് ഖാൻ നന്ദി പറഞ്ഞ ആ മനുഷ്യൻ ആരാണ്?
text_fieldsജവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ഷാരൂഖ് ഖാന് അഭിനന്ദന പ്രവാഹമാണ്. തന്റെ എക്സ് അക്കൗണ്ടിൽ വരുന്ന അഭിനന്ദനങ്ങൾക്കെല്ലാം താരം കൃത്യമായ മറുപടി നൽകുന്നുണ്ട്. നടൻ മോഹൻലാലും ഷാരൂഖിന് അഭിനന്ദനമറിയിച്ച് എത്തിയിരുന്നു. ഷാരൂഖിന്റെ പഴയ സുഹൃത്തും സഹനടനുമായ വിവേക് വാസ്വാനിയുടെ അഭിനന്ദനത്തിനും ഷാരൂഖ് പ്രതികരിച്ചിട്ടുണ്ട്. 'വളരെ വൈകിയെങ്കിലും, നിനക്ക് അർഹതപ്പെട്ടതാണിത്' എന്ന അടിക്കുറിപ്പോടൊപ്പം ഷാരൂഖിനൊപ്പമുള്ള പഴയ ചിത്രം കൂടി പങ്കുവെച്ചാണ് വിവേക് അഭിനന്ദനമറിയിച്ചത്.
'എല്ലാം തുടങ്ങിയത് നിന്നോടൊപ്പമാണ്. ഒടുവിൽ രാജു ജെന്റിൽമാനായി!'എന്ന മറുപടിയാണ് ഷാരൂഖ് നൽകിയത്. 1992ൽ പുറത്തിറങ്ങിയ 'രാജു ബൻ ഗയാ ജെന്റിൽമാൻ' എന്ന ചിത്രത്തിൽ വിവേക് ഷാരൂഖിന്‍റെ സഹതാരമായിരുന്നു. അസീസ് മിർസ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ഡ്രാമയിൽ ജൂഹി ചൗള, അമൃത സിങ്, നാനാ പടേക്കർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. വിവേക് ഈ ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായിരുന്നു. തിരക്കിട്ട ജീവിതം കാരണം ഇപ്പോൾ രണ്ട് പേരും തമ്മിൽ നേരിട്ടുള്ള ബന്ധം കുറവാണെങ്കിലും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്ന് വിവേക് വാസ്വാനി പറഞ്ഞിട്ടുണ്ട്.
ഷാറൂഖ് ഖാനും നടനും നിർമാതാവുമായ വിവേക് വാസ്വാനിയും ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ്. ഷാറൂഖ് ഖാൻ മുംബൈയിൽ എത്തിയപ്പോൾ അദ്ദേഹത്തെ സഹായിച്ചതും ഒപ്പം താമസിക്കാൻ ഇടം നൽകിയതും വിവേക് വാസ്വാനിയാണ്. ഷാറൂഖ് സ്വന്തമായി ഒരു വീട് വാങ്ങുന്നതുവരെ ഏകദേശം രണ്ട് വർഷത്തോളം വിവേകിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. സിനിമയിലേക്ക് വരാൻ ഷാറൂഖിനെ പ്രേരിപ്പിച്ചതും വിവേക് ആണെന്ന് പല അഭിമുഖങ്ങളിലും ഷാറൂഖ് തന്നെ പറഞ്ഞിട്ടുണ്ട്. 'രാജു ബൻ ഗയാ ജെന്റിൽമാൻ' (1992) എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. കൂടാതെ 'കഭി ഹാ കഭി നാ', 'ഇംഗ്ലീഷ് ബാബു ദേസി മേം', 'കിങ് അങ്കിൾ' എന്നീ ചിത്രങ്ങളിലും ഇവർ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

