'എന്തൊരു കഷ്ടമാണിത്'; അനുവാദമില്ലാതെ പരസ്യത്തിന് തന്‍റെ പേര് ഉപയോഗിച്ച ആരോഗ്യ ബ്രാൻഡിനെതിരെ നിയമനടപടിയുമായി ആർ. മാധവൻ
text_fieldsആർ. മാധവൻ
തന്റെ അനുവാദമില്ലാതെ പേരും അഭിമുഖത്തിൽ നിന്നുള്ള ദൃശ്യങ്ങളും പരസ്യത്തിനായി ഉപയോഗിച്ച ആരോഗ്യ സംരക്ഷണ ബ്രാൻഡിനെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി പ്രമുഖ നടൻ ആർ. മാധവൻ രംഗത്തെത്തി. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം ഈ വഞ്ചനയെക്കുറിച്ച് ആരാധകരെ അറിയിച്ചത്. തെറ്റായ രീതിയിൽ തന്റെ പേര് ഉപയോഗിച്ച് ജനങ്ങളെ വഴിതെറ്റിക്കാൻ ശ്രമിച്ച ഈ കമ്പനിക്കെതിരെ താൻ ശക്തമായ നിയമനടപടി സ്വീകരിച്ചതായും താരം വ്യക്തമാക്കിയിട്ടുണ്ട്.
ഒരു അഭിമുഖത്തിൽ താൻ നടത്തിയ സംഭാഷണത്തിന്റെ ഒരു ചെറിയ ഭാഗം എടുത്തുമാറ്റി, താൻ ആ ബ്രാൻഡ് നിർദ്ദേശിക്കുകയാണെന്ന രീതിയിലാണ് അവർ ഈ പരസ്യ റീൽ നിർമിച്ചിരിക്കുന്നത്. 'എന്തൊരു കഷ്ടമാണിത്! ഇങ്ങനെയുള്ള ആളുകളും സംഘടനകളും തങ്ങൾക്ക് എന്തും ചെയ്യാമെന്നും ഇതിൽ നിന്നൊക്കെ സുഖമായി രക്ഷപ്പെടാമെന്നും എങ്ങനെയാണ് ചിന്തിക്കുന്നത്? മറ്റൊരാളുടെ അഭിമുഖത്തിലെ ദൃശ്യങ്ങൾ അനുവാദമില്ലാതെ എടുത്ത് നിങ്ങളുടെ ഉൽപ്പന്നത്തിന്റെ പരസ്യമാക്കാൻ നിങ്ങൾക്ക് അവകാശമില്ല. ഇത്തരം വ്യാജന്മാരെക്കുറിച്ച് എല്ലാവരും ജാഗ്രത പാലിക്കുക,' എന്ന് മാധവൻ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
വ്യാജ പരസ്യങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം ബ്രാൻഡുകളെ വിശ്വസിച്ച് പൊതുജനങ്ങൾ എങ്ങനെയാണ് ചികിത്സ തേടുകയെന്നും താരം ചോദിക്കുന്നു. താൻ കേവലം 21 ദിവസത്തിനുള്ളിൽ ശരീരഭാരം കുറച്ചതിനെക്കുറിച്ച് സംസാരിക്കുന്ന പഴയൊരു വിഡിയോ ക്ലിപ്പാണ് ഈ കമ്പനി പരസ്യത്തിനായി ദുരുപയോഗം ചെയ്തത്. ഈ ക്ലിപ്പിന് പിന്നാലെ ഒരാൾ ഡോക്ടറാണെന്ന വ്യാജേന വന്ന് മാധവന്റെ ഈ മാറ്റത്തിന് പിന്നിൽ തങ്ങളുടെ ബ്രാൻഡാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയായിരുന്നു. മാധവനെ കൂടാതെ പ്രമുഖ സംവിധായകൻ കരൺ ജോഹർ, നടൻ രാം കപൂർ എന്നിവരുടെ അഭിമുഖങ്ങളും സമാനമായ രീതിയിൽ ഈ പേജ് ദുരുപയോഗം ചെയ്തിട്ടുണ്ടെന്നാണ് വിവരം. എന്നാൽ മാധവന്റെ നിയമനടപടിയെക്കുറിച്ച് ഈ ബ്രാൻഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

