'മകൾ നേഹ ബോറയെപ്പോലെയാകണം'; ജന്തർമന്തറിലെ പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി വിനീത് ശ്രീനിവാസനും നസ്രിയയും
text_fieldsവിനീത് ശ്രീനിവാസന്‍, നേഹ ബോറ, നസ്രിയ
ജന്തർമന്തറിലെ പ്രതിഷേധത്തിൽ സന്ധിയില്ലാത്ത പോരാട്ടം തുടരുന്ന ഓൾ ഇന്ത്യ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍റെ ദേശീയ പ്രസിഡന്‍റും ജെ.എന്‍.യു സർവകലാശാല ഗവേഷകയുമായ നേഹബോറയെ പ്രശംസിച്ച് സിനിമാ താരങ്ങൾ. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് സിനിമാ ലോകത്തുനിന്നും വൻ പിന്തുണ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ നേഹ ബോറയുടെ റീൽ തന്‍റെ ഇന്‍സ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. ഇതോടൊപ്പം നേഹബോറയെപോലെ ഒരു മകളെയാണ് തനിക്ക് വേണ്ടതെന്ന് താരം കുറിച്ചു.
`അവകാശങ്ങളെക്കുറിച്ച് അറിഞ്ഞ് വളരുന്ന ഒരു മകളെയാണ് എനിക്ക് വേണ്ടത്! ഈ ലോകത്ത് കേവലം അതിജീവനത്തിനായി മാത്രം പഠിച്ച് വളരുന്നതും, പങ്കാളിയെ പരിപാലിക്കുകയാണ് തന്റെ ജീവിതത്തിലെ ഏക ലക്ഷ്യം എന്ന് ചിന്തിക്കുന്നതും എനിക്കിഷ്ടമല്ല. സ്വന്തം മൂല്യമറിയുന്ന, ആരുടെയും സഹായം ആവശ്യമില്ലാത്ത, നിശബ്ദയാക്കപ്പെടാനോ സ്വന്തമായിരിക്കാൻ അനുവാദം വാങ്ങാനോ നിൽക്കാത്ത, ലോകം മുഴുവൻ എതിരായാലും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്ത്രീയായി അവൾ വളരണം. എന്റെ മകൾ ആരായി വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് അറിയാമോ? അവൾ' എന്ന് വിനീത് ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
അതേ സമയം വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നേഹ ബോറയുടെ ചിത്രമുൾക്കൊള്ളുന്ന പോസ്റ്റർ നടി നസ്രിയയും ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ചു. ‘ദസറയുടെ ആദ്യ ദിവസം’ എന്ന അടിക്കുറിപ്പോടെയാണ് താരം പോസ്റ്റർ ഷെയർ ചെയ്തത്. തിന്മക്കുമേൽ മേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന ദസറയുടെ സങ്കൽപത്തെ ഡൽഹിയിലെ സമരങ്ങളോട് ഉപമിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് പിന്തുണ അറിയിച്ച് അവതാരകയായ രഞ്ജിനി ഹരിദാസും തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രതിഷേധം പങ്കുവച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

