വക്കാ വക്കാ ഗായിക ഇന്ത്യയിലേക്ക്; മുംബൈയിലും ഡൽഹിയിലും സംഗീതവിരുന്ന്
text_fieldsമുംബൈ: പ്രശസ്ത പോപ്പ് ഗായികയും ഗ്രാമി അവാർഡ് ജേതാവുമായ ഷക്കീറ ഇന്ത്യയിലേക്ക്. ഏപ്രിലിൽ മുംബൈയിലും ഡൽഹിയിലും നടക്കുന്ന ഷോകളിൽ പങ്കെടുക്കും. ഏപ്രിൽ 10ന് മുംബൈയിലെ മഹാലക്ഷ്മി റേസ്‌കോഴ്‌സിലും ഏപ്രിൽ 15 ന് ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലും സംഗീത നിശ നടക്കും.
സൊമാറ്റോയുടെ കീഴിലുള്ള 'ഡിസ്ട്രിറ്റും' 'ഫീഡിംഗ് ഇന്ത്യ' എന്ന സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ഫീഡിംഗ് ഇന്ത്യ കോൺസെർട്ട് 2026'- ന്‍റെ ഭാഗമായാണ് ഷക്കീറ ഇന്ത്യയിൽ എത്തുന്നത്. രാജ്യത്തെ വിശപ്പും പോഷകാഹാരക്കുറവും സംബന്ധിച്ച് അവബോധം വളർത്തുകയാണ് ഈ സംഗീത നിശയുടെ പ്രധാന ലക്ഷ്യം. 2030-ഓടെ 'വിശപ്പില്ലാത്ത ലോകം' എന്ന ഐക്യരാഷ്ട്രസഭയുടെ വികസനലക്ഷ്യത്തെ പിന്തുണക്കുക എന്നതാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യം.
'ഇന്ത്യയിൽ പരിപാടി അവതരിപ്പിക്കുന്നത് എനിക്ക് എപ്പോഴും സവിശേഷമായ ഒന്നാണെ'ന്നാണ് ഷക്കീറയുടെ പ്രതികരണം. 'മുംബൈയിലെയും ഡൽഹിയിലെയും എന്‍റെ ആരാധകരുമായി വീണ്ടും ഒന്നിക്കാൻ കഴിയുന്നതിൽ ഞാൻ ആവേശഭരിതയാണ്. ഫീഡിംഗ് ഇന്ത്യ കോൺസെർട്ട് സംഗീതത്തിന് അപ്പുറമാണ്. ഓരോ കുട്ടിക്കും ആവശ്യമായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നമ്മൾ ഒത്തുചേരേണ്ട ഒന്നാണന്നും' ഷക്കീറ പറഞ്ഞു.
19 വർഷങ്ങൾക്ക് ശേഷമാണ് ഷക്കീറ ഇന്ത്യയിൽ പെർഫോം ചെയ്യാനെത്തുന്നത്. 2007-ൽ മുംബൈയിൽ നടന്ന ഓറൽ ഫിക്സേഷൻ ടൂറിനിടെയാണ് ഷക്കീറ അവസാനമായി ഇന്ത്യയിൽ പരിപാടി അവതരിപ്പിച്ചത്. ദക്ഷിണാഫ്രിക്കയിൽ നടന്ന 2010 ലെ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായി പുറത്തിറങ്ങിയ 'വക്കാ വക്കാ' എന്ന ഗാനമാണ് ഷാക്കിറയെ പ്രസിദ്ധയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

